
ന്യൂഡൽഹി: രാജീവ് ഗാന്ധി വധ കേസ് പ്രതി പേരറിവാളന് മോചനം. 32 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് പേരറിവാളനെ വിട്ടയച്ചത്. ഭരണഘടനയുടെ 142-ാം അനുഛേദം ഉപയോഗിച്ചാണ് വിധി. പേരറിവാളന് ഇളവ് നല്‍കാന്‍ തമിഴ്നാട് മന്ത്രിസഭ അപേക്ഷ സമര്‍പ്പിച്ചിരുന്നതായി ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ബിആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഭരണഘടനയുടെ 161-ാം അനുച്ഛേദം പ്രകാരമുള്ള അധികാരം വിനിയോഗിക്കുന്നതിൽ തമിഴ്‌നാട് ഗവർണർ കാണിക്കുന്ന കാലതാമസം ജുഡീഷ്യൽ അവലോകനത്തിന് വിധേയമാക്കാമെന്നും ബെഞ്ച് നിരീക്ഷിച്ചു.
രാജീവ് ഗാന്ധി വധക്കേസില്‍ 31 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ് പേരറിവാളന്‍. പത്തൊന്‍പതാമത്തെ വയസ്സിലാണ് പേരറിവാളന്‍ അറസ്റ്റിലാകുന്നത്. രാജീവ് ഗാന്ധിയെ വധിക്കാനായി കൊലയാളികൾക്ക് സ്ഫോടക വസ്തുക്കൾക്കായി ഒമ്പത് വാട്ടിന്റെ രണ്ട് ബാറ്ററികൾ വാങ്ങിക്കൊടുത്തു എന്നതായിരുന്നു കുറ്റം. 1991 ജൂൺ 11ന് പെരിയാർ ചെന്നൈയിലെ തിഡലിൽവച്ചായിരുന്നു സിബിഐ സംഘം പേരറിവാളനെ അറസ്റ്റ് ചെയ്യുന്നത്. അന്ന് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമ പൂർത്തിയാക്കിയിരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ബാറ്ററി വാങ്ങി നല്‍കിയത് എന്തിന് വേണ്ടിയാണെന്ന് പേരറിവാളന് അറിയില്ലായിരുന്നുവെന്ന് പിന്നീട് അന്വേഷണ സംഘാംഗം തന്നെ വെളിപ്പെടുത്തി.
പേരറിവാളനും മറ്റ് 25 പ്രതികൾക്കുമെതിരെ റദ്ദാക്കപ്പെട്ട ടാഡ നിയമപ്രകാരമാണ് (Tada Act)കേസെടുത്തത്. 1998ൽ ടാഡ വിചാരണാകോടതി ഇവര്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. 1999 മെയിൽ സുപ്രീംകോടതി കേസിൽ 19 പേരെ വെറുതെ വിട്ടു. എന്നാൽ മുരുകൻ, ഭാര്യ നളിനി, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ, ശാന്തന്‍, പേരറിവാളൻ എന്നിവരിൽ നാലുപേർക്കെതിരെ വിചാരണാകോടതി വിധിച്ച വധശിക്ഷ ശരിവയ്ക്കുകയും ചെയ്തു. 26 വർഷത്തെ ജയിൽ വാസത്തിന് ശേഷം 2017 ജനുവരി 24നാണ് പേരറിവാളന് ആദ്യമായി പരോൾ അനുവദിച്ചത്.
2018 സെപ്റ്റംബറില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജയില്‍ മോചിതനാകണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസിലെ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതി എ.ജി. പേരറിവാളന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ബെഞ്ച് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. 25 വര്‍ഷത്തിലധികം ശിക്ഷ അനുഭവിച്ച തടവുകാരെ, സുപ്രീം കോടതി മുമ്പ് വിട്ടയച്ചിരുന്നു എന്ന മുന്‍വിധി പരിഗണിച്ച് പേരറിവാളന്റെ മോചനത്തിന് ഉത്തരവിടാന്‍ സുപ്രീംകോടതി തയ്യാറായിരുന്നു. എന്നാല്‍, രാഷ്ട്രപതിയുടെ പക്കലുള്ള ഹര്‍ജി ചൂണ്ടിക്കാട്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന്, വസ്തുതകളുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.