പതിനാറാമത് രാഷ്ട്രപതി തെരഞ്ഞടുപ്പ് ജൂലൈ 18ന്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്.
ജൂണ്‍ 15ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. ജൂണ്‍ 29 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ജൂലൈ 21നാണ് വോട്ടെണ്ണല്‍. രാജ്യസഭാ സെക്രട്ടറി ജനറലാണ് തെരഞ്ഞെടുപ്പിന്റെ വരണാധികാരി.
വോട്ടെണ്ണല്‍ ഡല്‍ഹിയില്‍ നടക്കും. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ആകെ 4,809 വോട്ടുകളാണുള്ളത്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാന്‍ കഴിയില്ലെന്നും സി.ഇ.സി രാജീവ് കുമാര്‍ അറിയിച്ചു. ജൂണ്‍ 30 ന് നാമനിര്‍ദ്ദേശങ്ങളുടെ സൂക്ഷ്മ പരിശോധന നടത്തും. ജൂലൈ 2നു സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം.
നിര്‍ദ്ദിഷ്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ സ്ഥാനാര്‍ത്ഥിക്ക് തന്നെയോ അല്ലെങ്കില്‍ അദ്ദേഹത്തെ നിര്‍ദ്ദേശിച്ചയാള്‍ക്കോ പിന്തുണയ്ക്കുന്നവര്‍ക്കോ നാമനിര്‍ദ്ദേശം സമര്‍പ്പിക്കാം. തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും കോവിഡുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ മുന്‍കരുതലുകളും പ്രോട്ടോക്കോളുകളും നടപ്പിലാക്കും. തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദവും ജൈവ നശീകരണ സാമഗ്രികളുടെ ഉപയോഗം ഉറപ്പാക്കാനും ഇസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന പേന ഉപയോഗിച്ചില്ലെങ്കില്‍ വോട്ട് അസാധുവാകുമെന്ന് കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോക്സഭ, രാജ്യസഭ, സംസ്ഥാന നിയമസഭകള്‍ എന്നിവയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ചേര്‍ന്ന ഇലക്ടറല്‍ കോളജ് ആണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ആനുപാതിക പ്രാതിനിധ്യ രീതിയിലാണ് വോട്ടെടുപ്പ്. സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് നിയമസഭാംഗങ്ങളുടെ വോട്ടിനു മൂല്യം.