കൊച്ചി∙ 2 ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. രാത്രി ഏഴിന് പ്രത്യേക വിമാനത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഹെലികോപ്റ്ററിൽ കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തും. രാത്രി ഏഴരയ്ക്ക് മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതൽ ഗവ.ഗസ്റ്റ് ഹൗസ് വരെ 1.3 കിലോമീറ്റർ റോഡ് ഷോ നടത്തും. നേരത്തെ വൈകിട്ട് ആറിന് റോഡ് ഷോ നടത്തുമെന്നാണ് അറിയിച്ചിരുന്നത്.
നാളെ രാവിലെ 6നു ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്കു പോകും. 7.40 മുതൽ 20 മിനിറ്റ് ക്ഷേത്രത്തിൽ ചെലവഴിക്കും. 8.45നു ക്ഷേത്രത്തിനു മുന്നിലെ കല്യാണമണ്ഡപത്തിൽ നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കും. 9.50ന് ഹെലികോപ്റ്ററിൽ തൃപ്രയാറിലേക്കു പുറപ്പെടും. 10.30നു ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും.
തുടർന്നു കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്കു 12ന് വില്ലിങ്ഡൻ ഐലൻഡിൽ കൊച്ചിൻ ഷിപ്‌യാഡിന്റെ രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രവും ഡ്രൈ ഡോക്കും ഉദ്ഘാടനം ചെയ്യും. വൈപ്പിൻ പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എൽപിജി ഇറക്കുമതി ടെർമിനലും ഉദ്ഘാടനം ചെയ്യും. ഒരു മണിക്ക് എറണാകുളം മറൈൻഡ്രൈവിൽ ബിജെപി ‘ശക്തികേന്ദ്ര പ്രമുഖരുടെ’ സമ്മേളനത്തിൽ പ്രസംഗിച്ചശേഷം ഡൽഹിക്കു മടങ്ങും.