
ദോഹ: ഒരു അറബ് രാജ്യം ആദ്യമായി വേദിയാകുന്ന കാല്പന്തുകളിയുടെ ലോകമേളയ്ക്ക് ഖത്തറിൽ ഇന്ന് കേളികൊട്ടുയരും. ഇന്ത്യൻ സമയം വൈകിട്ട് 7.30 മുതലാണ് ഉദ്ഘാടനച്ചടങ്ങുകൾ നടക്കുക. ഉദ്ഘാടന മത്സരത്തിൽ രാത്രി 9.30ന് ആതിഥേയരായ ഖത്തറുംഇക്വഡോറും ഏറ്റുമുട്ടും. ഈ മത്സരത്തോടെ ഒരു മാസം നീണ്ടുനിൽക്കുന്ന ഫുട്ബാൾ കാർണിവലിന് തുടക്കമാകും.
എക്കാലത്തെയും ചെലവേറിയ ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിനാണ് ഖത്തറിൽ കൊടിയേറുന്നത്. ലോകകപ്പ് തയ്യാറെടുപ്പിനായി 220 ബില്യൺ ഡോളർ ഖത്തർ ചെലഴിച്ചതെന്നാണ് റിപ്പോർട്ട്. 2010ൽ ലോകകപ്പ് മത്സരം ഖത്തറിന് അനുവദിച്ചെന്ന് പ്രഖ്യാപിച്ചത് മുതൽ അടിസ്ഥാന സൗകര്യങ്ങൾക്കും ഫുട്ബാൾ സ്റ്റേഡിയങ്ങൾ ഒരുക്കുന്നതിനും മറ്റുമായി രാജ്യം വൻതോതിൽ പണം ചെലവഴിച്ചിട്ടുണ്ട്.
ആറ്പുതിയ സ്റ്റേഡിയങ്ങൾ ലോകകപ്പിനായി നിർമ്മിച്ചു. ട്രെയിനിംഗ് സൈറ്രുകൾ ഉൾപ്പെടെ നിലവിലുള്ള രണ്ട് സ്റ്റേഡിയങ്ങൾ നവീകരിക്കുകയും ചെയ്തു. ആകെ 6.5 ബില്യൺ മുതൽ 10 ബില്യൺ ഡോളർ വരെയാണ് ഇതിനായി ചെലവഴിച്ചത്.
വിമാനത്താവളങ്ങൾ, പുതിയ റോഡുകൾ, ഹോട്ടലുകൾ ഉൾപ്പെടെയുള്ള ഹബ്ബുകൾ, അണ്ടർഗ്രൗണ്ട് ഗതാഗതം എന്നിവയ്ക്കായി 210 ബില്യൺ ഡോളർ ചെലവഴിച്ചതായും അമേരിക്കൻ സ്‌പോർട്സ് ഫിനാൻസ് കൺസൾട്ടൻസിയായ ഫ്രണ്ട് ഓഫീസ് സ്‌പോർട്സ് റിപ്പോർട്ട് ചെയ്തു.
ദോഹയിൽ ദി പേൾ എന്ന പാർപ്പിട സമുച്ചയത്തിന് മാത്രം 15 ബില്യൺ ഡോളർ ചെലവിട്ടു. ദോഹ മെട്രോയ്ക്കായി ചെലവഴിച്ചത് 36 ബില്യൺ ഡോളറാണ്. ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടിനായി ആഴ്ചയിൽ 500 മില്യൺ ഡോളർ വീതം ചെലഴിച്ചതായി നേരത്തെ ഖത്തറിലെ ധനമന്ത്രിമാർ സമ്മതിച്ചിരുന്നു.
2018ലെ ഫിഫ ലോകകപ്പിനായി റഷ്യ 11.6 ബില്യൺ ഡോളറും 2014ൽ ബ്രസീൽ 15 ബില്യൺ ഡോളറും 2010ൽ ദക്ഷിണാഫ്രിക്ക 3.6 ബില്യൺ ഡോളറുമാണ് ചെലവാക്കിയത്. 2006ൽ ജർമ്മനി 4.3 ബില്യൺ ഡോളറും 2002ൽ ജപ്പാൻ 7 ബില്യൺ ഡോളറും 1998ൽ ഫ്രാൻസ് 2.3 ബില്യൺ ഡോളറും 1994ൽ യു.എസ് 500 മില്യൺ ഡോളറും ചെലവഴിച്ചിരുന്നു.
ലോകകപ്പിന് മുന്നോടിയായി ഖത്തറിലെ എട്ട് സ്‌റ്റേഡിയങ്ങളിലായി ഏകദേശം മൂന്ന് മില്യൺ ടിക്കറ്റുകൾ വിറ്റഴിച്ചതായി ഫിഫ അറിയിച്ചു. 2018ൽ റഷ്യ നേടിയ 5.4 ബില്യൺ ഡോളർ മറികടന്ന് ഖത്തർ റെക്കോർഡ് വരുമാനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജർമ്മനി ആസ്ഥാനമായുള്ള സ്‌പോർട്സ് ഔട്ട്ഫിറ്ററായ കെല്ലർ സ്‌പോർട്സിന്റെ പഠനമനുസരിച്ച്, 2018ലെ മുൻ ഫിഫ ലോകകപ്പിനേക്കാൾ ഖത്തറിലെ ലോകകപ്പ് ടിക്കറ്റുകൾക്ക് 40 ശതമാനം വില കൂടുതലാണ്. ഫൈനൽ മത്സരത്തിനുള്ള ടിക്കറ്റിന് ഏകദേശം 66,200 രൂപയാണ് വില വരുന്നത്. മറ്റ് മത്സരങ്ങളുടെ ടിക്കറ്റുകൾക്ക് ഏകദേശം 27,700 രൂപയാണ് വില വരുന്നത്. ഏകദേശം 3 മില്യൺ ടിക്കറ്റുകൾ ഇതിനകം വിറ്റഴിഞ്ഞതിനാൽ, മൊത്തം ടിക്കറ്റ് വരുമാനം ഏകദേശം 1 ബില്യൺ ഡോളർ ആയിരിക്കും. ടിക്കറ്റുകൾക്ക് പുറമെ 240,000 ഹോസ്പിറ്റാലിറ്റി പാക്കേജുകളും ഫിഫ വിറ്റഴിച്ചിട്ടുണ്ട്.