Spread the love

നടി നടന്മാരുടെ അമിത പ്രതിഫലവും ജിഎസ്ടിക്ക് പുറമെയുള്ള വിനോദ നികുതിയും സിനിമ നിർമാണ ചിലവുകൾ കൂട്ടുന്നുവെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആരോപണവും പിന്നാലെ പ്രഖ്യാപിച്ച സിനിമാ സമരവുമെല്ലാം വലിയ വാർത്തയായിരുന്നു. ഏകപക്ഷീയമായി പ്രഖ്യാപിച്ച സമരമെന്ന തരത്തിൽ അസോസിയേഷനിൽ നിന്നുതന്നെ എതിർപ്പ് വന്നതോടെ പ്രശ്നം വലിയ ചർച്ചകളിലേക്കും വഴക്കുകളിലേക്കും വഴി വച്ചിരുന്നു. പ്രൊഡ്യൂസേർസ് അസോസിയേഷൻ വെെസ് പ്രസിഡന്റായ ജി സുരേഷ് കുമാറായിരുന്നു നിർമ്മാതാക്കൾ അനുഭവിക്കുന്ന പ്രതിസന്ധികൾ മാധ്യമങ്ങളെ അറിയിച്ചതും നീക്കങ്ങൾക്ക് നേതൃത്വം നൽകിയതും. ഇതോടെ താരങ്ങൾ വാങ്ങുന്ന പ്രതിഫലം സിനിമയുടെ ചിലവ് കൂട്ടുന്നുവെന്ന് ആരോപിച്ച ഇതേ നിർമ്മാതാവിന്റെ മകൾ കീർത്തി സുരേഷ് വാങ്ങുന്ന പ്രതിഫലം എത്രയെന്ന രീതിയിൽ ചർച്ചകൾ പുരോഗമിച്ചിരുന്നു. വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് സജി നന്ത്യാട്ട്.

തെന്നിന്ത്യയിൽ വലിയ ആരാധക വൃന്ദമുള്ള കീർത്തി ഈയിടെ ബോളിവുഡിലേക്കും കാൽവെപ്പ് നടത്തിയിരുന്നു. താരം ഒരു സിനിമയ്ക്ക് തന്നെ കോടികളാണ് പ്രതിഫലമായി വാങ്ങുന്നത് എന്നായിരുന്നു വിമർശകരുടെ കുറ്റപ്പെടുത്തൽ. മറ്റ് അഭിനേതാക്കളുടെ അമിത പ്രതിഫലത്തിൽ വിമർശനം നടത്തുന്ന സുരേഷ് കുമാറിന് സ്വന്തം മകളുടെ പ്രതിഫലത്തെ കുറിച്ച് ഒന്നും പറയാനില്ലേ എന്നുമായിരുന്നു വിമർശകരുടെ ചോദ്യം. ഇതിലാണ് വിശദീകരണവുമായി സജി നന്ത്യാട്ട് രംഗത്തെത്തിയിരിക്കുന്നത്.

നിർമാതാക്കളെ ബുദ്ധിമുട്ടിക്കുന്ന താരമല്ല കീർത്തി. സുരേഷ് കുമാർ മകൾ കീർത്തിയോട് പറഞ്ഞത് ഒരു പ്രൊഡ്യൂസറെയും വിഷമിപ്പിക്കരുത്, അമിതമായി പെെസ വാങ്ങരുത് എന്നാണ്. ഒരു സെറ്റിലും പ്രശ്നമില്ലാതെ അവരോട് ചേർന്ന് നിൽക്കുന്ന താരമാണ് അവൾ. പ്രൊ‍ഡ്യൂസറുടെ മനസ് നിറയുന്ന തരത്തിലാണ് പെരുമാറുന്നത്. കാരണം അച്ഛൻ പ്രൊഡ്യൂസറാണെന്ന് കീർത്തിക്ക് അറിയാം സജി നന്ത്യാട്ട് പറയുന്നു.

കീർത്തി സുരേഷ് ഒരു പ്രൊഡ്യൂസറുടെയും കഴുത്തറുത്ത് പെെസ വാങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ സജി നന്ത്യാട്ട് കൊറോണ സമയത്ത് സംഘടനയിലെ പാവപ്പെട്ട തൊഴിലാളികൾ എങ്ങനെ ജീവിച്ചു എന്ന് ഈ വിമർശകർ ആലോചിച്ചിട്ടുണ്ടോ എന്നും ചോദിക്കുന്നു. എന്നാൽ കീർത്തി സുരേഷുൾപ്പെടെയുള്ള ആർട്ടിസ്റ്റുകൾ അന്ന് ധനസഹായം നൽകി തങ്ങളുടെ സഹപ്രവർത്തകരെ സംരക്ഷിച്ചിരുന്നുവെന്നും സജി നന്ത്യാട്ട് വ്യക്തമാക്കി.

Leave a Reply