Spread the love
നടത്തിപ്പിന് ആളില്ല: അഞ്ച് ഹാൾട്ട് സ്റ്റേഷനുകൾ റെയിൽവേ നിർത്തലാക്കി

കോഴിക്കോട്: ടിക്കറ്റ് വിതരണത്തിന് ഏജന്റുമാരില്ലാതായതോടെ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ അഞ്ച് ഹാൾട്ട് സ്റ്റേഷനുകൾ റെയിൽവേ താത്‌കാലികമായി നിർത്തലാക്കി. മലപ്പുറം കുറ്റിപ്പുറത്തിനടുത്തുള്ള പേരശ്ശന്നൂർ, പാലക്കാട് ജില്ലയിലെ കൊടുമുണ്ട, കോഴിക്കോട് ജില്ലയിലെ വെള്ളയിൽ, ചേമഞ്ചേരി, വെള്ളറക്കാട് റെയിൽവേ സ്റ്റേഷനുകളാണ് നിർത്തലാക്കാൻ തീരുമാനിച്ചത്.

പാസഞ്ചർ തീവണ്ടികൾക്ക് മാത്രം സ്റ്റോപ്പുള്ള ഇത്തരം സ്റ്റേഷനുകളിലെ ടിക്കറ്റ് വിതരണം ഏറ്റെടുത്ത് നടത്താൻ ഹാൾട്ട് ഏജന്റുമാർ തയ്യാറാവുന്നില്ല. കമ്മിഷൻ വ്യവസ്ഥയിലാണ് ഇവരെ നിയമിക്കുന്നത്. വരുമാനം കുറവാണെന്നതാണ് പ്രശ്നം. ഒരുമാസത്തേക്ക് 500 രൂപയാണ് ഏറ്റവും കുറഞ്ഞ കമ്മിഷൻ. അതുകൊണ്ടാണ് യാത്രക്കാർ കുറഞ്ഞയിടങ്ങളിൽ ആരും തയ്യാറാവാത്തതും.

ഏജന്റുമാരെ കിട്ടുകയാണെങ്കിൽ ഹാൾട്ട് സ്റ്റേഷനുകളുടെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് റെയിൽവേ ഉത്തരവിൽ പറയുന്നുണ്ട്. ഇതിൽ വെള്ളയിൽ, വെള്ളറക്കാട് റെയിൽവേസ്റ്റേഷനിൽ ടിക്കറ്റ് വിതരണത്തിന് ആളെ കിട്ടിയിട്ടുണ്ടെങ്കിലും നടപടികൾ പൂർത്തിയായിട്ടില്ല. ഈ രണ്ട് സ്റ്റേഷനുകൾ അധികം വൈകാതെ പുനഃരാരംഭിച്ചേക്കും. ചേമഞ്ചേരിയിലേക്ക് ഏജന്റുമാർക്കുവേണ്ടി ശ്രമം നടത്തിയിട്ടും കിട്ടിയില്ലെന്നും റെയിൽവേ അധികൃതർ പറയുന്നു.

പാസഞ്ചർ തീവണ്ടികൾ നിർത്തലാക്കിയതോടെ കോവിഡ് കാലത്ത് ഹാൾട്ട് സ്റ്റേഷനുകൾ അടച്ചിട്ടിരിക്കുകയായിരുന്നു.

Leave a Reply