വൈത്തിരി∙ സിദ്ധാർഥന്റെ മരണത്തെതുടര്‍ന്ന് അടച്ചിട്ട വയനാട് പൂക്കോട് വെറ്ററിനറി കോളജ് തുറന്നു. പെൺകുട്ടികളിൽ ഏറെയും ക്യാംപസിൽ എത്തിയെങ്കിലും ആൺകുട്ടികളിൽ ഭൂരിഭാഗവും എത്തിയില്ല. ഇതിൽ ചിലർ സസ്പെൻഷനിലാണ്.
സിദ്ധാര്‍ഥന്റെ മരണം സംഭവിച്ചതിനു പിന്നാലെ ക്യാംപസിലും ഹോസ്റ്റലിലും സിസിടിവി ക്യാമറ ഉൾപ്പെടെ സ്ഥാപിക്കാൻ നിർദേശം നൽകിയിരുന്നു. സിദ്ധാർഥന്റെ മരണത്തിനു പിന്നാലെ വിവിധ രാഷ്ട്രീയ പാർട്ടികൾ ക്യംപസിന് മുന്നിൽ സമരം ശക്തമാക്കിയതോടെയാണു കോളജ് പൂട്ടിയത്. മാർച്ച് നാലിന് കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകർ ക്യാംപസിലേക്ക് നടത്തിയ സമരം അക്രമാസക്തമായിരുന്നു. ഇതിനു പിന്നാലെ ക്യംപസ് അടയ്ക്കുകയായിരുന്നു.
ഫെബ്രുവരി 18നാണു സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ എന്ന് ഒതുക്കിയ സംഭവം ബന്ധുക്കൾ പരാതി നൽകിയതോടെയാണ് പൊലീസ് വിശദമായി അന്വേഷിക്കാൻ തയാറായത്. തുടർന്നാണ് സിദ്ധാർഥൻ ക്രൂരമർദനത്തിന് ഇരയായ വിവരം പുറത്തുവന്നത്. സഹപാഠികൾ മൂന്ന് ദിവസം മർദിച്ചെന്നും പരസ്യവിചാരണ നടത്തിയെന്നും പൊലീസ് കണ്ടെത്തി. 20 പേരാണ് കേസിൽ അറസ്റ്റിലായത്.