Spread the love
സൗദിയിലെ സ്‌കൂൾ കാന്റീനുകളിൽ ശീതള പാനീയങ്ങൾക്ക് വിലക്ക്‌

റിയാദ് : സൗദിയിലെ സ്‌കൂൾ കാന്റീനുകളിൽ ശീതള പാനീയങ്ങൾ ശക്തമായി വിലക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയ വക്താവ് ഇബ്തിസാം അൽ ശഹ്‌രി പറഞ്ഞു. ശീതള പാനീയങ്ങൾ ആരോഗ്യ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. സ്‌കൂൾ കാന്റീനുകളിൽ വിതരണം ചെയ്യുന്ന വസ്തുക്കൾ ശക്തമായി നിരീക്ഷിക്കും. ആരോഗ്യകരമായ ലഘു ഭക്ഷണങ്ങൾ കാന്റീനുകളിൽ വിദ്യാഭ്യാസ മന്ത്രാലയം ലഭ്യമാക്കുന്നുണ്ട്.
കാന്റീൻ നടത്തിപ്പുകാർ വിതരണം ചെയ്യുന്ന ഭക്ഷണ, പാനീയങ്ങൾ നിരീക്ഷിക്കാൻ പ്രവിശ്യാ വിദ്യാഭ്യാസ വകുപ്പുകൾക്ക് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. കാന്റീൻ നടത്തിപ്പ് കരാർ വളരെ നേരത്തെ ടെണ്ടറുകൾ ക്ഷണിച്ച് സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പുകളോട് ആവശ്യപ്പെട്ടിരുന്നു.
സ്‌കൂൾ പാഠപുസ്തകങ്ങൾ മദ്‌റസതീ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്. ഡിജിറ്റൽ സ്‌കിൽസ്, ആർട്ട് എജ്യുക്കേഷൻ പോലെയുള്ള ചില വിഷയങ്ങളുടേത് ഒഴികെയുള്ള പുസ്തകങ്ങളുടെ അച്ചടിച്ച കോപ്പികളും ലഭ്യമാണ്. മദ്‌റസതീ പ്ലാറ്റ്‌ഫോമിലുള്ള ഡിജിറ്റൽ പാഠപുസ്തകങ്ങൾ സെർച്ച് പ്രക്രിയ വിദ്യാർഥികൾക്ക് എളുപ്പമാക്കുകയും വിവരങ്ങൾ എളുപ്പത്തിൽ നേടാൻ അവരെ സഹായിക്കുകയും ചെയ്യുന്നതായി വിദ്യാഭ്യാസ മന്ത്രാലയ വക്താവ് പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സ്‌കൂൾ ട്രാൻസ്‌പോർട്ടേഷൻ മേഖലയിൽ 27,000 ബസുകൾ പ്രവർത്തിക്കുന്നു. ഇവ പത്തു ലക്ഷത്തിലേറെ വിദ്യാർഥികൾക്ക് യാത്രാ സൗകര്യം നൽകും. 30,000 വികലാംഗ വിദ്യാർഥികൾക്കും യാത്രാ സേവനം ലഭിക്കുന്നുണ്ട്. ഇതിനായി നാലായിരത്തോളം കാറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. നൂർ സിസ്റ്റം വഴി വളരെ നേരത്തെ തന്നെ സ്‌കൂൾ ട്രാൻസ്‌പോർട്ടേഷൻ സേവനത്തിൽ രജിസ്‌ട്രേഷൻ സൗകര്യം ഒരുക്കിയിരുന്നു. കഴിഞ്ഞ അധ്യയന വർഷാവസാനത്തിനു മുമ്പായ#ാണ് രജിസ്‌ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിരുന്നത്. ഇതേ കുറിച്ച് വളരെ നേരത്തെ തന്നെ പരസ്യപ്പെടുത്തുകയും ചെയ്തു. പഠനം ആരംഭിക്കുന്ന ആദ്യ ദിവസം മുതൽ യാത്രാ സൗകര്യം നൽകാൻ ബസുകൾ പരിശോധിക്കുകയും സജ്ജീകരിക്കുകയും ഡ്രൈവർമാരെ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പുതിയ പാഠ്യപദ്ധതികൾ അവതരിപ്പിച്ചും നിലവിലുള്ളവ വികസിപ്പിച്ചും വ്യത്യസ്ത രൂപങ്ങളിൽ പേപ്പർ, ഡിജിറ്റൽ പാഠ്യപദ്ധതികളും കരിക്കുലം വികസന പ്രക്രിയയും മന്ത്രാലയം തുടരുന്നു. എലിമെന്ററി രണ്ടാം ക്ലാസ് ഇംഗ്ലീഷ് പുസ്തകം പരിഷ്‌കരിക്കുകയും സെക്കണ്ടറി തലത്തിൽ പുതിയ പാഠ്യപദ്ധതികൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പഠനം പൂർത്തിയാക്കിയാലുടൻ തൊഴിൽ വിപണിയിൽ നേരിട്ട് പ്രവേശിക്കാൻ സാധിക്കുന്ന നിലയ്ക്ക് ആവശ്യമായ നൈപുണ്യങ്ങൾ നൽകി വിദ്യാർഥികളെ ശാക്തീകരിക്കുന്നതിൽ പാഠ്യപദ്ധതി പരിഷ്‌കരണം ഏറെ പ്രധാനമാണ്. ഡാറ്റാ സയൻസ്, എൻജിനീയറിംഗ്, സാമ്പത്തിക മാനേജ്‌മെന്റ് എന്നീ വിഷയങ്ങൾ യൂനിവേഴ്‌സിറ്റികളിൽ പ്രിപ്പറേറ്റീവ് ഘട്ടത്തിലാണ് നേരത്തെ പഠിപ്പിച്ചിരുന്നത്. ഈ വിഷയങ്ങൾ ഇപ്പോൾ സെക്കണ്ടറി സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇബ്തിസാം അൽ ശഹ്‌രി പറഞ്ഞു.

Leave a Reply