ആകാശത്തെ വിസ്മയങ്ങൾ നമ്മൾ എപ്പോഴും കൗതുകത്തോടെയാണ് കാണാറുള്ളത്. അത്തരമൊരു പ്രതിഭാസമാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. സ്‌ട്രോബറി മൂൺ എന്ന ആകാശക്കാഴ്ചയാണ് ഇന്ന് കാണാനാകുന്നത്. ജൂൺ മാസത്തിലെ ഫുൾമൂൺ പ്രതിഭാസത്തെയാണ് സ്‌ട്രോബറി മൂൺ എന്ന് പറയുന്നത്. എന്നാൽ സ്‌ട്രോബറി പോലെ കാണപ്പെടുന്നത് കൊണ്ടല്ലെ ഇതിന് സ്‌ട്രോബറി മൂൺ എന്ന പേര് വന്നത്.
ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിൽ ഭൂമിക്ക് ഏറ്റവും അടുത്ത പോയിന്റിലായിരിക്കും ഈ സമയം ചന്ദ്രൻ. ഭൂമിയുടെ 2,22,238 മൈലിനുള്ളിലായിരിക്കും ഈ സമയം ചന്ദ്രന്റെ സ്ഥാനം. അതായത് സാധാരണ കാണപ്പെടുന്നതിനേക്കാൾ 16,000ത്തോളം മൈൽ അടുത്താണ് ഇത്.
സാധാരണയായി വർഷത്തിൽ മൂന്നോ നാലോ തവണ സൂപ്പർമൂൺ കാണാനായേക്കും. സാധാരണ പൂർണചന്ദ്രനെക്കാൾ 10 ശതമാനം തെളിച്ചത്തിൽ ആയിരിക്കും ഇന്ന് സ്‌ട്രോബറി മൂൺ കാണാനാകുന്നത്. ഇന്ന് വൈകിട്ട് 5.21 മുതൽ ഇന്ത്യയിലുള്ളവർക്ക് സ്‌ട്രോബറി മൂൺ ദൃശ്യമാകും. ഏറ്റവും വലിപ്പത്തിലും തിളക്കത്തിലും ചന്ദ്രനെ കാണാം എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
അമേരിക്കയിലേയും കാനഡയിലേയും പാരമ്പര്യ ഗോത്രവിഭാഗമായ അൽഗോൻക്വീൻ ആണ് ഈ ചന്ദ്രനെ സ്‌ട്രോബറി മൂൺ എന്ന് വിളിച്ചത്. ഈ പ്രദേശത്തെ സ്‌ട്രോബറി വിളവെടുപ്പിനെ സൂചിപ്പിച്ചാണ് അങ്ങനെ വിളിച്ചത്. സ്‌ട്രോബറി മൂൺ, മിഡ് മൂൺ, ഹണി മൂൺ എന്നെല്ലാം ഈ ആകാശവിസ്മയം അറിയപ്പെടാറുണ്ട്. ഇന്ത്യയിൽ ഇതിന് വത് പൂർണിമ എന്നും വിളിക്കാറുണ്ട്.