
സന്ധ്യ മയങ്ങിയപ്പോൾ മഫ്തിയിലെത്തിയ പൊലീസ് ആവശ്യപ്പെടുന്നു, ‘‘കുറച്ച് കാര്യങ്ങൾ ചോദിക്കാനുണ്ട് കൂടെ വരണം.’’ അന്യരാജ്യത്ത് അവർക്കൊപ്പം പോയ മലയാളി പ്രവാസി പിന്നെ ജയിൽ മോചിതനായത് ഒൻപത് മാസത്തിനു ശേഷമായിരുന്നു. തടവുകാലം ആരംഭിച്ചപ്പോൾ ചെയ്ത കുറ്റമെന്തെന്ന് പോലും അയാൾക്ക് അറിയാനായില്ല. സ്വാതന്ത്ര്യം – ആ വാക്കിന്റെ അർഥവും ആഴവും അറിയണമെങ്കിൽ സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയിലൂടെ കടന്നുപോകണം. പാരതന്ത്ര്യം അനുഭവിച്ചവർക്കാകും സ്വാതന്ത്ര്യം മധുരമുള്ള ഓർമയാകുന്നത്. അത്തരം അനുഭവമുള്ള ഒരാളെയാണ് ഈ സ്വാതന്ത്ര്യ ദിനത്തിൽ പരിചയപ്പെടുന്നത്.
ജയചന്ദ്രൻ മൊകേരി എന്ന മലയാളിയേയും അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയായ ‘തക്കിജ്ജ’യെയും അറിയാത്തവരായി ഒരു പക്ഷേ ഇനിയാരുമുണ്ടാവില്ല. വിദേശ രാജ്യമായ മാലദ്വീപിൽ സ്വാതന്ത്ര്യം നഷ്ടമായി ജയിലിലടയ്ക്കപ്പെട്ട മലയാളി പ്രവാസിയുടെ ആത്മകഥയാണത്. തക്കിജ്ജയിൽ പറയാൻ കഴിയാതിരുന്ന ജയചന്ദ്രന്റെ മോചനം സാധ്യമാക്കിയ ചില ഇടപെടലുകൾ കൂടി ഇവിടെ ചേർത്തു വയ്ക്കാം. ഒപ്പം സ്വാതന്ത്ര്യത്തിന്റെ മൂല്യത്തെ കുറിച്ചും, വിദേശ മണ്ണിൽ അതില്ലാതാ
യപ്പോൾ മലയാളി പ്രവാസിയുടെ സഹായത്തിനായി എത്തിയ കരങ്ങളെക്കുറിച്ചും അറിയാം. ജയചന്ദ്രൻ മൊകേരി മനോരമ ഓൺലൈൻ പ്രീമിയവുമായി സംസാരിക്കുന്നു…
താങ്കളെ പോലെ കുറ്റമെന്താണെന്ന് അറിയാതെ മാനസ്സിക പീഡനം ഏറ്റുവാങ്ങുന്നവർ, ജയിൽ ശിക്ഷ അനുഭവിക്കുന്നവർ വേറെയും കാണില്ലേ?
തീർച്ചയായും ഉണ്ടാവും. പുണെയിലുള്ള എന്റെ സുഹൃത്തിന് സംഭവിച്ച അവസ്ഥ തന്നെ പറയാം. തിരക്കേറിയ ബിസിനസ്സ് സ്ഥാപനത്തിന്റെ ഉടമ തന്റെ ഫ്ലാറ്റ് വാടകയ്ക്ക് നൽകിയപ്പോൾ അടുത്ത ഫ്ലാറ്റിലെ സുഹൃത്തിന്റെ നമ്പർ കൂടി പരസ്യത്തിൽ ചേർത്തു. ആവശ്യക്കാർ വിളിക്കുമ്പോൾ ഫോൺ എടുക്കാനാവണം എന്ന ഉദ്ദേശത്തിലായിരുന്നു അത്. താമസിയാതെ ഫ്ലാറ്റിൽ പുതിയ താമസക്കാരെത്തി. പിന്നീട് ഒരു ദിവസം പൊലീസ് റെയ്ഡ് നടത്തി ഇവിടെ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന പണവും സ്വർണവും കണ്ടെടുത്തു. ഈ സംഭവത്തിൽ വാടക പരസ്യത്തിലെ നമ്പരിന്റെ പേരിൽ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്യാൻ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. രണ്ട് ദിവസത്തോളം നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് തന്റെ നിരപരാധിത്വം തെളിയിക്കാൻ സുഹൃത്തിനായത്.
ഈ സംഭവത്തിന് ശേഷം അദ്ദേഹം എന്നെ ഫോണിൽ വിളിച്ചു. രണ്ട് ദിവസം ശ്വാസം അടക്കിപ്പിടിച്ച്, എന്തും സംഭവിക്കാം എന്ന അവസ്ഥയിലായിരുന്നു അദ്ദേഹം. പറഞ്ഞതൊക്കെ സത്യമാണെന്ന് പൊലീസിന് ബോധ്യമായതുകൊണ്ടു മാത്രമാണ് പുറത്തേക്ക് ഇറങ്ങാൻ കഴിഞ്ഞത്. അപ്പോഴേക്കും നിരപരാധിയായ സുഹൃത്ത് അനുഭവിച്ച മാനസിക പീഡനം സഹിക്കുന്നതിനും അപ്പുറമായിരുന്നു. അപ്പോൾ ഒൻപത് മാസത്തിനടുത്ത് വിദേശ രാജ്യത്ത് ചെയ്യാത്ത കുറ്റത്തിന് അനുഭവിച്ച ജയിൽ വാസം ഞാൻ എങ്ങനെ നേരിട്ടു എന്ന് അദ്ഭുതത്തോടെയാണ് അയാൾ ചോദിച്ചത്.
സ്വാതന്ത്ര്യം, പിന്നീട് ഞൊടിയിടയിൽ അത് നഷ്ടമാവുന്ന അവസ്ഥ, എങ്ങനെയാണ് ഇപ്പോൾ ഇത് രണ്ടിനെയും വിവരിക്കാനാവുന്നത്?
സ്വാതന്ത്ര്യം എന്തെന്നും പാരതന്ത്ര്യം എന്താണെന്നും ഞാൻ പലപ്പോഴും വിശദീകരിച്ചിട്ടുണ്ട്. അത് മാനസികമായ അവസ്ഥ കൂടിയാണ്. ഉദാഹരണത്തിന് നാം ഒരു മുറി പൂട്ടി അതിനകത്ത് കഴിയുന്നതും അതേ മുറി മറ്റൊരാൾ പുറത്ത് നിന്നും പൂട്ടുന്നതും എടുക്കുക. ഇത് രണ്ടിലും സംഭവിക്കുന്നത് ഒരേ കാര്യങ്ങളാണ്. നാം മുറിക്കുള്ളിലാണ്, മുറിയുടെ വാതിൽ പൂട്ടിയിട്ടുമുണ്ട്. ഈ അവസ്ഥയിൽ നമുക്ക് വിഷമം ഉണ്ടാവുകയില്ല. എപ്പോൾ വേണമെങ്കിലും പുറത്ത് കടക്കാമല്ലോ എന്ന ചിന്തയാണ് കാരണം. എന്നാൽ മറ്റൊരാളാണ് പൂട്ടിയതെങ്കിൽ അതായിരിക്കില്ല അവസ്ഥ. അത് സഹിക്കാനാവുന്നതിലും അപ്പുറമാണ്. ഇതൊന്നും വാക്കുകളിലൂടെ പറയുമ്പോൾ പൂർണമായി മനസ്സിലാക്കാൻ ആവില്ല. ആ അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ മാത്രമേ അറിയുവാനാവു.