ഏപ്രില്‍ 22ന് പഹല്‍ഗാം താഴ്‌വരയില്‍ വീണ സ്ത്രീകളുടെ കണ്ണീരിന് ഇന്ത്യ സ്ത്രീകളിലൂടെ തന്നെയാണ് മറുപടി നല്‍കിയിരിക്കുന്നത്. പഹല്‍ഗാമിന് തിരിച്ചടി നല്‍കിക്കൊണ്ട് മെയ് ഏഴിന് പുലര്‍ച്ചെ ഇന്ത്യന്‍ സൈന്യം നടത്തിയ നടപടി വിശദീകരിക്കാനെത്തിയത് കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങുമായിരുന്നു. പോയി മോദിയോട് പറയൂ എന്നാണ് ഭീകരര്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം തങ്ങളോട് പറഞ്ഞതെന്ന് ഷിമോഗ സ്വദേശിയായ പല്ലവി പ്രതികരിച്ചിരുന്നു. പല്ലവിയെ പോലെ ഭര്‍ത്താവ് നഷ്ടപ്പെട്ടയാളാണ് ഹിമാന്‍ഷി നര്‍വാളും. വിവാഹിതയായി മധുവിധു പോലും കഴിയുന്നതിന് മുന്‍പേയാണ് പ്രിയതമന്‍ ഭീകരരുടെ തോക്കിന്‍ കുഴലില്‍ മരിച്ചുവീണത്. ഹിമാന്‍ഷിയെ പോലെ പ്രഗതി ജഗ്‌ദേല്‍, അഷന്യ ദ്വിവേദി, സംഗീത ഗമ്പോതെ, പിന്നേയും നിരവധി പേര്‍..
ഏപ്രില്‍ 22ന് പഹല്‍ഗാം താഴ്‌വരയില്‍ വീണ സ്ത്രീകളുടെ കണ്ണീരിന് ഇന്ത്യ മറുപടി നല്‍കിയിരിക്കുന്നു. വിവാഹിതരായ ആ സ്ത്രീകളുടെ സീമന്തരേഖയിലെ സിന്ദൂരം മായ്ച്ച ആ ദൗത്യത്തിന് സൈന്യം നല്‍കിയ പേര് ഓപ്പറേഷന്‍ സിന്ദൂര്‍. ഭര്‍ത്താവിനെ നഷ്ടപ്പെട്ട ആ സ്ത്രീകളുടെ കണ്ണീരിന് സൈന്യം നല്‍കിയ ആദരമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര്.
വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. ഇന്ത്യ നടത്തിയ സുപ്രധാന നടപടി വിശദീകരിക്കാനെത്തിയ കേണല്‍ സോഫിയയും വിങ് കമാന്‍ഡര്‍ വ്യോമികയും ആരാണ്? എന്തുകൊണ്ടാണ് സേന ഇരുവരേയും ഈ ദൗത്യം ചുമതലപ്പെടുത്തിയത്?.
ഇന്ത്യന്‍ വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ ആണ് വ്യോമിക സിങ്. കുട്ടിക്കാലം മുതല്‍ക്കേ തന്നെ സൈന്യത്തിലും വ്യോമസേനയിലും പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം വ്യോമികയ്ക്കുണ്ടായിരുന്നു. എഞ്ചിനീയറിങ് പഠനത്തിന് ശേഷമാണ് സേനയില്‍ ചേരുന്നത്. 2019 ഡിസംബറിലാണ് ഹെലികോപ്ടര്‍ പൈലറ്റായിക്കൊണ്ടുള്ള പെര്‍മനന്റ് കമ്മീഷന്‍ വ്യോമികയ്ക്ക് ലഭിക്കുന്നത്. 2500 ഫ്‌ളയിങ് മണിക്കൂറുകളാണ് വ്യോമികയുടെ റെക്കോര്‍ഡിലുള്ളത്. ചേതക്, ചീറ്റ തുടങ്ങിയ ഹെലികോപ്ടറുകള്‍ പറത്തിക്കൊണ്ടുള്ള അനുഭവസമ്പത്ത് വ്യോമികയ്ക്കുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളിലും വ്യോമിക തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അരുണാചല്‍ പ്രദേശില്‍ 2020ല്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ വ്യോമിക പങ്കാളിയായിരുന്നു. ഓപ്പറേഷണല്‍ റോളിന് പുറമേ ഉയര്‍ന്ന പ്രതിരോധശക്തി വേണ്ടുന്ന പല ദൗത്യങ്ങളിലും വ്യോമിക പങ്കാളിയായിട്ടുണ്ട്.
സൈനിക പാരമ്പര്യമുള്ളയാളാണ് കേണൽ സോഫിയ ഖുറേഷി. മുത്തച്ഛന്റെ പാത പിന്തുടര്‍ന്നാണ് സോഫിയ സൈന്യത്തിലേക്കെത്തുന്നത്. ഇന്ത്യന്‍ ആര്‍മിയുടെ കോര്‍പ്‌സ് ഓഫ് സിഗ്‌നല്‍സിലെ ഓഫീസറായ കേണല്‍ സോഫിയ ഖുറേഷി നിരവധി നേട്ടങ്ങളിലൂടെ സൈനിക ചരിത്രത്തില്‍ തന്റേതായ സ്ഥാനം നേടിയിട്ടുണ്ട്. 35 വയസ്സുള്ളപ്പോഴാണ് ആസിയാന്‍ പ്ലസ് മള്‍ട്ടിനാഷണല്‍ ഫീല്‍ഡ് ട്രെയിനിങ് എക്‌സര്‍സൈസില്‍ ഇന്ത്യന്‍ ട്രൂപ്പിനെ നയിക്കാനുള്ള ചുമതല സോഫിയയ്ക്ക് ലഭിക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ മിലിട്ടറി ഡ്രില്ലായിരുന്നു ഇത്. പതിനെട്ട് കണ്ടിജെന്റുകള്‍ പങ്കെടുത്ത ഡ്രില്ലിലെ ഏക വനിതാ ഓഫീസറായിരുന്നു സോഫിയ. യു.എന്‍ പീസ് കീപ്പിങ് ഓപ്പറേഷനില്‍ ആറ് വര്‍ഷത്തെ സര്‍വീസ് പരിചയം സോഫിയ ഖുറേഷിക്കുണ്ട്. ഇന്‍ഫന്ററി ബറ്റാലിയനിലെ ഓഫീസറെയാണ് സോഫിയ വിവാഹം ചെയ്തിരിക്കുന്നത്.
പഹല്‍ഗാമിന് ഇന്ത്യ നല്‍കിയ തിരിച്ചടി വിശദീകരിക്കാന്‍ ഇന്ത്യ ഇരുവരേയും ചുമതലപ്പെടുത്തിയത് യാദൃച്ഛികമല്ല. അത് ലോകത്തിന് നല്‍കുന്ന വലിയ പ്രതീകവും സന്ദേശവുമാണ്.