സ്വന്തം വീട്ടിൽ നടക്കുമ്പോൾ മാത്രമേ നമുക്ക് അതിജീവിതമാരുടെ വിഷമങ്ങൾ മനസിലാവൂ എന്ന് നടി അർച്ചന കവി. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ വിവാദങ്ങളേക്കുറിച്ച് സംസാരിക്കുകയായിരുന്നു അവർ. തനിക്ക് മോശം അനുഭവമുണ്ടായില്ലെന്നുകരുതി അയാൾ മറ്റൊരാളെ വേദനിപ്പിക്കില്ല എന്ന് താൻ അർത്ഥമാക്കുന്നില്ല. ആ അതിജീവിതയ്ക്കൊപ്പമാണ് നിൽക്കുന്നത്. ആരോപണവിധേയൻ നിരപരാധിത്വം തെളിയിച്ച് വരുന്നതുവരെ അതിജീവിതയ്ക്കൊപ്പം നിൽക്കും. ഇത്രയും നന്മ ചെയ്യുന്നവർ ഈ ഭൂമിയിൽ വേറെയുണ്ടാവില്ലെന്ന് ചിലരെക്കുറിച്ച് വിചാരിക്കും. അവരായിരിക്കും സിനിമാ സെറ്റുകളിലെ യഥാർത്ഥ തെമ്മാടികൾ. നമ്മുടെ മനസിന്റെ ദൗർബല്യം എന്താണെന്ന് അറിയുന്ന അവർ ഷോട്ടെടുക്കുന്നതിന് തൊട്ടുമുൻപ് എല്ലാവരുടേയും മുന്നിൽവെച്ച് അപമാനിക്കുംവിധം സംസാരിക്കും. അസ്വസ്ഥത തോന്നുമെങ്കിലും ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കേണ്ടിവരുമെന്നും അർച്ചന പറഞ്ഞു.
ഹേമാ കമ്മിറ്റി റിപ്പോർട്ട് വന്നതുമുതൽ മാധ്യമങ്ങൾ തന്റെ നിലപാടറിയാൻ വിളിച്ചുകൊണ്ടിരുന്നുവെന്നും പക്ഷേ വ്യക്തിപരമായി താനതിന് തയ്യാറായിരുന്നില്ലെന്നും സ്വന്തം യുട്യൂബ് ചാനലിലൂടെ അർച്ചന കവി പറഞ്ഞു. ഡബ്ല്യൂ.സി.സിയോടാണ് ആദ്യമായി നന്ദി പറയാനുള്ളത്. സിനിമാ ഇൻഡസ്ട്രിയുടെ ചരിത്രത്തിൽ ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. അവരിൽ കുറച്ചുപേരെ വ്യക്തിപരമായി അറിയാം. അവരുടെ ആ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്നും അറിയാം. അവരെക്കുറിച്ചോർത്ത് അഭിമാനംതോന്നുന്നുവെന്നും അവർ പറഞ്ഞു.
“അഞ്ചും പത്തും വർഷം മുൻപ് നടന്ന കാര്യങ്ങൾ എന്തിനാണ് ഇപ്പോൾ തുറന്നുപറയുന്നതെന്ന് ചോദിക്കുന്നവരുണ്ട്. എന്റെ പ്രായത്തിലുള്ളവർ പോലും ഈ ചോദ്യം ചോദിക്കുന്നുണ്ട്. കുട്ടികളിൽ വിവരങ്ങളാണ് നമ്മൾ നിറച്ചുകൊണ്ടിരിക്കുന്നത്. നിങ്ങൾ സ്കൂളിൽ പഠിക്കുകയാണെന്നും ഒരു വിഷയത്തിൽ രണ്ടുവർഷമായി കുറച്ച് മോശമാണെന്നും കരുതുക. ഇതേവർഷവും പരീക്ഷയെഴുതി ഉത്തരക്കടലാസ് കിട്ടുമ്പോൾ അതേ വിഷയത്തിൽ പരാജയപ്പെട്ടു. ടീച്ചർ പറയുകയാണ് രക്ഷിതാവിനെക്കൊണ്ട് ഒപ്പിടുവിച്ച് കൊണ്ടുവരാൻ,. മാർക്കിനെക്കുറിച്ച് മാത്രം ചിന്തിക്കുന്ന, നിങ്ങളെ മനസിലാക്കുന്ന രക്ഷിതാവല്ല എന്നുകൂടി കരുതുക. ഒരുപാട് കുട്ടികൾ സ്വയം ഒപ്പിട്ട് കൊണ്ടുപോകുമായിരിക്കും. മറ്റുചിലർ അത് എവിടെയെങ്കിലും ഒളിപ്പിച്ചിട്ട് മറന്നുപോയെന്ന് ടീച്ചറോട് കള്ളം പറയും. എങ്കിലും ചിലർ ആ ഉത്തരക്കടലാസിൽ ഒപ്പിടുവിക്കാൻ രക്ഷിതാക്കളെ കാണിക്കും.
അടുത്തദിവസം രാവിലെ സ്കൂളിൽ പോകുന്നതുവരെ, അച്ഛൻ ആ പേപ്പറിൽ ഒപ്പിട്ട് കിട്ടുന്നതവരെയുള്ള ഒരു മാനസിക സംഘർഷമുണ്ടല്ലോ. നിങ്ങളെ മനസിലാക്കുന്ന രക്ഷിതാവല്ല ആ വീട്ടിലെങ്കിൽ ഒരിക്കലും നിങ്ങൾ പെട്ടന്ന് ആ കാര്യം ചെയ്യില്ല. പല കാര്യങ്ങളും മനസിൽ ആലോചിച്ച് ഉറപ്പിക്കും. അത്രയേറെ തയ്യാറെടുപ്പുകൾ നടത്തും. അച്ഛനിൽനിന്ന് കിട്ടാൻ പോകുന്ന ശിക്ഷയേക്കുറിച്ചുള്ള ഭയം ചിന്തിക്കുന്നതിലും അപ്പുറമായിരിക്കും. ഇതാണ് തുറന്നുപറയാൻ തയ്യാറാവുന്ന ഒരു അതിജീവിതയും അഭിമുഖീകരിക്കുന്ന കാര്യം. ഞാൻ പന്ത്രണ്ടാംതരത്തിൽ കണക്കിന് പരാജയപ്പെട്ടയാളാണ്. ഇപ്പോഴും ഉറക്കത്തിൽ കണക്ക് ചെയ്യാൻ കിട്ടുന്നതായി സ്വപ്നം കാണാറുണ്ട്. എന്നിട്ട് ഞെട്ടിയെഴുന്നേൽക്കും. അതിജീവിതകൾ കടന്നുപോയതുമായി വെച്ചുനോക്കുകയാണെങ്കിൽ ഇതൊന്നും ഒന്നുമല്ല. അപ്പോൾ അവർ അനുഭവിച്ചതും കടന്നുപോയതുമായ സാഹചര്യങ്ങൾ നമുക്കൊരിക്കലും ജഡ്ജ് ചെയ്യാൻ പറ്റില്ല. നമുക്കതിനുള്ള അവകാശമില്ല.” നടി അഭിപ്രായപ്പെട്ടു
പരിക്കുപറ്റിയാൽ ഓരോരുത്തർക്കും മുറിവുണങ്ങുന്നത് വ്യത്യസ്ത സമയങ്ങളിലായിരിക്കും. അതുകൊണ്ട് എന്തുകൊണ്ട് ഇത്തരം കാര്യങ്ങൾ തുറന്നുപറയുന്നതിന് ഇത്രയും സമയമെടുക്കുന്നതെന്തിനെന്ന് ചോദിക്കുന്നത് ദയവുചെയ്ത് നിർത്തണം. അവർ തുറന്നുപറയാനായി വന്നല്ലോ, അവരെ എങ്ങനെ സഹായിക്കണം എന്നാണ് ആലോചിക്കേണ്ടത്. സ്വന്തം വീട്ടിൽ നടക്കുമ്പോൾ മാത്രമേ നമുക്ക് ഇവരുടെ വിഷമങ്ങൾ മനസിലാവൂ. അങ്ങനെയല്ലാത്തപക്ഷം അതൊരു വിഷമകരമായ കാര്യമാണെന്നും അർച്ചന കവി പറഞ്ഞു.