Spread the love

വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത് സൂര്യ നായകനായി എത്തിയ ആക്ഷൻ ഹൊറർ ചിത്രമായിരുന്നു ‘മാസ്’. ഒരു സിംപിൾ സിനിമയാണ് ആണ് പ്ലാൻ ചെയ്തതെന്നും കഥയിൽ സൂര്യയുടെ നിർദ്ദേശപ്രകാരം വരുത്തിയ മാറ്റങ്ങളാണ് ‘മാസി’ന്റെ പരാജയകാരണമെന്നും സംവിധായകൻ വെങ്കട്ട് പ്രഭു പറയുന്നു. സിനിമയുടെ ഫസ്റ്റ് ഹാഫ് മുഴുവൻ ഫൺ രീതിയിലാണ് താൻ ട്രീറ്റ് ചെയ്യാൻ ആഗ്രഹിച്ചത്. എന്നാൽ ‘മങ്കാത്ത’ പോലെയൊരു സിനിമ ചെയ്തതുകൊണ്ട് സിനിമയിൽ ഒരുപാട് മാസ്സ് എലെമെന്റുകൾ വേണം, ആക്ഷൻ സീനുകൾ വേണം, സിനിമയുടെ സ്കെയിൽ വലുതാക്കണം എന്ന് സൂര്യ സാറിന്റെ ഭാഗത്ത് നിന്നും നിർദ്ദേശം വന്നപ്പോൾ അത് കഥയെ ഒരുപാട് മാറ്റിയെന്നും വെങ്കട്ട് പ്രഭു ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ചെന്നൈ 28’, ‘മങ്കാത്ത’, ‘മാനാട്’ ഈ സിനിമകളിലൊന്നും ഞാൻ ഒന്നും മാറ്റിയിട്ടില്ല. എന്റെ വിഷൻ എന്തായിരുന്നോ അത് ഞാൻ കൃത്യമായി ചെയ്തിട്ടുണ്ട്. ചില സമയങ്ങളിൽ പ്രൊഡക്ഷൻ സൈഡിന്റെ നിർബന്ധം കാരണവും അല്ലെങ്കിൽ ആ ഇൻഡസ്ട്രിയുടെ സ്വഭാവം കാരണം എനിക്ക് മാറ്റങ്ങൾ വരുത്തേണ്ടതായി വന്നിട്ടുണ്ട്. ‘ഗോട്ടി’ൽ എന്റെ ഐഡിയ അതുപോലെ എനിക്ക് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. എന്താണോ ഞാൻ നിർമാതാക്കളോടും വിജയ് സാറിനോടും പറഞ്ഞത് അത് തന്നെയാണ് ഞാൻ സിനിമയാക്കിയത്. അവരും എന്നോട് ഒരു മാറ്റവും പറഞ്ഞിട്ടില്ല’, എന്നും വെങ്കട്ട് പ്രഭു പറഞ്ഞു.

നയൻ‌താര, പ്രേംജി, സമുദ്രക്കനി എന്നിവരായിരുന്നു മാസിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. ഇരട്ട വേഷത്തിലാണ് സൂര്യ ചിത്രത്തിലെത്തിയത്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിനായി സംഗീതം കൈകാര്യം ചെയ്തത്. വിജയ്‌യെ നായകനാക്കി ഒരുങ്ങുന്ന ‘ദി ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈം’ ആണ് ഇനി പുറത്തിറങ്ങാനുള്ള വെങ്കട്ട് പ്രഭു ചിത്രം. ഒരു ബിഗ് ബഡ്ജറ്റ് സ്പൈ ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന ‘ഗോട്ടി’ൽ നായികയായി എത്തുന്നത് മീനാക്ഷി ചൗധരി, സ്നേഹ എന്നിവരാണ്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം. എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

Leave a Reply