മെഗാസ്റ്റാർ മമ്മൂട്ടിയും നടൻ വിനായകനും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണത്തിന് തുടക്കം. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടിക്കൊപ്പം മമ്മൂട്ടി കമ്പനിയാണ് നിർമിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും ഇന്ന് നടന്നു. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. ബിഗ് ബി, ഡാഡി കൂൾ, ബെസ്റ്റ് ആക്ടർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് തുടങ്ങിയ സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
പുതിയ ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്നും റിപ്പോർട്ടുകളുമുണ്ട്. വൻ താരനിര തന്നെ സിനിമയുടെ ഭാഗമാകുമെന്നും ക്രൈം ത്രില്ലർ ജോണറിലാണ് ചിത്രം കഥ പറയുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ജോമോൻ ടി ജോൺ ആയിരിക്കും ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുക. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം.