Spread the love

പത്തനംതിട്ട കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ കഴിഞ്ഞ ദിവസം കഥകളിവേദിയിൽ ഉത്തരന്റെ പത്നിയായി നിറഞ്ഞാടി. ഒരു ജില്ലയുടെ ഉത്തരവാദിത്തം ചുമലിലേറ്റി നിൽക്കുമ്പോൾ, തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ ഇഷ്ടപ്പെട്ട പല കാര്യങ്ങളും ഒഴിവാക്കേണ്ടി വന്നേക്കാം. എന്നാൽ ഈ കലക്ടർ അങ്ങനെയല്ല. ‘‘പാഷനു പുറകേ പോകുന്നത് എളുപ്പമാണെന്ന് ഞാൻ പറയുന്നില്ല, പക്ഷേ ഒരുപാട് ആഗ്രഹിച്ച് ചെയ്തതാണ് ഈ വേഷം.’’ ഡോ. ദിവ്യ പറയുന്നു.

കഥകളി കയ്യെത്താദൂരത്തല്ല

പണ്ടുമുതലേ എന്റെ ബക്കറ്റ് ലിസ്റ്റിൽ ഉള്ള കാര്യമായിരുന്നു കഥകളി ചെയ്യണമെന്നുള്ളത്. മുൻപ് ഡൽഹിയിൽ വച്ച് ഒരിക്കൽ കഥകളി വേഷം കെട്ടിയിട്ടുണ്ട്. പിന്നീട് കഥകളി വർക്‌ഷോപ്പിലും പങ്കെടുത്തിട്ടുണ്ട്. പക്ഷേ കാര്യമായി പഠിക്കാൻ അവസരം കിട്ടിയത് അയിരൂർ കഥകളി ഗ്രാമത്തിൽ വച്ചാണ്.

വളരെ സങ്കീർണവും വിപുലവുമായ കലാരൂപമാണ് കഥകളി. കുട്ടിക്കാലത്ത് നമുക്ക് അത് എത്തിപ്പിടിക്കാവുന്ന ഒന്നായി തോന്നിയിട്ടില്ല. അമ്പലങ്ങളിലും ദൂരദർശനിലുമൊക്കെ കഥകളി കണ്ടിട്ടുണ്ട്, കഥകളി സംഗീതം പഠിക്കുകയും ചെയ്തിട്ടുണ്ട്. അതല്ലാതെ കഥകളിയുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. എന്നാൽ കേരളത്തിനു പുറത്തേക്കു പോയപ്പോഴാണ് കഥകളി നമ്മുടെ നാടിന്റെ മുഖമുദ്ര തന്നെയാണെന്നു മനസ്സിലായത്. ലോകത്ത് എവിടെ നിന്നുളളവരാണെങ്കിലും കേരളത്തെപ്പറ്റി ഓർക്കുമ്പോൾ കഥകളി മുഖം ഓർമയിൽ വരും. പിന്നെ കഥകളിയെപ്പറ്റി കുറച്ചു വായിച്ചു. മസൂറിയിൽ ഐഎഎസ് അക്കാദമിയിൽ വച്ച് ഒരിക്കൽ കഥകളി വേഷം കെട്ടിയിട്ടുണ്ട്. നാടിന്റെ കലയും സംസ്കാരവും മറ്റുള്ളവർക്കു മനസ്സിലാക്കിക്കൊടുക്കുക എന്നതായിരുന്നു ഉദ്ദേശ്യം. അന്ന് കഥകളി കുറച്ചു പഠിച്ചതിനു ശേഷമാണ് ചെയ്തത്.

ഉത്തരവാദിത്തം ഒരുപോലെ

ഓഫിസ് കാര്യങ്ങൾ നോക്കണം, മകനെ നോക്കണം, വീട്ടുകാര്യങ്ങളിൽ ശ്രദ്ധിക്കണം. എങ്ങനെയാണ് ഇതെല്ലാം മാനേജ് ചെയ്യുന്നത് എന്ന ചോദ്യം പലപ്പോഴും കേൾക്കാറുണ്ട്. എന്നാൽ സ്ത്രീകളാണ് ഇപ്പോഴും ഇത്തരം ചോദ്യങ്ങൾ നേരിടുന്നത്. എല്ലാ ഉത്തരവാദിത്തങ്ങളും തുല്യമായി പങ്കിടുന്ന കുടുംബങ്ങളുമുണ്ട് സമൂഹത്തിൽ. പക്ഷേ നിന്റെ ഉത്തരവാദിത്തം ഞാനും കൂടി ഏറ്റെടുക്കാം എന്നേ ആവുന്നുള്ളു. മറിച്ച് ഇത് നമ്മുടെ ഉത്തരവാദിത്തമാണ് എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയിട്ടില്ല. അങ്ങനെയൊരു അവസ്ഥ വരാത്തിടത്തോളം, എല്ലാം എങ്ങനെ മാനേജ് ചെയ്യുന്നു എന്ന ചോദ്യം ഇനിയും ആവർത്തിക്കപ്പെടും.

സമയം വില്ലനല്ല

ജീവിതത്തിൽ പല കാര്യങ്ങളും ചെയ്യാൻ സമയമില്ലെന്ന് പറയാറുണ്ട്. എന്നാൽ സമയം എല്ലാവർക്കും ഉണ്ട്. ഏതു കാര്യങ്ങൾക്കാണ് മുൻഗണന നൽകുന്നത് എന്നതിലാണ് കാര്യം. പൊതുവേ ടൈം മാനേജ്മെന്റ് എന്ന വിഷയത്തിൽ കുട്ടികളോടു സംസാരിക്കുമ്പോൾ ഞാൻ എപ്പോഴും പറയാറുള്ള ഒരു കാര്യമുണ്ട്. സമയം വില്ലനല്ല. പഠിക്കുമ്പോളും ജോലി ചെയ്യുമ്പോഴും സമയം ഒരു വില്ലനാണ് എന്ന രീതിയിലാണ് പലരും സംസാരിച്ചു കേട്ടിട്ടുള്ളത്. സമയം വളരെക്കുറച്ചേ ഉള്ളു, ജീവിതവും ചെറുതാണ് എന്നൊക്കെയാണല്ലോ പറയുന്നത്. എന്നാൽ അതിൽ ഞാൻ വിശ്വസിക്കുന്നില്ല. എല്ലാവർക്കും സമയമുണ്ട്. അതുകൊണ്ടുതന്നെ. സമയമില്ലാത്തതുകൊണ്ട് വരാൻ പറ്റില്ല, ചെയ്യാൻ പറ്റില്ല എന്നൊന്നും ഞാൻ ആരോടും പറയാറില്ല.

ഓ, മാഡത്തിനു സമയം കാണില്ല, തിരക്കായിരിക്കും എന്നൊക്കെ പലരും ഇങ്ങോട്ടു പറയാറുണ്ട്. അല്ലാതെ ഞാനായിട്ട് അങ്ങനെ പറയാറില്ല. അവർ പറയുന്നതു കേൾക്കുമ്പോൾ ഞാനത് സമ്മതിച്ചുകൊടുക്കും.
സാരി പോലെയാണ് സമയം. ശരീരപ്രകൃതി ഏതാണെങ്കിലും നമ്മളെ ചുറ്റിപ്പറ്റി കൃത്യമായി അത് വരും. സമയവും അങ്ങനെയാണ്. ഒരു ചട്ടക്കൂടിനകത്ത് സമയത്തെ ഇട്ടതിനു ശേഷം ഇതിനകത്ത് ഞാൻ ഓരോ കാര്യങ്ങൾ നിറയ്ക്കാൻ പോവുകയാണെന്നു പറഞ്ഞാൽ അത് ശരിയല്ല. അപ്പോൾ സ്വാഭാവികമായും നമുക്ക് സമയമില്ലെന്നു തോന്നാം. ഇത്രയും കാലത്തിനിടയ്ക്ക് എന്തു പ്ലാൻ ചെയ്യുമ്പോഴും, എനിക്ക് ഇതിനു സമയമുണ്ടോ എന്നു ഞാൻ എന്നോടു ചോദിച്ചിട്ടേയില്ല. പഠനകാലത്തൊക്കെ ഒരുപക്ഷേ അത് അബദ്ധമായേക്കാം. പക്ഷേ എന്നെ സംബന്ധിച്ച് അതൊരു ശരിയായ തീരുമാനമായിരുന്നു. ചെയ്യേണ്ട കാര്യങ്ങളിൽ ഫോക്കസ് ചെയ്ത്, എന്താണ് മുൻഗണന എന്നു നോക്കിയാൽ സമയത്തെ നന്നായി വിനിയോഗിക്കാൻ പറ്റും, നമ്മൾ അതിനു വേണ്ടി സമയം കണ്ടെത്തുകയും ചെയ്യും. ജീവിതം ഇങ്ങനെ പടർന്ന് ഒഴുകുകയല്ലേ, സമയമൊക്കെ വന്നോളും.

കുട്ടിക്കാലത്ത് എന്നെ സ്വാധീനിച്ച ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു വി. പി. ജോയ്. പത്താം ക്ലാസിൽ എനിക്ക് റാങ്ക് ഉണ്ടെന്ന് അദ്ദേഹമാണ് എന്നെ വിളിച്ചറിയിക്കുന്നത്. പിന്നീട് അദ്ദേഹം ചീഫ് സെക്രട്ടറി ആയിരുന്നപ്പോഴാണ് ഞാൻ കലക്ടറായി ജോയിൻ ചെയ്യുന്നത്, അതൊരു ഭാഗ്യമായാണ് ഞാൻ കാണുന്നത്. അന്ന് പത്താം ക്ലാസിൽ ഞങ്ങളെ അഭിനന്ദിക്കുന്ന വേദിയിൽ ആർച്ചു പോലുള്ള നല്ല ഭംഗിയിൽ തിളങ്ങുന്ന ക്ലോക്കുകളാണ് സമ്മാനമായി വച്ചിരുന്നത്. സാർ അന്ന് വേദിയിലുണ്ട്. പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞു, ഞാൻ നിങ്ങൾക്കു തരേണ്ട സമ്മാനം ക്ലോക്ക് ആണെന്ന് അറിയാം. പക്ഷേ നിങ്ങളാരും ഈ ക്ലോക്ക് നോക്കി പഠിക്കരുത്. സാർ നർമ്മത്തിൽ പൊതിഞ്ഞാണ് അത് പറഞ്ഞതെങ്കിലും എല്ലാവരും ഒന്നു ഞെട്ടി. നല്ല വിദ്യാർഥികൾ ക്ലോക്ക് നോക്കരുതെന്ന അര്‍ഥത്തിലാണ് അദ്ദേഹമന്ന് സംസാരിച്ചത്. പഠിക്കുന്ന കാര്യത്തിൽ ആവണം ശ്രദ്ധ, അല്ലാതെ അര മണിക്കൂർ കൊണ്ട് ഞാനിതു പഠിച്ചു തീര്‍ക്കും എന്ന് പറഞ്ഞാൽ കാര്യമില്ല. ഒന്നും നിങ്ങളുടെ തലയിൽ കയറില്ല എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. അത് വളരെ ശരിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതെല്ലാം മനസ്സിൽ ഇപ്പോഴും ഉള്ളതുകൊണ്ടാണ് കഥകളിക്കും സമയം കണ്ടെത്തിയത്.

Leave a Reply