മലബാറിലേക്കുള്ള ട്രെയിനുകളുടെ വേഗം കൂട്ടുന്ന പദ്ധതിയിൽ റെയിൽവേക്ക് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി കുറ്റിപ്പുറത്തെ ‘റ’ വളവ്. ഷൊർണൂർ മുതൽ മംഗളൂരുവരെയുള്ള 288 വളവുകളിൽ ഏറ്റവും വലിയതും സ്റ്റേഷൻ നിലകൊള്ളുന്നതുമായ ഭാഗമാണ് കുറ്റിപ്പുറത്തേത്. 700 മീറ്ററോളം നീളംവരുന്ന പ്ലാറ്റ്ഫോമുകൾക്കിടിയിലെ 4 ട്രാക്കുകളും ‘റ’ ആകൃതിയിലുള്ളതാണ്. കുറ്റിപ്പുറം സ്റ്റേഷനിലെ പ്ലാറ്റ് ഫോമുകളും ഇത്തരത്തിൽ അർധ വൃത്താകൃതിയിലാണ് നിർമിച്ചിരിക്കുന്നത്.
2024 ഓഗസ്റ്റ് 15 മുതൽ കേരളത്തിലെ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 130 കിലോമീറ്ററിലേക്ക് ഉയരുമ്പോൾ കുറ്റിപ്പുറത്തെ വളവ് നിവർത്തലാണ് റെയിൽവേക്കു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. സ്റ്റേഷൻ നിലകൊള്ളുന്നത് വളവിലായതിനാൽ പ്ലാറ്റ്ഫോമുകളടക്കം മാറ്റി സ്ഥാപിക്കേണ്ടിവരും. ദീർഘ വൃത്താകൃതിയിലുള്ള വളവ് നിവർത്തണമെങ്കിൽ സമീപത്തുള്ള ബംഗ്ലാംകുന്നിന്റെ ഒരുഭാഗം ഏറ്റെടുക്കേണ്ടിവരും. ഈ ഭാഗത്ത് ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണ്.
കുറ്റിപ്പുറത്ത് സ്റ്റോപ്പില്ലാത്ത ട്രെയിനുകൾക്കാണ് നിലവിലെ വളഞ്ഞപാത ഭീഷണിയാവുക. 130 കിലോമീറ്റർ സ്പീഡിൽ ട്രെയിനുകൾക്ക് കടന്നുപോകാൻ കഴിയില്ല. മറ്റൊരുവഴി കുറ്റിപ്പുറം സ്റ്റേഷൻ എത്തുന്നതിന് മുൻപായി ഷൊർണൂർ ഭാഗത്തുനിന്നുള്ള ട്രാക്കിൽ നിന്ന് സ്റ്റേഷനുമായി ബന്ധിപ്പിക്കാതെ ബൈപാസ് ട്രാക്ക് നിർമിക്കുകയാണ്.
ഇത്തരത്തിൽ ട്രാക്ക് നിർമിക്കുമ്പോഴും പുതിയ ആറുവരിപ്പാതയും കുറ്റിപ്പുറം ചെല്ലൂർക്കുന്നുമെല്ലാം തടസ്സം സൃഷ്ടിക്കും. അടുത്ത ഒരുവർഷത്തിനകം മുഴുവൻ വളവുകളും നിവർത്താനാണ് റെയിൽവേയുടെ പദ്ധതി.ഷൊർണൂർ മുതൽ മംഗളൂരുവരെയുള്ള ഭാഗത്തെ 288 വളവുകൾ നികത്താനും മറ്റു ക്രമീകരണങ്ങൾക്കുമായി 32.205 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഷൊർണൂർ–കോഴിക്കോട് പാതയിൽ വലുതും ചെറുതുമായി 81 വളവുകളാണ് നിവർത്തേണ്ടത്.