മുഖകാന്തി വർദ്ധിപ്പിക്കുന്നതിനായി പുതിയ മാർഗങ്ങൾ അന്വേഷിക്കുന്നവരാണ് നമ്മളിൽ പലരും. കഞ്ഞിവെള്ളം മുതൽ വിലപ്പിടിപ്പുള്ള ബ്രാൻഡഡ് സാധനങ്ങൾ വരെ സൗന്ദര്യ വർദ്ധനത്തിന് ഉപയോഗിക്കാറുണ്ട്. മുഖത്തുള്ള കുരുക്കളും പാടുകളും ഇല്ലാതാക്കി മുഖകാന്തിയ്‌ക്ക് വേണ്ടി ഓരോ പരീക്ഷണങ്ങൾ നടത്തുന്നവർക്കായി ഒരു ഫെയ്സ്പാക്ക് പരിചയപ്പെടുത്താം. തൈര് വിവിധ രീതിയിൽ ഫെയ്സ്പാക്കായി ഉപയോഗിക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും സ്ഥിരമായി പരീക്ഷിക്കാൻ പലർക്കും മടിയായിരിക്കും. എന്നാൽ മടി മാറ്റി ഇതൊന്ന് സ്ഥിരമായി ഉപയോഗിച്ച് നോക്കിയാൽ ഫലങ്ങൾ കണ്ടറിയാം.
കാത്സ്യം, വിറ്റാമിൻ ബി, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ നിരവധി പോഷക ഘടകങ്ങൾ അടങ്ങിയ ഒന്നാണ് തൈര്. ശരീരത്തിന് മാത്രമല്ല, ഇത് ചർമകാന്തിയ്‌ക്കും അത്യുത്തമമാണ്. തൈരിൽ അടങ്ങിയിട്ടുള്ള ലാക്ടിക് ആസിഡ് ചർമത്തിന് സ്വാഭാവിക തിളക്കം നൽകുകയും കരുവാളിപ്പ് മാറ്റുകയും ചെയ്യുന്നു. അകാല വാർദ്ധക്യം ഇല്ലാതാക്കാനും തൈര് സഹായകരമാണ്. തൈരിലുള്ള ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതകളും ഇല്ലാതാക്കുന്നു.
കാപ്പിപ്പൊടിയും മഞ്ഞളും തൈരും ചേർത്ത് കലർത്തി മുഖത്ത് പുരട്ടുന്നത് കരുവാളിപ്പ് മാറാൻ സഹായിക്കും. ഇതുപോലെ കടലമാവും മഞ്ഞളും തൈരും ചേർത്ത് മുഖത്ത് പുരട്ടുന്നതും മുഖകാന്തിയ്‌ക്ക് ഉത്തമമാണ്. തൈര് ഫെയ്സ്പാക്ക് മുഖത്ത് പുരട്ടി 20 മിനിറ്റോളം വച്ചതിന് ശേഷം കഴുകി കളയാവുന്നതാണ്.