
സഹിഷ്ണുതയും സഹവർത്തിതവും എല്ലാവരും കണ്ടുപഠിക്കേണ്ട രാജ്യമാണ് യുഎഇ. രാജ്യം മുന്നോട്ടുവയ്ക്കുന്ന സാഹോദര്യത്തിന്‍റെ സന്ദേശത്തിന് ഉദാഹരണങ്ങൾ അനവധിയാണ് ഇവിടെ. ദുബായിയിൽ പണിതുകൊണ്ടിരിക്കുന്ന ഹിന്ദുക്ഷേത്രം അതിലൊന്ന് മാത്രം. രണ്ട് വർഷം മുന്‍പ് നിർമാണം തുടങ്ങിയ ക്ഷേത്രം ഒക്ടോബറിൽ ആരാധനയ്ക്കായ് തുറന്നുകൊടുക്കും. ജബൽ അലിയിൽ ക്ഷേത്രത്തിന്‍റെ പണി അതിവേഗം പുരോഗമിക്കുകയാണ്. അവസാനവട്ട മിനുക്ക് പണികളാണ് നടക്കുന്നത്. ഇന്ത്യൻ- അറബ് വാസ്തുശിൽപ പാരമ്പര്യം കോർത്തിണക്കിയാണ് ക്ഷേത്രം ഒരുങ്ങുന്നത്. യുഎഇ മുന്നോട്ടുവയ്ക്കുന്ന സഹിഷ്ണുതയും മതേതരചിന്തയും അന്വർഥമാക്കി സിഖ് ഗുരുദ്വാരയോടും ക്രിസ്ത്യൻ പള്ളികളോടും ചേർന്നാണ് പുതിയ ക്ഷേത്രം. എല്ലാദേശക്കാർക്കും ഭാഷക്കാർക്കും മതവിശ്വാസികൾക്കും ഇവിടെവരാം. പ്രാർഥിക്കാം. സഹവർത്തിത്തതിനാണ് പ്രാമുഖ്യം.
2019ൽ ഭൂമിയേറ്റെടുത്ത ക്ഷേത്രത്തിന്‍റെ പണി. 2020 ഓഗസറ്റിലാണ് തുടങ്ങിയത്. 25000 ചതുരശ്ര അടി ഭൂമിയിൽ നാലു നിലകളിലായാണ് നിർമാണം. ഒന്നാം നിലയിലാണ് ആരാധന. പരമശിവനാണ് മുഖ്യപ്രതിഷ്ഠ. കൂടാതെ മറ്റ് 15 മൂർത്തികളുടെ പ്രതിഷ്ഠകളും ഇവിടെയുണ്ടാകും. മുകളിലെ നിലയിലൊരുക്കിയ വലിയ ഹാളിന് ചുറ്റുമായാണ് ശിവപരിവാർ എന്നപേരിൽ പ്രതിഷ്ഠകൾ. ശാന്തിയുടെയും അഭിവൃദ്ധിയുടെയും പ്രതീകമായി ഹാളിന് മുകളിൽ മധ്യഭാഗത്തായി താമര കാണാം. ഇവിടെ 108 അലങ്കാര മണികൾ ഒരുക്കും. സിഖ് മതസ്തരുടെ വിശുദ്ധഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബിനായി പ്രത്യേക മുറി . തുളസി തറയും ഹോമകുണ്ഡവുമെല്ലാം ക്ഷേത്രത്തിൽ ഒരുങ്ങുന്നുണ്ട്.
കമ്യൂണിറ്റി സെന്‍റും നോളജ് സെന്‍ററുമാണ് ഗ്രൌണ്ട് ഫ്ലോറിൽ ഒരുക്കിയിരിക്കുന്നത്. വിവാഹം ഉൾപ്പെടെയുള്ള ഒത്തുചേരലുകൾക്കും മറ്റുമായി കമ്യൂണിറ്റി ഹാൾ ഉപയോഗിക്കാം. 450 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വലിയ ഹാളിനെ ആവശ്യാനുസൃതം രണ്ടു മുറികളാക്കാനുള്ള സൌകര്യവും ഉണ്ട്. അറിവ് പകർന്ന് നൽകാനൊരിടമായാണ് നോളജ് സെന്‍റർ ഒരുക്കുന്നത്. പാര്‍ക്കിങ്ങിനും മറ്റുമായി രണ്ട് നിലകള്‍ ഭൂമിക്കടിയിലാണ്.
ദസ്റ ആഘോഷങ്ങളോട് അനുബന്ധിച്ച് ഒക്ടോബർ അഞ്ചിന് യുഎഇ ഭരണാധികളുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തിൽ ആരാധനാലയം മാത്രമേ തുറന്നുകൊടുക്കൂ. രണ്ടാംഘട്ടത്തിലെ മറ്റ് സൌകര്യങ്ങൾ ഉപയോഗിക്കാൻ കഴിയൂ. മകരസംക്രാന്തിയോട് അനുബന്ധിച്ച് ജനുവരി 14നായിരിക്കും കമ്യൂണിറ്റി സെന്‍റർ ഉൾപ്പെടെയുള്ള രണ്ടാം ഘട്ടത്തിന്‍റെ ഉദ്ഘാടനം.
വിവിധദേശക്കാരായ ഇരുനൂറിലേറെപേരാണ് ക്ഷേത്രനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ജയ്പൂരിൽ നിന്നാണ് മാർബിളുകൾ എത്തിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെത്തുന്നവരുടെ സൌകര്യരാർഥം പടികൾക്ക് പുറമെ റാംപും ഒരുക്കിയിട്ടുണ്ട്.
ദിവസം 1200 പേർക്ക് ദർശനത്തിനെത്താനുള്ള സൌകര്യം ഉണ്ട് ഇവിടെ. വിശേഷദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ക്യു ആർ കോഡ് ഉപയോഗിച്ച് ബുക്കിങ്ങിനുള്ള സൌകര്യമുണ്ടാകും.
അതേസമയം അബുദാബിയിലെ അബൂ മുറൈഖയില്‍ മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രത്തിന്‍റെ പണി പുരോഗമിക്കുകയാണ്. ബാപ്‌സ് ഹിന്ദു മന്ദിറിന് പുറമെ ദുബായിൽ ഒരുങ്ങുന്ന പുതിയ ക്ഷേത്രം യുഎഇയുടെ മതേതര മൂല്യങ്ങളുടെ ശോഭ കൂട്ടുന്നു.