Spread the love
റോ‌ഡുകള്‍ ആറു മാസത്തിനകം തകര്‍ന്നാല്‍ വിജിലന്‍സ് അന്വേഷിക്കണം: ഹൈക്കോടതി

സംസ്ഥാനത്തെ റോഡുകള്‍ പണി പൂര്‍ത്തിയാക്കി ആറു മാസത്തിനുള്ളില്‍ തകര്‍ന്നാല്‍ കരാറുകാരനും എന്‍ജിനിയര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പണി പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളിലാണ് റോഡ് തകരുന്നതെങ്കില്‍ ആഭ്യന്തര അന്വേഷണം നടത്തണം.

ഇവരുടെ ഭാഗത്ത് കുറ്റമുണ്ടെന്ന് കണ്ടാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു.

റോഡുകളുടെ പണി പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷമുള്ള ആറുമാസത്തിനകം തകര്‍ന്നാലാണ് വിജിലന്‍സ് അന്വേഷണം നടത്തേണ്ടത്.

സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി എറണാകുളത്തെ സബര്‍ബന്‍ ട്രാവല്‍സ് ഉടമ അജിത്കുമാര്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളിലാണ് ഉത്തരവ്.

സംസ്ഥാനത്തെ തകര്‍ന്ന റോഡുകളെക്കുറിച്ച്‌ ജനങ്ങള്‍ക്ക് കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ച അഭിഭാഷകരെ അറിയിക്കാം.

ഇക്കാര്യം ജനങ്ങളെ അറിയിക്കാന്‍ സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും കോടതിയുത്തരവ് പ്രസിദ്ധീകരിക്കണം.

മികച്ച റോഡുകള്‍ ജനങ്ങളുടെ അവകാശമാണ്. തകര്‍ന്ന റോഡുകളിലൂടെ വാഹനമോടിക്കുമ്പോള്‍ എത്ര ഇന്ധനമാണ് കത്തിത്തീരുന്നത്? റോഡു തകര്‍ന്ന ഹര്‍ജികള്‍ ആറു മാസം കൂടുമ്പോള്‍ പരിഗണിക്കേണ്ടി വരുന്നതില്‍ ലജ്ജയുണ്ട്. പുതിയ കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുന്ന സര്‍ക്കാര്‍ പഴയ കാര്യങ്ങള്‍ മറക്കുകയാണ്. കെ-റോഡ് എന്നു വിളിച്ചാല്‍ റോഡുകള്‍ നന്നാക്കുമോയെന്നും കെ-റെയിലിനെ പരോക്ഷമായി പരാമര്‍ശിച്ച്‌ സിംഗിള്‍ ബെഞ്ച് വാക്കാല്‍ ചോദിച്ചു.

എന്‍ജിനിയര്‍മാര്‍ക്ക് കാര്‍ കൊടുക്കരുത്. അവര്‍ വഴിയിലിറങ്ങി നടന്നാലേ സ്ഥിതി മനസിലാകൂ. ഓഫീസിലിരുന്ന് ബില്ലുകള്‍ പാസാക്കാന്‍ എന്‍ജിനിയര്‍മാര്‍ വേണ്ട, ക്ളര്‍ക്കുമാര്‍ മതി. സ്വകാര്യമേഖലയിലാണെങ്കില്‍ ഇതൊക്കെ നടക്കുമോ? മലേഷ്യന്‍ കമ്പനി പണിത ഒറ്റപ്പാലം റോഡ് ഇപ്പോഴും ഒരു കുഴിപോലുമില്ലാതെ മികച്ചതാണ്. എറണാകുളത്തു നിന്ന് നിലമ്പൂരിലേക്ക് അടുത്തിടെ നടത്തിയ യാത്ര ദുരിതമായിരുന്നു. ചെറുതുരുത്തി വരെ പ്രശ്നമില്ല. പിന്നീടങ്ങോട്ടു മോശമാണ്. വണ്ടൂരില്‍ സ്ഥിതി ദുഃസഹമാണ്. ഷൊര്‍ണൂര്‍, പട്ടാമ്പി തുടങ്ങിയ മേഖലകളും കഷ്ടമാണെന്നും കോടതി പറഞ്ഞു.

Leave a Reply