അമ്മ പുഴയിലെറിഞ്ഞുകൊന്ന നാലര വയസുകാരി വീടിനുളളിൽ വച്ചും പീഡനത്തിനിരയായെന്ന് പൊലീസ് കണ്ടെത്തൽ. കുട്ടി ക്രൂര പീഡനത്തിനിരയായെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്നലെ പുറത്തു വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടയിലാണ് കുട്ടിയുടെ പിതൃസഹോദരനെ പുത്തൻ കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം നടക്കുന്നതിന് തലേദിവസവും കുട്ടി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയായെന്നാണ് പൊലീസ് പുറത്തുവിടുന്ന വിവരം. കുട്ടിയുടെ അമ്മ സന്ധ്യയെ ഇക്കാര്യം അറിയിച്ചപ്പോൾ യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും പൊലീസ് അറിയിച്ചു.
ഇന്നലെ എറണാകുളം റൂറൽ എസ്‌പി ഹേമലതയുടെ സാന്നിദ്ധ്യത്തിലാണ് കുട്ടിയുടെ പിതൃസഹോദരനെ ചോദ്യം ചെയ്തത്. ഇയാൾ കുറ്റംസമ്മതിച്ചതായാണ് വിവരം. സ്വന്തം വീട്ടിൽ വച്ചാണ് കുട്ടി പീഡനത്തിനിരയായത്. അങ്കണവാടിയിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ കല്യാണിയെ തിങ്കളാഴ്ച സന്ധ്യയ്ക്ക് ഏഴു മണിയോടെയാണ് അമ്മ ചാലക്കുടി പുഴയിലെറിഞ്ഞത്. മൂഴിക്കുളം പാലത്തിന് നടുവിലെ തൂണിൽ കുരുങ്ങിനിന്ന മരക്കൊമ്പുകൾക്കിടയിൽ തങ്ങിയ മൃതദേഹം രാത്രി 2.15ഓടെ പൊലീസ് കണ്ടെത്തുകയായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ചൊവ്വാഴ്ച 3.30ന് മൃതദേഹം വീട്ടിലെത്തിച്ചു. തറവാട്ടുവീട്ടിൽ പൊതുദർശനത്തിനു വച്ചശേഷം തിരുവാണിയൂർ പൊതുശ്മശാനത്തിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സംസ്‌കരിക്കുകയായിരുന്നു.