Spread the love

കൊച്ചി ∙ അയോധ്യയിലും വാരാണസിയിലും സർവീസ് നടത്താൻ വാട്ടർ മെട്രോയ്ക്കു വേണ്ടി നിർമിച്ച ബോട്ടുകൾ കൊണ്ടുപോയെന്ന് ആക്ഷേപം. ഉത്തർപ്രദേശിൽ 15 ജെട്ടികളെ ബന്ധിപ്പിച്ച് ഉൾനാടൻ ജലഗതാഗത അതോറിറ്റി വാട്ടർ മെട്രോ സർവീസ് തുടങ്ങാൻ തീരുമാനിച്ചിരുന്നു. രാജ്യത്തെ രണ്ടാമത്തെ വാട്ടർ മെട്രോയാണിത്. എന്നാൽ അതിനുവേണ്ടി കൊച്ചിയിൽ നിന്നു 2 ബോട്ടുകൾ കൊണ്ടുപോയതാണു വിവാദമായത്. ഉൾനാടൻ ജലഗതാഗത അതോറിറ്റി 8 ബോട്ടുകൾ നിർമിക്കാൻ കരാർ നൽകിയതിൽ 2 എണ്ണമാണു കൊച്ചി കപ്പൽശാലയിൽ നിർമിച്ചതെന്നു കപ്പൽശാല അധികൃതർ പറയുന്നു.

കൊച്ചി വാട്ടർ മെട്രോ ബോട്ടുകളുടെ അതേ പ്ലാറ്റ് ഫോം തന്നെയാണു ഉത്തർപ്രദേശിലേക്കു കൊണ്ടുപോയ ബോട്ടുകൾക്കും ഉള്ളത്. അതാണു സംശയത്തിനു വഴിയൊരുക്കിയത്. കൊച്ചി വാട്ടർ മെട്രോ ബോട്ടുകൾ 100 പേർക്കു യാത്രചെയ്യാവുന്നതും ഉത്തർപ്രദേശിൽ നൽകിയത് 50 പേർക്കു യാത്ര ചെയ്യാവുന്നതുമാണെന്നു കപ്പൽശാല അധികൃതർ വ്യക്തമാക്കി. കരാർപ്രകാരം ബോട്ടുകൾ കൈമാറുന്നതിൽ കപ്പൽശാലയുടെ വീഴ്ചയാണു വിവാദത്തോടെ പുറത്തുവന്നത്. 2022ൽ മാത്രം കരാർ നൽകിയ ഉൾനാടൻ ജലഗതാഗത അതോറിറ്റിക്ക് 2 ബോട്ടുകൾ ഒരു വർഷം കൊണ്ടു നിർമിച്ചുനൽകിയ കപ്പൽശാല കൊച്ചി വാട്ടർ മെട്രോ ബോട്ടുകളുടെ നിർമാണം സമയത്തു പൂർത്തിയാക്കിയില്ല.

100 പേർക്കു യാത്രചെയ്യാവുന്ന 23 ബോട്ടുകൾ കഴിഞ്ഞ ഒക്ടോബറിൽ കപ്പൽശാല കൈമാറേണ്ടതായിരുന്നു. ഇതുവരെ നൽകിയത് 12 എണ്ണം മാത്രം. ബോട്ടുകൾ ലഭിക്കാത്തതിനാൽ വാട്ടർ മെട്രോയ്ക്കു കൂടുതൽ ടെർമിനലുകളെ ബന്ധിപ്പിച്ചു സർവീസ് ആരംഭിക്കാനായിട്ടില്ല. ബോട്ടുകൾ ഇനിയും വൈകിയാൽ വാട്ടർ മെട്രോ പദ്ധതിയും മന്ദഗതിയിലാവും.

എന്നാൽ കൊച്ചി വാട്ടർ മെട്രോ ബോട്ടുകളുടെ പ്ലാറ്റ്ഫോമുകൾ കപ്പൽശാലയിൽ തയാറാണെന്നും മെട്രോ ട്രെയിൻ രൂപത്തിലുള്ള ബോട്ടിന്റെ മുകൾ ഭാഗം ലഭിക്കുന്നതിലെ താമസമാണു ബോട്ടുകൾ ൈവകുന്നതിനു കാരണമെന്നും കപ്പൽശാല പറയുന്നു .

ഉൾനാടൻ ജലഗതാഗത അതോറിറ്റി നൽകിയ കരാറിൽ 8 ബോട്ടുകളാണു നിർമിക്കുന്നത്. ഇതിൽ പൈലറ്റ് പ്രോജക്ട് എന്ന നിലയിലാണു 2 ബോട്ടുകൾ കൊച്ചിയിൽ നിർമിച്ചത്. ബാക്കി ബോട്ടുകൾ കൊച്ചി കപ്പൽശാലയുടെ ഹൂബ്ലിയിലെ ഉപ കമ്പനിയിലാണു നിർമിക്കുകയെന്നും കപ്പൽശാല അധികൃതർ വ്യക്തമാക്കി.

Leave a Reply