ചരക്ക് വാഹനങ്ങള്‍ക്ക് മുന്നിലും പിന്നിലും മഞ്ഞനിറം വേണമെന്ന നിബന്ധന ഗതാഗതവകുപ്പ് ഒഴിവാക്കി. ഓറഞ്ച് ഒഴികെ ഏതു നിറവും ഉപയോഗിക്കാം. കേരള മോട്ടോര്‍വാഹന നിയമത്തിലാണ് മാറ്റം വരുത്തിയത്. അപകടസാധ്യത വര്‍ധിപ്പിക്കുന്നതാണ് ഈ തീരുമാനം. രാത്രിയിലും വെളിച്ചം കുറഞ്ഞ സമയങ്ങളിലും പെട്ടെന്ന് കണ്ണില്‍പെടാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് മഞ്ഞനിറം നല്‍കിയിരുന്നത്.
എന്നാല്‍, ഓള്‍ ഇന്ത്യാ പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് കളര്‍കോഡ് ഒഴിവാക്കിയ കേന്ദ്രഭേദഗതി സംസ്ഥാനവും സ്വീകരിക്കുകയായിരുന്നു. നിയമ ഭേദഗതിയെത്തുടര്‍ന്ന് കറുത്ത നിറം വരെ ലോറികള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും ഉപയോഗിക്കാനാകും. വെളിച്ചം പ്രതിഫലിക്കുന്ന റിഫല്‍ക്ടീവ് സ്റ്റിക്കറുകള്‍ നിര്‍ബന്ധമാണെങ്കിലും മറ്റുവാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ കണ്ണില്‍പെടാനുള്ള സാധ്യത കുറവാണ്. വെളിച്ചം പ്രതിഫലിപ്പിക്കാത്ത മാറ്റ് ഫിനിഷ് പെയിന്റ് ഉപയോഗിച്ച വാഹനങ്ങള്‍ മിക്കപ്പോഴും കണ്ണില്‍പെടാറില്ലെന്ന് ഡ്രൈവര്‍മാര്‍ പരാതിപ്പെടാറുണ്ട്.
ഇത്തരം നിറങ്ങള്‍ ലോറികള്‍ക്കും ഉപയോഗിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. പൊതുവാഹനങ്ങള്‍ക്ക് നിറം നല്‍കുന്നത് സംബന്ധിച്ച് ഇതുവരെ മോട്ടോര്‍വാഹനവകുപ്പ് സ്വീകരിച്ചുവന്നിരുന്ന മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് ചരക്ക് വാഹനങ്ങളുടെ കാര്യത്തില്‍ ഉണ്ടായിട്ടുള്ള തീരുമാനം. ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ള നിറം നല്‍കിയതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ക്ക് പിന്നില്‍ കണ്ണില്‍പെടുന്ന നിറങ്ങള്‍ പരിഗണിച്ചിരുന്നു.
റൂട്ട് ബസുകള്‍ക്ക് ഏകീകൃത നിറം ഏര്‍പ്പെടുത്തിയപ്പോഴും സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിട്ടി ഇക്കാര്യം ശ്രദ്ധിച്ചിരുന്നു. ഓറഞ്ച് നിറം നിര്‍ബന്ധമായ പ്രെട്രോളിയം, രാസമിശ്രിതങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങളുടെ വശങ്ങളില്‍ വെള്ള നിറം ഉപയോഗിക്കാനും ഭേദഗതിയിലൂടെ അനുമതി നല്‍കിയിട്ടുണ്ട്. അഞ്ച് സെന്റീമീറ്റര്‍ വീതിയില്‍ ഉണങ്ങിയ ഇലയുടെ നിറത്തിലെ നാടയും ഉപയോഗിക്കണം.
കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങളെല്ലാം സംസ്ഥാനം അതേപടി അംഗീകരിക്കുന്ന പ്രവണത സംസ്ഥാനത്തില്ല.. ഭാരത് രജിസ്ട്രേഷന്‍, ഓള്‍ ഇന്ത്യാപെര്‍മിറ്റ്, അഗ്രഗേറ്റര്‍ നയം, ഗതാഗത നിയമനങ്ങള്‍ക്ക് പിഴതുക വര്‍ധിപ്പിക്കല്‍ എന്നിവയൊന്നും സംസ്ഥാനം അതേപടി നടപ്പാക്കിയിരുന്നില്ല. രാത്രിയും, ഉദയാസ്തമയങ്ങളിലുമാണ് സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ ഏറെയുള്ളത്. ഇതൊന്നും പരിഗണിക്കാതെയാണ് നിറം മാറ്റമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.