ദക്ഷിണാഫ്രിക്കയിലെ വർണവിവേചനം അവസാനിപ്പിക്കാൻ പോരാടിയ നെൽസൻ മണ്ടേല, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അക്രമരാഹിത്യത്തിലും നിസ്സഹകരണത്തിലും ഏറെ ആകൃഷ്ടനായ ആളാണ്. അദ്ദേഹം ഈ രണ്ടു കാര്യങ്ങളേയും കണ്ടത് ഒരു ധാർമിക തത്വം എന്ന നിലയിലല്ല. മറിച്ച് ഒരു രാഷ്ട്രതന്ത്രം എന്ന നിലയ്ക്കു കൂടിയാണ്. തന്റെ ആത്മകഥയിൽ അദ്ദേഹം ഇങ്ങനെ എഴുതി: ‘അക്രമരഹിതമായ ചെറുത്തുനിൽപ്പ് പ്രയോജനപ്രദമാണ്, നിങ്ങളുടെ എതിരാളികളും അക്കാര്യത്തെ മാനിക്കുന്നിടത്തോളം കാലം. സമാധാനപരമായ ഒരു പ്രതിഷേധം അക്രമത്തിലാണ് അവസാനിക്കുന്നത് എങ്കിൽ അതിന്റെ ലക്ഷ്യം പരാജയപ്പെട്ടു എന്നാണർഥം’. ഒരേ സമയം തങ്ങളുടെ പോരാട്ടം സമാധാനപരമാക്കുകയും എതിരാളികളേയും ആ വിധത്തിൽ സമ്മർദത്തിലാക്കി ചര്ച്ചയുടേയും ഒത്തുതീര്പ്പിന്റെയും വാതിലുകൾ തുറക്കുകയും ചെയ്യുക എന്ന ഇന്ത്യൻ നയതന്ത്രം ഈ വിധത്തിൽ അനേകം രാഷ്ട്രങ്ങളേയും നേതാക്കളേയും സ്വാധീനിച്ചിട്ടുണ്ട്. മാർട്ടിൻ ലൂഥർ കിങ് ജൂനിയർ ഇന്ത്യാ സന്ദർശനത്തിനു ശേഷം കുറിച്ചത് ഇങ്ങനെ: ‘കറുത്ത വർഗക്കാരായ എന്റെ സഹോദരങ്ങൾക്ക് അക്രമരാഹിത്യത്തിലൂടെ സ്വാതന്ത്ര്യം നേടിയെടുക്കണമെന്ന തീരുമാനം ആഴത്തിൽ ഊട്ടിയുറപ്പിച്ചാണ് ഞാൻ അമേരിക്കയിലേക്ക് മടങ്ങിയത്. ഇന്ത്യാ സന്ദർശനത്തിന്റെ ഫലമായി അക്രമരാഹിത്യത്തെക്കുറിച്ചുള്ള എന്റെ അവബോധം വർധിക്കുകയും ലക്ഷ്യബോധം ദൃഡപ്പെടുകയും ചെയ്തു’. ഗാന്ധിജിയെ യുഗപുരുഷൻ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യ രണ്ടു നൂറ്റാണ്ടുകാലത്തെ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചിതയായതിന്റെ 76–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന സമയത്ത്, മുമ്പെങ്ങുമില്ലാത്ത വിധം ഈ ‘നയതന്ത്ര’ത്തിന് പ്രാധാന്യമുണ്ട്. ∙
ചെറിയ പ്രായം, വലിയ രാജ്യം
ലോകത്തെ മുൻനിര രാഷ്ട്രങ്ങളിൽ ചെറിയ പ്രായമാണ് സ്വതന്ത്ര ഇന്ത്യക്കുള്ളത്. എന്നാൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമാണ്. ഒരു സ്വതന്ത്ര, പരമാധികാര റിപ്പബ്ലിക്കാകാനുള്ള ഒരു നൂറ്റാണ്ടു നീണ്ട സ്വാതന്ത്ര്യ പോരാട്ടവും ഇത്രകാലവും ഈ മൂല്യങ്ങൾ നിലനിർത്താനും അത് ഒട്ടേറെ രാജ്യങ്ങളെ പ്രചോദിതരാക്കാനും കഴിഞ്ഞുവെന്നതും ചെറിയ കാര്യമല്ല. ഈ രാജ്യം എല്ലാക്കാലത്തും വിവിധ പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ട്. സ്വതന്ത്രരായതിന്റെ സന്തോഷം സ്വാതന്ത്ര്യപ്പുലരിയിൽ ആഘോഷിക്കുമ്പോൾ തന്നെ വിഭജനത്തിന്റെ കൊടുംകഷ്ടതകളിലൂടെയാണ് ഈ രാജ്യം കടന്നുപോന്നത്. നിരവധി മതങ്ങളും ജാതിയും നാട്ടുരാജ്യങ്ങളും പട്ടിണിയും നിരക്ഷരതയുമെല്ലാമുള്ള ഇന്ത്യയെ തങ്ങൾ വിട്ടുപോയാൽ ഈ രാജ്യം തകരും എന്നായിരുന്നു ബ്രിട്ടീഷുകാർ പറഞ്ഞിരുന്നത്.
എന്നാൽ 1950 ൽ തന്നെ എല്ലാ ജാതി, മത വിശ്വാസങ്ങൾക്കും സ്ഥാനമുള്ള, ഓരോ പൗരനെയും തങ്ങളുടെ വ്യക്തിത്വവും അന്തസും നിലനിർത്താൻ അര്ഹതയുള്ളരാക്കി മാറ്റിയ, പൗരന്മാരെ തുല്യരായി പരിഗണിക്കുന്ന, ലോകത്തെ മികച്ച നിയമസംഹിതകളിൽ നിന്ന് സ്വാംശീകരിച്ച ആശയങ്ങളുള്ള എഴുതപ്പെട്ട ഒരു ഭരണഘടന ഇന്ത്യക്ക് കൈവന്നു; രാജ്യം റിപ്പബ്ലിക് ആയി മാറി. ജനപ്രതിനിധികളുടെ സഭയും ഉപരിസഭയും ഉൾക്കൊള്ളുന്ന പാർലമെന്റുണ്ടായി. സ്വതന്ത്ര സ്വഭാവമുള്ള ജൂഡീഷ്യറിയും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാണെങ്കിലും സ്വന്തമായ അധികാരങ്ങളുള്ള സംസ്ഥാനങ്ങളുണ്ടായി. രാഷ്ട്രപതി മുതൽ പഞ്ചായത്ത് അംഗം വരെ നീളുന്ന സുഘടിതമായ ഭരണസംവിധാനം ഉണ്ടായി. ചില അപഭ്രംശങ്ങൾ ഒഴിച്ചു നിർത്തിയാൽ കഴിഞ്ഞ 76 വർഷമായിട്ടും ഈ ഘടനയ്ക്ക് പോറലേറ്റിട്ടില്ല. ഇന്ത്യ നിലനിൽക്കുമോ എന്ന് സംശയിച്ചവരെ അമ്പരപ്പിച്ചു കൊണ്ട് 1952 ൽ തന്നെ ആദ്യ പൊതുതിരഞ്ഞെടുപ്പ് വിജയകരമായി നടത്തി.