ഒരു മലയാള സിനിമയ്ക്ക് ചരിത്രത്തില്‍ത്തന്നെ ലഭിക്കുന്ന ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായാണ് മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തിയറ്ററുകളിലെത്തിയത്. വമ്പന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതും മോളിവുഡിന്‍റെ ബിഗസ്റ്റ് ക്രൗഡ് പുള്ളറായ മോഹന്‍ലാലിനെ ഇതുവരെ കാണാത്ത രീതിയില്‍ അവതരിപ്പിക്കുന്ന ചിത്രം എന്നതും പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മലയാളത്തിലെ ഏറ്റവും വലിയ ചിത്രം എന്നതുമൊക്കെ ഈ ഹൈപ്പിന് കാരണമായ ഘടകങ്ങളാണ്. റിലീസിന് ശേഷം ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളും ലഭിച്ചുവെങ്കിലും കളക്ഷനില്‍ അത് നെഗറ്റീവ് ആയി പ്രതിഫലിക്കുന്നില്ല എന്ന് മാത്രമല്ല, ആദ്യ ദിന കളക്ഷനില്‍ ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ചിത്രം.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രം ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് നേടിയത് 22 കോടിയാണ്. നെറ്റ് കളക്ഷനാണ് ഇത്. ഇന്ത്യയില്‍ നിന്ന് മികച്ച ഓപണിംഗ് നേടിയപ്പോള്‍ വിദേശ കളക്ഷനില്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ചിത്രം. അണിയറപ്രവര്‍ത്തകരും അതത് മാര്‍ക്കറ്റുകളിലെ വിതരണക്കാരുടെയും കണക്കുകള്‍ അനുസരിച്ച് പല രാജ്യങ്ങളിലും ഇന്ത്യന്‍ സിനിമകളിലെ റെക്കോര്‍ഡ് കളക്ഷനാണ് എമ്പുരാന്‍ നേടിയിരിക്കുന്നത്. യുകെ, ന്യൂസിലന്‍ഡ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ഒരു ഇന്ത്യന്‍ സിനിമ എക്കാലത്തും നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് എമ്പുരാന്‍ നേടിയിരിക്കുന്നത്
വിജയ് നായകനായ തമിഴ് ചിത്രം ലിയോയെ മറികടന്നാണ് യുകെയില്‍ ചിത്രം റെക്കോര്‍ഡ് ഇട്ടിരിക്കുന്നത്. 6.30 ലക്ഷം പൗണ്ട് ആണ് ചിത്രം യുകെയില്‍ നേടിയിരിക്കുന്നത്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്ന് ആദ്യ ദിനം 2.45 മില്യണ്‍ ഡോളര്‍ ആണ് ചിത്രം നേടിയിരിക്കുന്നത്. അതില്‍ ജിസിസിയില്‍ നിന്ന് മാത്രം ചിത്രം ആദ്യ ദിനം 20.93 കോടി രൂപ നേടി. ഇന്ത്യന്‍ ചിത്രമെന്ന് മാത്രമല്ല, ഏത് ലോക ഭാഷാ ചിത്രങ്ങളിലെയും സിംഗിള്‍ ലാംഗ്വേജ് പതിപ്പ് നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ചിത്രം ഓസ്ട്രേലിയയില്‍ നേടിയിരിക്കുന്നത്. യുഎസ്എ, കാനഡ എന്നിവിടങ്ങളില്‍ നിന്നായി 7 ലക്ഷം ഡോളര്‍ ആണ് ആദ്യ ദിനം ചിത്രം നേടിയത്. ജര്‍മനിയില്‍ ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ കളക്ഷനാണ് ചിത്രം നേടിയത്. 1.37 ലക്ഷം യൂറോ ആണ് ജര്‍മനിയിലെ കളക്ഷന്‍. ജര്‍മനിയിലെ ഇന്ത്യന്‍ റെക്കോര്‍ഡ് ഷാരൂഖ് ഖാന്‍ ചിത്രം ജവാന് ആണ്. അങ്ങനെ വിദേശ രാജ്യങ്ങളിലെ ആകെ കളക്ഷന്‍ നോക്കിയാല്‍ ആദ്യ ദിനം 5 മില്യണ്‍ ഡോളറിലധികമാണ് എമ്പുരാന്‍റെ കളക്ഷന്‍. അതായത് 43.93 കോടി രൂപ വിദേശത്ത് നിന്ന് മാത്രം ചിത്രം നേടി. ഇന്ത്യയിലെ 22 കോടി (നെറ്റ്) കൂടി കൂട്ടുമ്പോള്‍ 65 കോടിക്ക് മുകളിലാണ് എമ്പുരാന്‍റെ ആദ്യ ദിന ആഗോള ഓപണിംഗ്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് ഇത് എക്കാലത്തെയും റെക്കോര്‍ഡ് ആണ് എന്ന് മാത്രമല്ല. നേരത്തെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ചിത്രത്തേക്കാള്‍ (മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം) മൂന്നിരട്ടി തുകയാണ് ചിത്രം ഓപണിംഗില്‍ നേടിയിരിക്കുന്നത്.