ബന്ധുക്കളും നാട്ടുകാരുമൊക്കെ തന്റേടിയെന്നും അഹങ്കാരിയെന്നും വിളിച്ചു മാറ്റിനിർത്തിയ ഒരു പെണ്ണിന്റെ ആലോചന വന്നാൽ അതൊരിക്കലും ഉപേക്ഷിച്ചു കളയരുത് .. വ്യത്യസ്തമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് വർഗ്ഗീസ് പ്ലാതോട്ടം. ഉത്തമ ഭാര്യാ സങ്കല്പങ്ങളെ മാറ്റിയെഴുതാൻ ശ്രമിക്കുകയാണ് വർഗ്ഗീസ്.
വർഗീസിൻ്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
ബന്ധുക്കളും നാട്ടുകാരുമൊക്കെ തന്റേടിയെന്നും അഹങ്കാരിയെന്നും വിളിച്ചു മാറ്റിനിർത്തിയ ഒരു പെണ്ണിന്റെ ആലോചന വന്നാൽ അതൊരിക്കലും ഉപേക്ഷിച്ചു കളയരുത് ..
സിനിമയിലും സീരിയലിലും കാണുന്നതു പോലെ അവൾ നിങ്ങളെ പിറകെ നടന്നു പ്രണയിചെന്നുവരില്ല..ഭർത്താവിൽ മധുവിധു കാലത്തു മാത്രം കണ്ടുവരുന്ന” കൊഞ്ചിക്കൽ ആൻഡ് പുന്നാരിക്കൽ “കാലം കഴിഞ്ഞാലും സീസൺ കഴിഞ്ഞെന്ന കാര്യം മനസിലാവാതെ പഴയ പുന്നാരിക്കൽ പ്രതീക്ഷിച്ചു പിന്നാലെ നടന്നു വാടി തളരാനും അവളെ കിട്ടിയെന്നു വരില്ല .
ബന്ധുക്കളുടെ മുന്നിൽ ഉത്തമ കുടുംബിനി ആവാൻ അവൾ പുലർച്ചെ ഉണർന്നു കുളിച്ചു സെറ്റുമുണ്ട് ഉടുത്തു മുടിയുടെ തുമ്പു കെട്ടി അടുക്കളയിൽ കയറി യെന്നു വരില്ല ..രണ്ടെണ്ണം അടിച്ചിട്ടു വരുമ്പോൾ കുല സ്ത്രീകൾ ചെയ്യുന്നതു പോലെ വാവിട്ടു കരഞ്ഞു ഏട്ടൻ ഇനി കുടിക്കില്ലന്നു എന്റെ തലയിൽ തൊട്ടു സത്യം ചെയ്യെന്നു വാശിപിടിച്ചു നിങ്ങളെ രോമാഞ്ചം കൊള്ളിച്ചുവെന്നും വരില്ല .
കൂട്ടുകാരുടെ മുന്നിൽ ധീരത കാണിക്കാൻ ഭാര്യയെ കാരണമില്ലാതെ വഴക്കു പറയുമ്പോൾ, വിനീത വിധേയയായി മുഖം കുനിച്ചു നിൽക്കാതെ “ഒരു കാര്യോം ഇല്ലാതെ എന്നെ ചീത്ത വിളിച്ച ഒരു കുത്തു വെച്ചുതരും കേട്ട ” എന്നു അവൾ നിങ്ങളെ ഭീഷണി പെടുത്തിയേക്കാം ..നമ്മുക്കു ഏറ്റവും പ്രിയപ്പെട്ട ചില കൂട്ടുകാരെ വീട്ടിൽ വിളിച്ചു കൊണ്ടു ചെല്ലുമ്പോൾ അവരിൽ ചിലരുടെ ശരീര ഭാഷ നോക്കി “അവനെ ഇനി വീട്ടിൽ വിളിച്ചോണ്ടു വന്ന രണ്ടിനും കൂടി ഞാൻ ചായയിൽ വിമ്മു കലക്കി തന്നു തൂറ്റിക്കു “മെന്നു ഭീഷണി പെടുത്തിയേക്കാം .
ചില ദിവസങ്ങളിൽ “എനിക്കിന്നു വയ്യെന്നു” തുറന്നു പറഞ്ഞും” എനിക്കിന്നു വേണമെന്നു” മനസു തുറന്നും ഒരു ശരാശരി ഭാരത ഭർത്താവിന്റെ മനസിൽ തീകോരിയിട്ടു ഞെട്ടിച്ചുകളഞ്ഞേക്കാം .
കല്യാണം കഴിഞ്ഞു അടുത്ത വർഷം പ്രസവിച്ചില്ലേ മച്ചിയെന്നു വിളിക്കപെട്ടാലോ എന്ന വേവലാതി കാട്ടാതെ “നമ്മുടെ കുഞ്ഞിനെ നന്നായി വളർത്താനുള്ള സാഹചര്യം ഉണ്ടായിട്ടു മതി കുഞ്ഞെന്നു അവൾ കല്പന പുറപ്പെടുവിച്ചേക്കാം .
“എന്ന മോളെ വിശേഷമൊന്നുമായില്ലേ ,ആർക്കാകുഴപ്പം “എന്ന് ചോദിക്കാൻ വരുന്ന അകന്ന ബന്ധത്തിലെ കുശുമ്പി അമ്മായിയോട് “നിങ്ങളുപോയി നിങ്ങടെ പണിനോക്കു തള്ളെ ” യെന്നു പറഞ്ഞു കലിതുള്ളി വെറുപ്പിച്ചേക്കാം .അടുക്കളയിൽ കയറി ഭാര്യക്ക് അല്പം ഉള്ളി അരിഞ്ഞു കൊടുത്തു സഹായിക്കുന്നതോ അവൾ മീൻകറി വെക്കുമ്പോൾ രണ്ടു പപ്പടം കാച്ചുന്നതോ ഒന്നും വലിയ അപരാധമല്ലെന്ന അവളുടെ ചിന്തകൾക്ക് പിറകെ നിങ്ങളെയും വലിച്ചു കൊണ്ടു പോയേക്കാം ..ജന്മ ദിനവും വിവാഹ വാർഷികവും മറന്നുപോയെന്ന നിസ്സാര കാരണത്തിന് അവൾ ആർത്തലച്ചു കരഞ്ഞു കലഹമുണ്ടാക്കിയേക്കാം
ഒരു ശരാശരി ഭർത്താവിന്റെ സന്തോഷങ്ങൾക്കു വിരുദ്ധമായി പെരുമറിയാലും അവൾ പക്ഷെ എല്ലാ അർത്ഥത്തിലും നിങ്ങളെ ഏറ്റെടുത്തു കഴിഞ്ഞിരിക്കും .ഏട്ടാ പൂട്ട എന്നു വിളിച്ചു പിറകെ നടന്നില്ല എങ്കിലും അവളുടെ സ്നേഹാർദ്രമായാ പരിഗണയിലായിരിക്കും നിങ്ങളുടെ രാപകലുകൾ .എന്നും അല്പം മദ്യപിക്കാറുള്ള നിങ്ങൾ ഒരു ദിവസം പച്ചക്കു കയറി ചെന്നാൽ “എന്താ എന്തേലും വയ്യഴികയുണ്ടോ “എന്ന് ചോദിച്ചു വേവലാതി പെടാൻ ഇങ്ങനെയൊരു അഹങ്കാരി ഭാര്യക്കു മാത്രമേ കഴിയൂ .
രാവിലെ എണീറ്റ് കുളിച്ചു അടുക്കളയിൽ കയറുന്ന പരമ്പരാഗത ഭാര്യ ആയില്ലങ്കിലും വീട്ടിലെ വരവു ചിലവു കണക്കുകളെല്ലാം അവൾക്കു ഹൃദിസ്ഥ മായിരിക്കും . കൃത്യ മായ ഇടവേളകളിൽ നാളെയാണ് ചിട്ടി ..മറ്റന്നാൾ ഹോം ലോൺ .ഇൻസ്റ്റാൾ മെന്റ് .വണ്ടിയുടെ തവണ .KSFE .LIC .എന്നിങ്ങനെ നിങ്ങളെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും .
നിങ്ങളുടെ വരുമാനം കൊണ്ടു കാര്യങ്ങൾ ഓടുന്നില്ല എന്ന ഘട്ടം വരുമ്പോൾ അവളും ജോലിചെയ്യാൻ തയ്യാറാവും .ഒരിക്കലും ആഘോഷിച്ചിട്ടാല്ലാത്ത നിങ്ങളുടെ ജന്മ ദിനം ആഘോഷിക്കുവാനും ,നിങ്ങളുടെ പഴഞ്ചൻ സ്കൂട്ടർ കളഞ്ഞിട്ടു ഒരു ബുള്ളറ്റ് വാങ്ങുവാനും അവളാവും മുൻകൈ എടുക്കുക .
നിങ്ങളുടെ മാതാപിതാക്കൾക്ക് കൃത്യമായ ഇടവേളകളിൽ നിങ്ങൾ വസ്ത്രങ്ങൾ വാങ്ങികൊടുക്കാറുണ്ട് എങ്കിലും അവർക്കു ” അതു മാത്രം പോരാ നിങ്ങളോടു പറയാൻ പറ്റാത്ത വേറെയും സാധനങ്ങൾ അവർക്കു വേണമെന്ന്” കണ്ണുരുട്ടി പറഞ്ഞു അവരെയും കൂട്ടി അവൾ ഷോപ്പിംഗിനു പോവും .
നിങ്ങൾ രണ്ടു പേരുടെയും മാസവരുമാനത്തിൽ നിന്നുമിച്ചം പിടിച്ചു ഒരു ചെറിയ തുക നിങ്ങളുടെ പെൺകുഞ്ഞുങ്ങളുടെ പേരിൽ നിക്ഷേപിക്കുവാനും അവളാവും തയാർ ആവുക .”ന്റെ മോളുടെ ജീവിതത്തിൽ എന്ത് നടന്നാലും ,അതു നല്ലതായാലും ചീത്ത ആയാലും അമ്മയോട് പറയണം ട്ടാ ” ന്നു മോളെ കൊഞ്ചിച്ചു കൊണ്ടവൾ പറയുന്നത് പാതി ഉറക്കത്തിൽ നിങ്ങൾ പലപ്പോഴും കേൾക്കും .ഒരു ഗെറ്റ് ടുഗതറിലോ മറ്റോ പങ്കെടുത്തു മൂന്നെണ്ണം കൂടുതൽ അടിച്ചിറങ്ങുമ്പോ “കൊച്ചിനെ പിടിച്ചോ വണ്ടി ഞാനോടിക്കാം എന്ന് പറഞ്ഞു നിങ്ങളുടെ സമ്മതത്തിനു കാത്തു നിൽക്കാതെ അവൾ നിങ്ങളുടെ സാരഥിയാവും .
പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു സാധാരണ ജീവിതം നയിച്ചിരുന്ന നിങ്ങൾ രണ്ടു മൂന്നോ വർഷം കഴിഞ്ഞൊന്നു പിന്നിലേക്കു തിരിഞ്ഞു നോക്കുമ്പോൾ പ്രതിസന്ധികളെ അതിജീവിച്ചു ബഹുദൂരം മുന്നോട്ടു പോയെന്നു കാണും …
ഇങ്ങനെയാത്ര തുടരുന്നതിനു നിങ്ങൾക്കൊരു കൂട്ടുവേണമെന്നുതോന്നുമ്പോൾ ,നാട്ടുകാരുടെയും വീട്ടുകാരുടെയൂം സൽസ്വൊഭാവ സെർട്ടിഫികേറ് കിട്ടിയ മാലാഖക്കുഞ്ഞിനെയല്ല, അവരൊക്കെ അങ്കാരിയെന്നും തന്നിഷ്ടക്കാരിയെന്നും വിളിച്ചു മാറ്റിനിർത്തിയ ഒരു പരുക്കൻ പെണ്ണിനെ കല്യാണം കഴിക്കുക …അവളുടെ കൂടെ ജീവിക്കുക.!!
റീ പോസ്റ്റ് ആണ് .പുതിയ ആളുകൾ വായിച്ചു വഴി തെറ്റട്ടെ ?