Spread the love

കോഴിക്കോട് ∙ പേരാമ്പ്രയിൽ കൊല്ലപ്പെട്ട അനുവിനെ പ്രതി മുജീബ് റഹ്മാൻ സഹായം വാഗ്ദാനം ചെയ്ത് തെറ്റിദ്ധരിപ്പിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ്. മോഷണത്തിന് വേണ്ടി ഇത്തരം രീതികൾ അവലംബിക്കുന്നത് ഇയാളുടെ പതിവാണെന്ന് പൊലീസ് പറയുന്നു. ബലാത്സംഗം ഉൾപ്പെടെ അൻപതിലധികം കേസുകളിൽ പ്രതിയാണ് പിടിയിലായ മുജീബ് റഹ്മാൻ.

ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോകാനിറങ്ങിയതായിരുന്നു അനു. വേഗത്തിൽ നടന്നുപോവുകയായിരുന്ന അനു മുജീബിന്റെ ശ്രദ്ധയിൽപെട്ടു. അടുത്ത ജംക്‌ഷനിൽ നിൽക്കുന്ന ഭർത്താവിന് സമീപം എത്തിക്കാമെന്ന് പറഞ്ഞ് മുജീബ് അനുവിനെ ബൈക്കിൽ കയറ്റുകയായിരുന്നു. തുടർന്ന് അല്ലിയോറയിലെത്തിയപ്പോൾ മൂത്രശങ്ക തീർക്കാനെന്ന് പറഞ്ഞ് ബൈക്ക് നിർത്തിയ മുജീബ് കൂടെയിറങ്ങിയ അനുവിനെ തോട്ടിലേക്ക് തള്ളിയിട്ടു. കൂടെ ചാടിയ മുജീബ് അനുവിന്റെ ആഭരണങ്ങൾ കവരാനുള്ള ശ്രമം നടത്തി.

ചെറുക്കാൻ ശ്രമിച്ച അനുവിന്റെ തല പ്രതി തോട്ടിൽ ചവിട്ടിത്താഴ്ത്തുകയായിരുന്നു. അനുവിന്റെ കഴുത്തിലും കൈകളിലും ബലമായി പിടിച്ച പാടുകളും വയറ്റിൽ ചവിട്ടേറ്റ പാടുമുണ്ട്. യുവതി മുങ്ങിമരിച്ചതാണെന്നും ശ്വാസകോശത്തിൽ ചെളിവെള്ളം കയറിയതാണ് മരണകാരണമെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ശനിയാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത പ്രതിയെ രാത്രി മുഴുവൻ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. ഇതേത്തുടർന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നിരീക്ഷണത്തിലായിരുന്ന പ്രതിയെ കണ്ണൂരിൽ നിന്നാണ് പിടികൂടിയത്.
പൊലീസ് നടത്തിയ പരിശോധനയിൽ, സംഭവസമയത്ത് മുജീബ് റഹ്മാൻ ഉപയോഗിച്ചിരുന്ന ബൈക്ക് കണ്ടെടുത്തു. മട്ടന്നൂരിൽനിന്ന് മോഷ്ടിച്ച ബൈക്കാണ് ഇത്. ഈ ബൈക്ക് മലപ്പുറം എടവണ്ണപ്പാറയിൽനിന്നാണ് പൊലീസ് കണ്ടെത്തിയത്.

Leave a Reply