Spread the love
ആവണി അവിട്ടം
ഓഗസ്റ്റ്‌ 3, 2020, തിങ്കള്‍
ശ്രീകൃഷ്ണ ജയന്തിക്ക് തൊട്ടു മുൻപ് വരുന്ന പൗര്‍ണ്ണമിനാളാണ് ആവണി അവിട്ടം. (ആവണി മാസത്തിലെ അവിട്ടം). സൃഷ്ടിയുടെ ആരംഭത്തില്‍ ബ്രഹ്മചൈതന്യം ജ്ഞാനരാശിയായി പ്രകടമായതാണ് വേദം. വേദവും ഉപനിഷത്തുമെല്ലാം ഒരു വ്യക്തിയാൽ നിർമ്മിക്കപ്പെട്ടതല്ല. വേദം ഉരുത്തിരിഞ്ഞതാണ് ഉപനിഷത്ത്.
ജന്മാദ്യസ്യ യതോന്വയാദിതരതശ്ചാർതേഷ്വഭിജ്ഞഃ സ്വരാട് തേനേ ബ്രഹ്മ ഹൃദാ യ ആദികവയേ മുഹ്യന്തി യത് സൂരയഃ (ഭാഗവതം ).
ബ്രഹ്മാവിന്റെ ഹൃദയത്തിൽ ആണ് വേദം പ്രകടമായത്.
ഒരിക്കൽ ബ്രഹ്മാവിന് വേദങ്ങളുടെ സൂക്ഷിപ്പുകാരൻ ഞാനാണെന്ന അഹന്തയുണ്ടായി. ബ്രഹ്മാവിന്റെ അഹങ്കാരം തീർക്കാൻ ഭഗവാൻ രണ്ട് അസുരന്മാരിൽ പ്രേരണ ശക്തിയായി പ്രവർത്തിച്ചു. അസുരന്മാർ ബ്രഹ്മാവിൽ നിന്നും വേദങ്ങള്‍ മോഷ്ടിച്ചു. അഹങ്കാരം തീർന്ന ബ്രഹ്മാവ് വേദത്തെ വീണ്ടെടുക്കാൻ ഭഗവാനെ അഭയം പ്രാപിച്ചു. ഭഗവാൻ ഹയഗ്രീവനായി അവതാരം കൈക്കൊണ്ട് വേദങ്ങള്‍ വീണ്ടെടുത്തു. ആ ദിവസമാണത്രെ ആവണി അവിട്ടം. ഹയഗ്രീവജയന്തി ആയും ഈ ദിനം അറിയപ്പെടുന്നു. ബ്രാഹ്മണർക്ക് ഏറ്റവും പ്രാധാന്യമേറിയ ദിവസമാണ് ആവണി അവിട്ടം. ആരാണ് ബ്രാഹ്മണൻ? എന്തുതുകൊണ്ടാണ് ബ്രാഹ്മണന് ഈ ദിവസം പ്രധാനമായത്? എല്ലാവർക്കും ഉള്ളിൽ ആത്മാവായി കുടികൊള്ളുന്നത് ഒരേ ചൈതന്യമാണ് എന്ന സത്യത്തെ ബ്രഹ്മജ്ഞാനത്തിലൂടെ തിരിച്ചറിഞ്ഞ് സർവ്വപ്രപഞ്ചത്തിന്റേയും നന്മയ്ക്കും ക്ഷേമത്തിനുമായി ധർമ്മാനുഷ്ഠാനത്തോടെ നിലകൊള്ളുന്നവനാണ് ബ്രാഹ്മണൻ. പ്രപഞ്ചത്തിന്റെ സുസ്ഥിരമായ നിലനില്‍പ്പിന് ആധാരമായതേതോ അതാണ് ധര്‍മ്മം. ഈ ധർമ്മ സംരക്ഷണത്തിന് നിലകൊള്ളുന്നവനാണ് ബ്രാഹ്മണർ. ബ്രാഹ്മണർ ധർമ്മ സംരക്ഷണത്തിനായി ആറു കർമ്മങ്ങളെ അനുഷ്ഠിക്കേണ്ടതുണ്ട് . അദ്ധ്യയനം അദ്ധ്യാപനം യജനം യാജനം ദാനം പ്രതിഗ്രഹം. ഈ കർമ്മാനുഷ്ഠാനങ്ങൾക്ക് അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും ച്യുതി സംഭവിച്ചു എങ്കിൽ അതിന് പരിഹാരമായി ബ്രാഹ്മണര്‍ ആവണി അവിട്ടം നാളിൽ പൂണൂല്‍ മാറ്റി പുതിയ പൂണൂല്‍ ധരിക്കുകയും പൂര്‍വ്വ ഋഷിമാരെ സ്മരിച്ച് അര്‍ഘ്യം ചെയ്യുന്നു. ഇതിലൂടെ അതുവരെ ഏർപ്പെട്ട കർമ്മച്യുതി ഇല്ലാതാവുന്നു. ഈ ദിവസം വേദോച്ചാരണവും മന്ത്രോച്ചാരണവും നടത്തുന്നത് വളരെ ശുഭകരമാണ്. ബ്രാഹ്മണ യുവാക്കള്‍ വേദ പഠനം തുടങ്ങുന്നതും ആദ്യമായി പൂണൂല്‍ ധരിക്കുന്നതും ഈ ദിവസം തന്നെയാണ്. ഹയഗ്രീവൻ വേദത്തെ വീണ്ടെടുത്ത ഈ ദിനത്തിൽ പൂണൂല്‍ ധരിക്കുന്നതോടെ അകക്കണ്ണ് (വിഞ്ജാനത്തിന്‍റെ കണ്ണ് )തുറക്കുന്നു എന്നാണ് സങ്കല്‍പ്പം.
ഇതെല്ലാം കഴിഞ്ഞു ഗൃഹത്തിലെത്തുമ്പോള്‍ പുരുഷന്മാരെ സ്വീകരിക്കുന്നതാണ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആവണി അവിട്ടം .അവരുടെ സന്തോഷത്തിനായി കുളിച്ച് പുതുവസ്ത്രങ്ങളും ആടയാഭരണങ്ങളും അണിഞ്ഞുകൊണ്ട് സന്തോഷത്തോടെ ആരതി ഉഴിഞ്ഞ് പീഢത്തിൽ ഇരുത്തി ഇഡ്ഡലി, ഉഴുന്നു വട, പരിപ്പു വട, നെയ്യപ്പം, ചോറ്, പലതരം കറികള്‍, പായസം ഒക്കെയായി വിഭവസമൃദ്ധമായ ഭക്ഷണം മധുരപലഹാരങ്ങൾ എന്നിവ നൽകിയാൽ സർവ്വൈശ്വര്യങ്ങളും ലഭിക്കും എന്നാണ് വിശ്വാസം. ലോക നന്മക്കായി പ്രവർത്തിക്കുന്നവരെ പൂജിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നത് ഈശ്വരപൂജക്ക് തുല്യമാണ്. ഈ ദിവസം തന്നെയാണ് രാഖി അഥവാ രക്ഷാബന്ധൻ എന്നും ഒരു സങ്കല്പമുണ്ട്. അതിന്റെ കഥ ഇങ്ങിനെയാണ്. ധർമ്മപുത്രരുടെ രാജസൂയ ദിവസം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് ദ്രൗപദി അണിഞ്ഞ അതിവിശിഷ്ടമായ പട്ടു വസ്ത്രത്തിലായിരുന്നു. രാജസൂയവേദിയിൽ വച്ച് ശിശുപാലൻ ശ്രീകൃഷഭഗവാനെ അധിക്ഷേപിച്ചപ്പോൾ ഭഗവാൻ തന്റെ സുദർശനചക്രംകൊണ്ട് ശിശുപാലനെ വധിച്ചു. ആ സമയം എങ്ങിനെയോ ചക്രത്തിൽ തട്ടി ശ്രീകൃഷ്ണന്റെ മണിബന്ധത്തിൽ ഒരു മുറിവുണ്ടായി. എല്ലാവരും പരിഭ്രമത്തോടെ മുറിവ് കെട്ടാൻ തുണി അന്വേഷിക്കാൻ തുടങ്ങി. ദ്രൗപദി മറ്റൊന്നും ചിന്തിക്കാതെ തന്‍റെ പട്ടുസാരി വലിച്ചു കീറി മണിബന്ധത്തില്‍ കെട്ടി. ദ്രൌപദിയുടെ കറയറ്റ സ്നേഹവും ഉല്‍ക്കണ്ഠയും കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. ശ്രീകൃഷ്ണ ഭഗവാൻ പിന്നീടുള്ള കാലമത്രയും ദ്രൌപദിയുടെ സർവ്വ സംരക്ഷണം സഹോദരനായ തന്റെ ചുമതലയാണെന്ന് പ്രഖ്യാപിച്ചുവത്രേ. ശ്രീകൃഷ്ണ ഭഗവാന്‍റെ മണിബന്ധത്തില്‍ ദ്രൌപദി കെട്ടിയ ആ സാരിക്കഷ്ണത്തിന്‍റെ പ്രതീകമായീട്ടാണത്രെ ഇന്ന് നമ്മൾ രാഖികെട്ടുന്നത്. വളരെ പവിത്രമായ ഒരു ആചാരമാണ് രക്ഷാബന്ധൻ അഥവാ രാഖി. സഹോദരി രക്ഷാബന്ധന ദിവസം മധുരപലഹാരങ്ങളും, രക്ഷാസൂത്രവും, ദീപവും വച്ച താലവുമായി സഹോദരനെ സമീപിച്ച്, ദീപം ഉഴിഞ്ഞ്, തിലകം ചാർത്തി, മധുരപലഹാരങ്ങൾ നൽകി, ദീർഘായുസ്സിനും നന്മയ്ക്കും വേണ്ടി പ്രാർത്ഥിച്ച് കൈയിൽ വർണനൂലുകളാൽനിർമ്മിച്ച സുന്ദരമായ രക്ഷാസൂത്രം (രാഖി) കെട്ടികൊടുക്കുന്നു. സഹോദരൻ ആജീവാനന്തം അവളെ സംരക്ഷിക്കുമെന്നും പരിപാലിക്കുമെന്നും പ്രതിജ്ഞ ചെയ്യുകയും അതിന്റെ പ്രതീകമായി സഹോദരിക്ക് പാരിതോഷികങ്ങൾ നൽകുകയും ചെയ്യുന്നു. ഇതുപോലെ ഉള്ള ആചാരങ്ങളുടെ പിന്നിലെ ഐതിഹ്യം ശരിയായാലും തെറ്റായാലും ഇത് ലോകനന്മയ്ക്കും ധർമ്മപരിപാലനത്തിനും പരസ്പര സ്നേഹത്തിനും ഉതകുന്നവയാണ്. അതുകൊണ്ട് തന്നെ ഇത് പവിത്രവും പരിപാവനവുമാണ്.

Leave a Reply