പത്തുപേരെ വിജയിപിച്ചെടുത്ത ഇടതുപക്ഷത്തിന് അഭിനന്ദങ്ങൾ അർപ്പിക്കുകയാണ് വനിത ലീഗ് സംസ്ഥാന പ്രസിഡൻ്റ് സുഹറ മമ്പാട്. ഇക്കുറി വനിതാ ലീഗിനും വലിയ പ്രതീക്ഷയുണ്ടായിരുന്നതായി സുഹറ മമ്പാട് പറയുന്നു. പാർട്ടി അവസരം തന്നതിൽ നന്ദി പറയുന്നതോടൊപ്പം ഇക്കുറി ഞങ്ങൾക്ക് വിജയിക്കാൻ ആയില്ല എന്നും സുഹറ പറയുന്നു.
കുറിപ്പ് വായിക്കാം:
ഇക്കുറി നിയമസഭയിൽ 11 വനിതകൾ. പത്തുപേരെ വിജയിപ്പിച്ചെടുത്ത ഇടതു പക്ഷത്തിനു അഭിനന്ദനങ്ങൾ; പക്ഷെ… !.
കേരള നിയമ സഭയുടെ ചരിത്രത്തിലെ ഏറ്റവും അധികം വനിതാ അംഗങ്ങളുണ്ടായ 1996 ലെ സഭയോടൊപ്പം എത്തിയില്ലെങ്കിലും വനിതാ അംഗങ്ങളുടെ എണ്ണം ഇക്കുറി രണ്ടക്കം കടന്നിരിക്കുന്നു. 96ലെ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി വി. എസ് പരാജയപ്പെട്ടതിനാൽ സുശീല ഗോപാലനിലൂടെ ഒരു വനിത മുഖ്യമന്ത്രി കേരളത്തിനുണ്ടാവും എന്ന പ്രതീക്ഷയുണ്ടായിരുന്നു. മുഖ്യമന്ത്രി പദത്തിലേക്കുള്ള സാധ്യതയൊന്നും ഇല്ലെങ്കിലും അത്തരത്തിൽ ഒരു സ്‌ത്രീ മുന്നേറ്റം ശൈലജ ടീച്ചറിലൂടെ ഇക്കുറിയുണ്ടായി. കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം (60963) അവർ കുറിച്ചു കഴിഞ്ഞു. ഇടതു പക്ഷത്തിന്റെ ഭരണ തുടച്ചക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ ശൈലജ ടീച്ചർക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണു എന്റെ വിശ്വാസം. ഐക്യ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ വിജയിച്ച കെ.കെ രമ മാത്രമാണു ഇടതു മുന്നണിക്ക് പുറത്തുള്ള വനിതാ അംഗം. മുൻ സഹപ്രവർത്തക കാനത്തിൽ ജമീലയും ഇക്കുറി നിയമ സഭയിൽ എത്തിയതിൽ സന്തോഷമുണ്ട് (ഒരേ കാലയളവിൽ ഞങ്ങൾ മലപ്പുറം- കോഴിക്കോട് ജില്ലാ പഞ്ചായത്തുകളുടെ പ്രസിഡന്റ് പദവിയിൽ ഉണ്ടായിരുന്നു).
2016 ലെ എട്ടിൽ നിന്ന് ഇക്കുറി 11 ൽ എത്തിയെങ്കിലും സഭയിലെ ആകെ അംഗങ്ങളുടെ പത്ത് ശതമാനം പോലും വനിതകളില്ലെന്നത് മറ്റൊരു വസ്തുത. ‘സ്ത്രീപക്ഷ രാഷ്ട്രീയമെന്ന’ വലിയ നിലപാട് ഉയർത്തിപ്പിടിക്കാനും വനിതാ മുന്നേറ്റവും സ്ത്രീകളുടെയും കുട്ടികളുടെയും സരക്ഷണവും ഉറപ്പുവരുത്താനും ഇവർക്ക് കഴിട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. എന്തെന്നാൽ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ നിയമസഭയിലെ ഭരണപക്ഷ വനിതാ അംഗങ്ങൾക്കോ നിയമസഭാ അംഗങ്ങളെപോലെ പ്രധാനപ്പെട്ട വനിതാ കമ്മീഷനോ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൃത്യമായ നിലപാടെടുക്കാനോ സ്ത്രീ പക്ഷത്ത് ഉറച്ച് നിൽക്കാനോ കഴിഞ്ഞിരുന്നില്ല. സ്ത്രീകളും കുട്ടികളും അക്രമങ്ങൾക്ക് ഇരയായ കേസുകളിൽ പോലും നിലപാടെടുക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ എന്തിനു നമ്മൾ വനിതാ നേതാക്കൾ എന്ന് വിശേഷിപ്പിക്കപ്പെടണം. കൊലപാതക – അക്രമ രാഷ്ട്രീയത്തിൽ ഒടുവിലത്തെ ഇരകൾ എപ്പോഴും കുടുംബിനികളാണ്. അക്രമ രാഷ്ട്രീയ വിഷയങ്ങളിൽ ‘ഇരകളുടെ’ ശബ്ദം കെ.കെ രമയെന്ന ഇടതുമുന്നണിക്ക് പുറത്തുള്ള യഥാർത്ഥ ഇടതുപക്ഷക്കാരിയിലൂടെ കേരള നിയമ സഭയിൽ മുഴങ്ങുമെന്ന പ്രതീക്ഷയുണ്ട്. വനിതാ നേതാക്കൾക്ക് മാത്രം ‘അഡ്രസ്സ്’ ചെയ്യാൻ കഴിയുന്ന ഒട്ടനവധി സ്ത്രീ പ്രശ്നങ്ങളുണ്ട് സമൂഹത്തിൽ. ഞങ്ങൾ കൈകാര്യം ചെയ്യുന്ന പലവിഷയങ്ങളും പൊതു സമൂഹത്തിൽ ഉയർത്തിക്കാണിക്കാവുന്നതല്ല. അതുകൊണ്ട് തന്നെ എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി വരും കാലങ്ങളിൽ കൂടുതലായി മനസ്സിലാക്കാനും അതിനനുസരിച്ചുള്ള അവസരം വനിതകൾക്ക് നൽകാനും തയ്യാറാവണം.
ഇക്കുറി വനിതാ ലീഗിനും വലിയ പ്രതീക്ഷയുണ്ടായുന്നു. പാർട്ടി ഞങ്ങൾക്ക് അവസരം തന്നു അതിൽ നന്ദി രേഖപ്പെടുത്തുന്നു എന്നാൽ ഇക്കുറിയും വിജയത്തിലെത്താൻ ഞങ്ങൾക്കായില്ല. വരും കാലത്ത് ലീഗിന്റെ വിജയങ്ങളിൽ വനിതാ ലീഗിന്റെ കയ്യൊപ്പ് കൂടി പതിയും എന്നും സ്ത്രീപക്ഷ മുന്നേറ്റങ്ങൾക്കും സമരങ്ങൾക്കും നേതൃത്വം നൽകാൻ കഴിയുന്ന വനിതകൾ നിയമ നിർമ്മാണ സഭകളിൽ ലീഗിന്റെ ഉരുക്കുകോട്ടയായ മലപ്പുറം ജില്ലയിൽ നിന്നടക്കം ഉണ്ടാകുമെന്നും ഉറച്ച് വിശ്വസിക്കുന്നു. ഞങ്ങൾ യാത്ര തുടരുകയാണ് പ്രതിപക്ഷത്തുള്ള വനിതാ രാഷ്ട്രീയ സംഘടനയാണെങ്കിലും കഴിഞ്ഞ അഞ്ചു വർഷത്തിനിടക്ക് അടയാളപ്പെടുത്തലുകൾ സാധ്യമായിട്ടുണ്ട്. CAA പ്രക്ഷോഭങ്ങളിൽ പ്രൗഢമായ വലിയ സമരങ്ങൾ നയിച്ച് തുടങ്ങി കലാപം നാശം വിതച്ച ദില്ലിയിൽ ചെറിയ സമാശ്വാമെങ്കിലും പകരാനും, സ്ത്രീകൾ അക്രമങ്ങൾ നേരിട്ടിടങ്ങളിൽ ഇരകൾക്കൊപ്പം നിൽക്കാനും, സമരം കൊണ്ട് കോഴിക്കോട്ടെ മഹിളാ മാൾ സംരഭകൾക്ക് ഒരു തിരിച്ചു തിരിച്ചു വരവ് സാധ്യമാക്കാനും കഴിഞ്ഞിട്ടുണ്ട് എന്ന അഭിമാനത്തോടെ ഇനിയും സ്ത്രീ പക്ഷത്തോടൊപ്പമുള്ള യാത്രതുടരുന്നു.
ഒരിക്കൽ കൂടി നിയുക്ത വനിതാ എം.എൽ.എ മാർക്ക് അഭിനന്ദനങ്ങൾ. തിരുത്തേണ്ടിടത്ത് തിരുത്താനും നീതിക്കായി സമരമുഖത്തും സ്ത്രീപക്ഷ നിലപാടുകളിൽ രാഷ്ട്രീയത്തിനപ്പുറം കൂടെനിൽക്കാനും ഞങ്ങളുമുണ്ടാവുമെന്ന് ഉറപ്പുനൽക്കുന്നു.
സ്നേഹാഭിവാദ്യങ്ങളോടെ,
സുഹറ മമ്പാട്
പ്രസിഡന്റ്, വനിതാ ലീഗ് കേരള സ്റ്റേറ്റ്.