ഗണേശ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനു ഏറ്റവും ഉത്തമമായ ദിവസമാണ് വിനായകചതുർത്ഥി .ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർത്ഥി അഥവാ വെളുത്തപക്ഷ ചതുർത്ഥിയാണ് ഗണപതിയുടെ ജന്മദിനം .ഇതാണ് വിനായക ചതുർത്ഥിയായി ആഘോഷിക്കപ്പെടുന്നത് .ഇന്നേദിവസം ഗണപതിയുടെ ആയിരത്തെട്ട് ഭാവങ്ങളെ വർണ്ണിക്കുന്ന ‘ഗണേശ സഹസ്രനാമം ‘ഭക്തിയോടെ പാരായണം ചെയ്യുന്നത് അത്യുത്തമമാണ് .ഹൈന്ദവ വിശ്വാസികൾ വിഘ്‌നനിവാരണത്തിനായി ഗണപതിപൂജ നടത്തുന്നത് പതിവാണ് .എന്നാൽ വിഘ്‌നേശ്വരൻറെ പിറന്നാൾ ദിനത്തിൽ ചതുർത്ഥി പൂജ നടത്തുന്നത് വിദ്യാ തടസ്സം ,സന്താന തടസ്സം ,മംഗല്യ തടസ്സം ,ഗൃഹനിർമ്മാണതടസ്സം എന്നീ വിഘ്‌നങ്ങൾ ഒഴിവാക്കാൻ അത്യുത്തമമാണ് .
ചതുർഥി ദിനത്തിൽ സൂര്യോദയത്തിനു മുന്നേ കുളിച്ചു ശുദ്ധിവരുത്തി നിലവിളക്കു തെളിയിച്ചു ഗണപതി ഗായത്രികൾ ഭക്തിയോടെ ജപിക്കണം .108 തവണ ജപിക്കുന്നതാണ് ഉത്തമമെങ്കിലും കുറഞ്ഞത് 10 തവണയെങ്കിലും ജപിക്കാൻ ശ്രമിക്കണം .ഉദ്ധിഷ്ഠ കാര്യസിദ്ധിക്കായി
“ഓം ഏക ദന്തായ വിദ് മഹേ
വക്രതണ്ഡായ ധീമഹി
തന്നോ ദന്തി പ്രചോദയാത് “
എന്ന മന്ത്രവും .വിഘ്‌നനിവാരണത്തിനായി
“ഓം ലംബോദരായ വിദ് മഹേ
വക്രതു ണ്ഡായ ധീമഹി
തന്നോ ദന്തി പ്രചോദയാത് ” എന്ന മന്ത്രവും ഉരുവിടുന്നത് ഉത്തമമാണ് .
വിനായക ചതുർഥി ദിനത്തിൽ ചന്ദ്രനെ ദർശിക്കാൻ പാടില്ല എന്ന് മുതിർന്നവർ പറയാറുണ്ട് .ഇതിനു പിന്നിൽ ഒരു കഥയുണ്ട് .ഒരിക്കൽ പിറന്നാൾ സദ്യയുണ്ട് എഴുന്നേൽക്കാൻ ശ്രമിച്ച ഗണപതി ഭഗവാൻ അടിതെറ്റി വീണു.ഇത് കണ്ട് ചന്ദ്രൻ കളിയാക്കിചിരിച്ചു .ഇതിൽ കോപിഷ്‌ഠനായ ഗണപതി ഭഗവാൻ “ഇന്നേ ദിവസം നിന്നെ ദർശിക്കുന്നവർക്കെല്ലാം ദുഷ്‌പേര് കേൾക്കാൻ ഇടയാവട്ടെ “എന്ന് ശപിക്കുകയും ചെയ്തു .അതിനാൽ ഈ ദിവസം ചന്ദ്രനെ കാണുന്നത് മാനഹാനിക്ക് ഇടയാകും എന്നൊരു വിശ്വാസം നിലനിൽക്കുന്നു .