Spread the love

എല്ലാ വർഷവും മെയ് 6 ന് ഇന്റർനാഷണൽ നോ ഡയറ്റ് ദിനം ആഘോഷിക്കുന്നു. ഇത് ശരീര സ്വീകാര്യതയുടെ ആഘോഷമാണ്, അതിൽ എല്ലാ ആകൃതികളും വലുപ്പങ്ങളും ഉൾപ്പെടുന്നു. ഇത് ശരീര സ്വീകാര്യതയെയും ശരീര ആകൃതി വൈവിധ്യത്തെയും കുറിച്ചുള്ള അവബോധം ഉയർത്തുന്നു. ഏത് വലുപ്പത്തിലും ആരോഗ്യത്തെ കേന്ദ്രീകരിച്ച് ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരാൻ ഇൻ്റർനാഷണൽ നോ ഡയറ്റ് ഡേ പ്രോത്സാഹിപ്പിക്കുന്നു..

നോ ഡയറ്റ് ഡേ യെ കുറിച്ച് തോമസ് റാഹേൽ മത്തായി എഴുതിയ കുറിപ്പ് വായിക്കാം:

ഇന്ന് നോ ഡയറ്റ് ഡേ. ഡയറ്റിങ് നല്ലതല്ലേ, പിന്നെ എന്തിനാ നോ ഡയറ്റ് ഡേ. പറയാം.

കൊഴുപ്പ് തീരെ പുറത്ത് കാണാത്ത ശരീരമാണ് ഭംഗിയുള്ള ശരീരം എന്ന ചിന്ത മനസ്സിൽ വേരുറച്ചവരാണ് നമ്മിലധികവും. മീഡിയായും ഇന്റർനെറ്റും ചേർന്ന് തലയിൽ അടിച്ചുറപ്പിച്ചതാണ് ഈ ഇമേജ്. എവിടെ നോക്കിയാലും വണ്ണം കുറഞ്ഞിരിക്കുന്നതാണ് യൗവനത്തിന്റെ ലക്ഷണം, അല്ലെങ്കിൽ സൗന്ദര്യത്തിന്റെ മാനദണ്ഡം എന്നർത്ഥം വരുന്ന പോസ്റ്റുകളും പരസ്യങ്ങളുമല്ലേ. മമ്മൂട്ടിയെയും കൂടെ അഭിനയിച്ച ഒരു നടനെയും കാണിച്ചിട്ട്, ദാ കണ്ടോ മമ്മൂട്ടി ചെറുപ്പമായിരിക്കുന്നു എന്ന് ശരീരഭാരത്തെ മാത്രം ആസ്പദമാക്കി പറയുമ്പോൾ, മറ്റെയാളെ ക്രൂരമായി ഷെയിം ചെയ്യുകയാണ് നമ്മൾ. എന്തിന്, ബോഡി ഷെയ്മിങ്ങിനെതിരെ വാ തോരാതെ സംസാരിക്കുന്നവർ പോലും, പ്രേമിക്കുന്ന ചെറുക്കന് വയറ് ചാടിയിട്ട് ആവരുത്, അല്ലെങ്കിൽ കെട്ടാൻ പോണ പെണ്ണിന് തടി പാടില്ലാ എന്നെല്ലാം വാശി പിടിക്കുന്നതായി കാണാറുണ്ട്. ശരീരഭാരം കൂടുതൽ ഉള്ളവരെ കാണുമ്പോൾ കുശുകുശുക്കാനും കൂട്ടം ചേർന്ന് കളിയാക്കാനും യാതൊരു ദാക്ഷിണ്യവും കാണിക്കാത്ത സമൂഹമാണ് നമ്മുടേത്.

സ്‌കൂളിൽ പഠിക്കുന്ന കാലം തൊട്ടേ വണ്ണമുള്ളതിന്റെ പേരിൽ ബുള്ളിയിങ് അനുഭവിക്കുന്നയാളാണ് ഞാൻ. ‘തടിയാ’ എന്ന സഹപാഠികളുടെയും അധ്യാപകരുടെയും വിളി വല്ലാതെ മനസ്സിനെ നോവിച്ചിരുന്നു. കളിക്കാൻ ചെന്നാൽ കൂട്ടംചേർന്ന് ക്രൂരമായ പരിഹാസം, ‘ഒന്ന് അനങ്ങി ഓടെടാ’ എന്നാർത്ത് ചിരിക്കുന്ന കൂട്ടുകാർ. ഇപ്പോൾ നിങ്ങൾക്കിത് സില്ലിയായി തോന്നാമെങ്കിലും, ഒരു കുട്ടിയുടെ മനസ്സിന് അതൊരു മുറിവ് തന്നെയാണ്. പലപ്പോഴും കരഞ്ഞ് കൊണ്ട് ഗ്രൗണ്ടിൽ നിന്ന് വീട്ടിലേക്ക് മടങ്ങി വന്നിട്ടുണ്ട്. അന്ന് അപ്പനും അമ്മയുമാണ് ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചത്. ബസിൽ സ്ഥിരമായി കേറുന്ന ഒരു ചേട്ടൻ ‘നിന്നെ കണ്ടാൽ ഷക്കീലയെ പോലെ ഉണ്ട് മോനെ’ എന്ന് പറഞ്ഞ് തുടകളിൽ അമർത്തി പിടിക്കാറുള്ളത് ഇന്നും അറപ്പോടെ ഓർക്കുന്നു. അന്ന് ഷക്കീല ആരാണെന്ന് പോലും അറിയില്ലാത്ത പ്രായം. അങ്ങനെ പറയാൻ ഇഷ്ടപ്പെടാത്ത എത്രയോ അനുഭവങ്ങൾ.

ഏഴിലോ എട്ടിലോ പഠിക്കുമ്പോളാണെന്ന് തോന്നുന്നു, ഇതിനൊരു അന്ത്യം വരണം, എല്ലാവരും എന്നെ അവരിലൊരാളായി ആക്‌സെപ്റ്റ് ചെയ്യണം എന്ന ആഗ്രഹത്തോടെ ഞാൻ കഠിനമായി ഡയറ്റ് ചെയ്യാൻ തീരുമാനിച്ചു. വളരുന്ന പ്രായം ആയിട്ട് കൂടി, ഭക്ഷണം അങ്ങേയറ്റം കുറച്ച്, ഉച്ചയ്ക്ക് ഒരു പഴം മാത്രം കഴിച്ച് പട്ടിണി കിടന്നു. വിശന്നാലും കുഴപ്പമില്ലാ എങ്ങനേലും വെയ്റ്റ് കുറയ്ക്കണം, ബാക്കിയുള്ളവരുടെ കൂടെ നോർമലായി ബിലോങ് ചെയ്യണം എന്ന് മാത്രമായിരുന്നു മനസ്സിൽ. അത് വഴി കുറച്ച് നാൾ വെയ്റ്റ് കുറച്ച് നിലനിർത്താൻ സാധിച്ചെങ്കിലും, പിന്നീട് സാധാരണ പോലെ ഭക്ഷണം കഴിച്ച് തുടങ്ങിയപ്പോൾ പോയ വെയ്റ്റ് അതേ പോലെ തിരികെ വന്നു.

കോളേജ് കാലഘട്ടത്തിൽ പരിഹാസങ്ങൾ തുടർന്നെങ്കിലും, അപ്പോഴേക്കും മനസ്സ് ഒന്ന് പാകപ്പെട്ടിരുന്നു. ഇനിയാര് എന്ത് പറഞ്ഞാലും വിഷമിക്കില്ലാ എന്നങ്ങ് തീരുമാനിച്ചു. പിന്നീട് സൈക്യാട്രി പിജി ചെയ്തപ്പോളാണ് ശരീരഭാരത്തെ സംബന്ധിച്ച പല ശാസ്ത്രീയ വസ്തുതകളും വായിച്ചറിഞ്ഞത്. ഒരു മനുഷ്യന് ശരീരഭാരം കൂടുന്നത് അയാൾ മനഃപൂർവം വിചാരിച്ചിട്ടല്ലാ, അതിന് പിന്നിൽ വളരെ കോംപ്ലിക്കേറ്റഡായ ന്യൂറോബയോളജിയും ജെനെറ്റിക്സും എൻഡോക്രൈൻ ഫാക്ടേഴ്സും ഉണ്ടെന്ന് വ്യക്തമായി. അത് പോലെ, ശരീരഭാരം കുറയ്ക്കുക എന്നത് പരസ്യങ്ങളിൽ പറയുന്നത് പോലെ വെറും വിൽപവറിന്റെ കളിയല്ലെന്നും, എല്ലാവർക്കും അത് അത്ര എളുപ്പമല്ലെന്നും മനസ്സിലായി. മൈര്!! പിന്നെന്തിനാണ് ഇവറ്റകളെല്ലാം നമ്മളെന്തോ തെറ്റ് ചെയ്ത പോലെ ഇങ്ങനെ ചെറുപ്പം മുതൽക്കേ പീഡിപ്പിക്കുന്നത്, എന്തിനാണ് ഒന്നുമറിയാത്ത പ്രായത്തിൽ വിശപ്പ് കടിച്ചു പിടിച്ച് പട്ടിണി കിടക്കേണ്ടി വന്നത്.

ഇത് എന്റെ മാത്രം അനുഭവമല്ലാ. സമൂഹം സൃഷ്ടിച്ച ഈ ബോഡി ഇമേജ് തടവറയ്ക്കുള്ളിൽ കിടന്ന് നരകിച്ച്, ഓരോ നിമിഷവും സ്വന്തം ശരീരത്തെയും സെല്ഫിനെയും വെറുത്ത് ജീവിക്കുന്ന അനേകം പേരുണ്ട് നമുക്ക് ചുറ്റും. പലരിലും അത് Anorexia nervosa, bulimia nervosa തുടങ്ങിയ ഈറ്റിങ് ഡിസോർഡേഴ്സായി മാറാറുണ്ട്. ഓരോ വട്ടം ഭക്ഷണം കഴിക്കുമ്പോഴും തനിക്ക് വെയ്റ്റ് കൂടുമോ എന്ന് ആകുലപ്പെട്ട് കഴിയുന്നവർ, എപ്പോഴും കണ്ണാടി നോക്കി കരയുന്നവർ, വിശപ്പ് മാറാനായി കോട്ടൻ ബോൾസ് തിന്നുന്നവർ, കഴിച്ച ഉടനെ കുറ്റബോധം സഹിക്കാൻ വയ്യാതെ വായിൽ വിരലിട്ട് ഛർദ്ദിച്ച് കളയുന്നവർ… ഇവരെ എല്ലാം രോഗികളാക്കുന്നത് നിങ്ങളും ഞാനുമടങ്ങുന്ന സമൂഹമാണ്, അതിനെയാണ് അവർ നിരന്തരം ഭയക്കുന്നത്.

അതേ തടവറയിൽ കിടന്ന്, തനിക്ക് വെയ്റ്റ് കൂടുമോ തന്നെ എല്ലാവരും ഇഷ്ടപ്പെടാതെ വരുമോ എന്ന ഇൻസെക്യൂരിറ്റിയെ മറ്റുള്ളവരിലേക്ക് പ്രോജക്ട് ചെയ്ത്, അവരെ കളിയാക്കി നടക്കുന്നവരുടെ അവസ്‌ഥയും കഷ്ടമാണ്. അതും മനോവൈകല്യം തന്നെ. ജാതി, മതം, നിറം പോലെ, ഒരാളുടെ ശരീരം നോക്കി വിവേചനം കാണിക്കാൻ പ്രേരിപ്പിക്കുന്ന, മനുഷ്യനെ പല മനോരോഗങ്ങൾക്കും അടിമപ്പെടുത്തുന്ന ഈ ഡയറ്റ് കൾച്ചറിന് എതിരെയുള്ള പ്രതിഷേധമാണ് No diet day. ഫാറ്റ് ആക്‌സെപ്റ്റൻസാണ് ലക്ഷ്യം. അതായത്, ഇന്ന് ഡയറ്റ് ഒന്നും വേണ്ടാ, ഇഷ്ടമുള്ളത് കഴിച്ചോളാൻ.

See, നിങ്ങൾക്കാർക്ക് വേണേലും വെയ്റ്റ് കുറയ്ക്കാം, അതിപ്പോൾ ലാലേട്ടനായാലും മഞ്ജു വാര്യരാണേലും, അത് ഓരോരുത്തരുടെ ഇഷ്ടം. പക്ഷേ അത് ഒരിക്കലും യൗവനത്തിന്റെയോ ചുറുചുറുക്കിന്റെയോ സിംബൽ ആവുന്നില്ലാ. ശരീരഭാരം കൂടുതലുള്ളവരെ by default രോഗികളായും വിരൂപരായും കാണുന്നത് നിർത്തണം, അവരെ ഇൻസെക്യൂർ ആക്കുന്ന ഫാഷൻ മാസികകളും മീഡിയാ പ്രചരണങ്ങളും ചവറ്റുകുട്ടയിൽ തള്ളുക. എല്ലാ തരം ശരീരങ്ങളും ബ്യൂട്ടിഫുളാണ്. I repeat, all bodies are beautiful. ഇത് ഈ നാട്ടിലെ ഓരോ കുട്ടിയും മനസ്സിലാക്കി വളരണം. ഈ പേരിൽ ഇനിയാരും വേദനിക്കരുത്, ഒറ്റപ്പെടരുത്.

Leave a Reply