കോവിഡ് ബാധിച്ച് ഹോം ക്വാറന്റൈനില്‍ കഴിയുന്ന രോഗികള്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍.
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ഹോം ക്വാറന്റൈനില്‍ കഴിയുന്ന രോഗികള്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. നേരിയ രോഗലക്ഷണങ്ങള്‍ മാത്രം ഉള്ളവര്‍ക്കും രോഗലക്ഷണമില്ലാത്ത രോഗികള്‍ക്കും കുറഞ്ഞത് പത്തുദിവസത്തെ ഹോം ക്വാറന്റൈന്‍ കഴിഞ്ഞാല്‍ കോവിഡ് പരിശോധന നടത്തേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ
മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയ ദിവസം മുതല്‍ കുറഞ്ഞത് പത്തുദിവസം വരെ ഹോം ക്വാറന്റൈനില്‍ കഴിഞ്ഞവര്‍ക്ക് പരിശോധന വേണ്ട.
മൂന്ന് ദിവസം തുടര്‍ച്ചയായി പനിയില്ലെന്ന് ഉറപ്പുവരുത്തണം. രോഗലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ക്ക് കോവിഡ് പരിശോധനയ്ക്കായി സാമ്ബിള്‍ എടുത്ത ദിവസം മുതലാണ് കണക്കാക്കുക.
മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവരെ നേരിയ രോഗലക്ഷണമുള്ളവരാണോ, രോഗലക്ഷണമില്ലാത്തവരാണോ എന്ന് നിര്‍ണയിക്കുക. ഒരു രോഗലക്ഷണവും കാണിക്കാതിരിക്കുകയും ഓക്‌സിജന്‍ ലെവല്‍ 94 ശതമാനത്തിന് മുകളില്‍ ഉള്ളവരെയുമാണ് രോഗലക്ഷണങ്ങളില്ലാത്തവര്‍ എന്ന് കണക്കാക്കുക. ശ്വാസകോശത്തിന് മുകളില്‍ നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് പത്തുദിവസത്തെ ഹോം ക്വാറന്റൈനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. ഹോം ക്വാറന്റൈന്‍ സമയത്ത് ഇവരെ 24മണിക്കൂറും നിരീക്ഷിക്കണം. ആശുപത്രിയുമായി ബന്ധപ്പെടുന്നതിനുള്ള സൗകര്യം ഒരുക്കുകയും വേണം.
60 വയസിന് മുകളിലുള്ളവര്‍ക്കും രക്തസമ്മര്‍ദ്ദം, പ്രമേഹം പോലെ മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കും മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹോം ക്വാറന്റൈന്‍ നിര്‍ദേശിക്കുക. ആരോഗ്യനില വഷളായാല്‍ ഉടന്‍ തന്നെ ഡോക്ടറെ അറിയിക്കണം. പാരസെറ്റമോള്‍ 650 മില്ലിഗ്രാം വീതം ഒരു ദിവസം നാലുതവണ വീതം നല്‍കിയിട്ടും പനി നിയന്ത്രണവിധേയമായില്ലെങ്കില്‍ നാപ്രോക്‌സെന്‍ പോലുള്ള എന്‍എസ്‌എഐഡി മരുന്നുകള്‍ നല്‍കുന്നതിനെ കുറിച്ച് ഡോക്ടര്‍ പരിശോധിക്കണം. രോഗലക്ഷണങ്ങള്‍ തുടര്‍ന്നാല്‍ ഐവര്‍മെക്ടിന്‍ പോലുള്ള മരുന്നുകള്‍ നല്‍കുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും ഉത്തരവില്‍ പറയുന്നു. ആന്റി വൈറല്‍ മരുന്നായ റെംഡിസിവിര്‍ മരുന്ന് ആശുപത്രിയില്‍ വച്ച് മാത്രമേ നല്‍കാവൂ എന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.