Spread the love

ഗുരുവായൂർ ക്ഷേത്രത്തിന് 5,000 വർഷം എങ്കിലും പഴക്കം ഉണ്ട് എന്നു വിശ്വസിക്കുന്നു. ആദ്യകാലത്ത് ഇത് ഒരു ദ്രാവിഡ ക്ഷേത്രമായിരുന്നു. പിന്നീട് ബുദ്ധക്ഷേത്രമായും മാറി. ഗുരുവായൂർ ക്ഷേത്രത്തെ പ്രതിപാദിക്കുന്ന ഏറ്റവും പഴയ കൃതി 14-ആം നൂറ്റാണ്ടിലെ തമിഴ് പുസ്തകമായ ‘കോകസന്ദേശം’ ആണ്. ഇതിൽ കുരുവായൂർ എന്ന് പ്രതിപാദിച്ചിരിക്കുന്നു. 16-ആം നൂറ്റാണ്ടിലെ പല കൃതികളിലും ഗുരുവായൂരിനെ കുറിച്ചുള്ള കുറിപ്പുകളും വർണ്ണനയും കാണാം. എങ്കിലും മേൽപ്പത്തൂരിന്റെ നാ‍രായണീയം ആണ് ഗുരുവായൂർ ക്ഷേത്രത്തെ പ്രശസ്തമാക്കിയത്. “തിരുന്നാവായ കഴിഞ്ഞാൽ പ്രാധാന്യം കൊണ്ടു രണ്ടാമതുവരുന്നതു തൃശ്ശൂൽ ജില്ലയിൽ ചാവക്കാട് താലൂക്കിലുള്ള ഗുരുവായൂർ ക്ഷേത്രമാണ്. തളർവാതരോഗശാന്തിക്കു പുകൾപ്പെറ്റതാണ് ഈ ഹൈന്ദവാരാധന കേന്ദ്രം” വില്യം ലോഗൻ മലബാർ മാനുവലിൽ ഇങ്ങനെയാണ് ഗുരുവായൂർക്ഷേത്രത്തെ രേഖപ്പെടുത്തിയിരിക്കുന്നത്.

നൂറുകണക്കിന് വർഷങ്ങളിൽ ഗുരുവായൂർ മുസ്ലീം – യൂറോപ്യൻ കടന്നുകയറ്റക്കാരുടെ ആക്രമണത്തിനു പാത്രമായി. 1716-ൽ ഡച്ചുകാർ ഗുരുവായൂർ ക്ഷേത്രം ആക്രമിച്ച് ക്ഷേത്രത്തിലെ വിലപിടിച്ച വസ്തുക്കളും സ്വർണ്ണക്കൊടിമരവും കൊള്ളയടിച്ച് വടക്കേ ഗോപുരത്തിന് തീവെച്ചു. ക്ഷേത്രം 1747-ൽ പുനരുദ്ധരിച്ചു. 1755-ൽ സാമൂതിരിയുമായുള്ള യുദ്ധത്തിൽ ഡച്ചുകാർ തൃക്കുന്നവായ് ക്ഷേത്രം നശിപ്പിച്ചു. ഇവിടെ നിന്ന് ബ്രാഹ്മണർ പലായനം ചെയ്തു. പിന്നീട് സാമൂതിരി ഗുരുവായൂരിന്റെയും തൃക്കുന്നവായ് ക്ഷേത്രത്തിന്റെയും സംരക്ഷകനായി. ഈ ക്ഷേത്രങ്ങളിലെ മേൽക്കോയ്മ സാമൂതിരിക്കായിരുന്നു.
1766-ൽ മൈസൂരിലെ ഹൈദരലി കോഴിക്കോടും ഗുരുവായൂരും പിടിച്ചടക്കി. ഗുരുവായൂർ ക്ഷേത്രം നശിപ്പിക്കാതിരിക്കാൻ ഹൈദരലി 10,000 പണം കപ്പം ചോദിച്ചു. ഈ സംഖ്യ നൽകിയെങ്കിലും അരക്ഷിതാവസ്ഥയെ തുടർന്ന് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരുടെ എണ്ണം കുറഞ്ഞു. മലബാർ ഗവർണ്ണറായിരുന്ന ശ്രീനിവാസ റാവുവിന്റെ അഭ്യർത്ഥനയെത്തുടർന്ന് ഹൈദരലി ദേവദയ നൽകുകയും ക്ഷേത്രം നാശോന്മുഖമാവാതെ ഇരിക്കുകയും ചെയ്തു. എങ്കിലും 1789-ൽ ഹൈദരലിയുടെ മകനായ ടിപ്പു സുൽത്താൻ സാമൂതിരിയുടെ സാമ്രാജ്യം ആക്രമിച്ചു. മുൻപ് പല ക്ഷേത്രങ്ങളും ടിപ്പു സുൽത്താൻ നശിപ്പിച്ചിരുന്നു. ടിപ്പുവിന്റെ ആക്രമണത്തെ ഭയന്ന് ഉത്സവ വിഗ്രഹവും മൂർത്തിയും മല്ലിശ്ശേരി നമ്പൂതിരിയും കക്കാട് ഓതിക്കനും ചേർന്ന് അമ്പലപ്പുഴയിലേക്ക് കൊണ്ടുപോയി. ടിപ്പു ക്ഷേത്രത്തിനു ചുറ്റുമുള്ള ചെറിയ കോവിലുകൾ നശിപ്പിക്കുകയും ക്ഷേത്രത്തിന് തീവെക്കുകയും ചെയ്തു. എങ്കിലും പെട്ടെന്ന് ഉണ്ടായ മഴയെത്തുടർന്ന് ക്ഷേത്രം രക്ഷപെട്ടു. പിന്നീട് 1792-ൽ സാമൂതിരിയും ബ്രിട്ടീഷുകാരും ചേർന്ന് ടിപ്പു സുൽത്താനെ തോൽപ്പിച്ചു. സംരക്ഷിച്ചിരുന്ന മൂർത്തിയും ഉത്സവ വിഗ്രഹവും 1792 സെപ്റ്റംബർ 17-നു പുനഃസ്ഥാപിച്ചു. പക്ഷേ ഈ സംഭവ ഗതികൾ ക്ഷേത്രത്തിലെ നിത്യ പൂജയെയും ആചാരങ്ങളെയും സാരമായി ബാധിച്ചിരുന്നു.

തീപിടിത്തം

1970 നവംബർ 30-നു ക്ഷേത്ര സമുച്ചയത്തിൽ ഒരു തീപിടിത്തം ഉണ്ടായി. പടിഞ്ഞാറേ ചുറ്റമ്പലത്തിൽ നിന്ന് തുടങ്ങിയ തീ 5 മണിക്കൂറോളം ആളിക്കത്തി. ശ്രീകോവിൽ ഒഴിച്ച് മറ്റെല്ലാം ഈ തീയിൽ ദഹിച്ചു. വിഗ്രഹവും ഗണപതി, ശാസ്താവ്, ഭഗവതി എന്നിവരുടെ കോവിലുകളും കൊടിമരവും മാത്രം അൽഭുതകരമായി തീയിൽ നിന്ന് രക്ഷപെട്ടു. എന്നാൽ വിഗ്രഹം ഇപ്പോൾ അംഗഭംഗം സംഭവിച്ച നിലയിലാണ്. കിഴക്കോട്ട് ദർശനമായ പ്രതിഷ്ഠയായതിനാൽ രാവിലെ വരുന്നവർക്ക് അവ വ്യക്തമായി കാണാം. ജാതി മത പ്രായ ഭേദമന്യേ എല്ലാ തുറകളിലെ ആളുകളും ഈ തീ അണയ്ക്കാൻ പരിശ്രമിച്ചു.

ഏകാദശിവിളക്ക് സമയത്തായിരുന്നു ഈ തീപിടിത്തം നടന്നത്. ഈ ഉത്സവ സമയത്ത് വിളക്കുമാടത്തിലെ എല്ലാ വിളക്കുകളും ജ്വലിപ്പിച്ചിരുന്നു. ശീവേലി പ്രദക്ഷിണത്തിനു ശേഷം ഉത്സവ പരിപാടികൾ കഴിഞ്ഞ് ഗോപുരത്തിന്റെ എല്ലാ നടകളും അടച്ചുകഴിഞ്ഞിട്ടായിരുന്നു ഈ തീപിടിത്തം. പടിഞ്ഞാറേ ചുറ്റമ്പലത്തിനു സമീപം താമസിക്കുന്ന ആരോ ക്ഷേത്രത്തിനുള്ളിൽ തീ കണ്ട് മറ്റ് ആൾക്കാരെ വിളിച്ചുകൂട്ടുകയായിരുന്നു. ആയിരക്കണക്കിന് ആളുകൾ മണ്ണും വെള്ളവും ഉപയോഗിച്ച് ഈ തീ അണയ്ക്കാൻ പരിശ്രമിച്ചു. പൊന്നാനി, തൃശ്ശൂർ, ഫാക്ട് എന്നിവിടങ്ങളിലെ അഗ്നിശമന സേനാംഗങ്ങളും ഈ തീ അണയ്ക്കാൻ പരിശ്രമിച്ചു. രാവിലെ 5.30-ഓടു കൂടി തീ പൂർണ്ണമായും അണഞ്ഞു.

അനിയന്ത്രിതമായ തീ കണ്ട് അധികാരികൾ വിലപിടിപ്പുള്ളതെല്ലാം ശ്രീകോവിലിനുള്ളിൽ നിന്നു മാറ്റിയിരുന്നു. ഗണപതി മൂർത്തി, ശാസ്താവിന്റെ മൂർത്തി, ഗുരുവായൂരപ്പന്റെ പ്രധാന മൂർത്തി എന്നിവ ചുറ്റമ്പലത്തിലേക്കും പിന്നീട് കൂടുതൽ സുരക്ഷിതമായ ഇടം എന്ന നിലയ്ക്ക് തന്ത്രിയുടെ ഗൃഹത്തിലേക്കും മാറ്റി. ചുറ്റമ്പലവും പടിഞ്ഞാറേ വിളക്കുമാടവും തെക്ക്, വടക്കു വശങ്ങളും മുഴുവനായി അഗ്നിക്കിരയായി. ശ്രീകോവിലിൽ നിന്നും 3 വാര മാത്രം അകലത്തായിരുന്നു ചുറ്റമ്പലം എങ്കിലും ശ്രീകോവിലിൽ മാത്രം തീ പിടിച്ചില്ല. 1977 ൽ ഗുരുവായൂർ ദേവസ്വം നിയമം നിലവിൽ വന്നു.

തീപിടിത്തത്തിനു ശേഷം വൻ തോതിലുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു. പൊതുജനങ്ങളുടെ‍ നിർലോഭമായ സഹകരണം മൂലം Rs. 26, 69,000/- പിരിച്ചെടുക്കാൻ സാധിച്ചു. കേരളത്തിലെ പ്രശസ്തരായ ജ്യോത്സ്യരെ സമ്മേളിപ്പിച്ച് ക്ഷേത്രാധികാരികൾ ഭഗവാന്റെ ഇംഗിതം എന്താണെന്ന് ആരാഞ്ഞു. വടക്ക്, കിഴക്ക് വാതിലുകൾക്ക് വീതികൂട്ടുവാനുള്ള ആശയം ഒഴിച്ച് ഈ യോഗം തീരുമാനിച്ച മറ്റെല്ലാ നിർദ്ദേശങ്ങളും അംഗീകരിച്ചു. പുനരുദ്ധാരണത്തിനുള്ള തറക്കല്ല് ജഗദ്ഗുരു കാഞ്ചി കാമകോടി മഠാതിപതി ജയേന്ദ്ര സരസ്വതി സ്വാമികൾ ആണ് സ്ഥാപിച്ചത്. രണ്ട് വാതിൽമാടങ്ങളിലെ പത്ത് ഉരുണ്ട തൂണുകൾ മനോഹരമായി കൊത്തുപണി ചെയ്തു. ഇവിടെ ഇരുന്നായിരുന്നു മേൽപ്പത്തൂർ നാരായണ ഭട്ടതിരി നാരായണീയം എഴുതിയത്. തീപിടുത്തത്തിനു ശേഷം വിളക്കുമാടത്തിൽ ആദ്യമായി തിരിതെളിച്ചത് 1973 ഏപ്രിൽ 14-നു (വിഷു ദിവസം) ആയിരുന്നു.

വാസ്തുവിദ്യ

തനതായ കേരളീയ വാസ്തുവിദ്യാ ശൈലിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ദേവശില്പിയായ വിശ്വകർമ്മാവ് ആണ് ഇവിടെ ആദ്യത്തെ ക്ഷേത്രം നിർമ്മിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. വിഷുദിവസത്തിൽ സൂര്യന്റെ ആദ്യ കിരണങ്ങൾ ഗുരുവായൂരിലെ വിഷ്ണുവിന്റെ കാൽക്കൽ വീഴുന്ന വിധത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് (കിഴക്കോട്ട് ദർശനം). ഇങ്ങനെ സൂര്യൻ വിഷു ദിവസത്തിൽ ആദ്യമായി വിഷ്ണുവിന് വന്ദനം അർപ്പിക്കുന്നു.

ക്ഷേത്രത്തിന് കിഴക്കുവശത്തും പടിഞ്ഞാറുവശത്തും രണ്ട് കവാടങ്ങളുണ്ട്. ഭഗവദ്ദർശനവശമായ കിഴക്കുവശത്തുള്ളതാണ് പ്രധാനം. തിരക്കില്ലാത്തപ്പോൾ അവിടെനിന്നുനോക്കിയാൽത്തന്നെ ഭഗവദ്വിഗ്രഹം കാണാൻ സാധിക്കും.

ക്ഷേത്രത്തിലെ നിത്യനിദാനം

ഗുരുവായൂരിൽ നിത്യേന അഞ്ചുപുജകളും മൂന്നുശീവേലികളുമുണ്ട്. ക്ഷേത്രത്തിന്റെ ശ്രീകോവിൽനട തുറക്കുന്നത് പുലർച്ചെ മൂന്ന് മണിക്കാണ്. ആ സമയത്ത് മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ച നാരായണീയവും എഴുത്തച്ഛൻ രചിച്ച ഹരിനാമകീർത്തവും പൂന്താനം നമ്പൂതിരി രചിച്ച ജ്ഞാനപ്പാനയും ശംഖനാദവും തകിലും നാദസ്വരവും കൊണ്ട് ഭഗവാൻ പള്ളിയുണർത്തപ്പെടുന്നു. തലേന്നു ചാർത്തിയ അലങ്കാരങ്ങളോടെ വിരാജിക്കുന്ന ഭഗവത് വിഗ്രഹം ദർശിച്ച് ഭക്തജനങ്ങൾ നിർവൃതി നേടുന്നു. ഈ ദർശനത്തിനെ “നിർമാല്യ ദർശനം“ എന്ന് പറയുന്നു.

വാകച്ചാർത്ത്

ബിംബത്തിൽ എണ്ണയഭിഷേകം നടത്തുന്നു. തുടർന്ന് എണ്ണയുടെ അംശം മുഴുവനും തുടച്ചുമാറ്റിയ ശേഷം ബിംബത്തിന്മേൽ നെന്മേനി വാകയുടെ പൊടി തൂവുന്നു. ഇതാണ് വാകച്ചാർത്ത്. വാകച്ചാർത്തിനു ശേഷം ശംഖാഭിഷേകം നടത്തുന്നു. മന്ത്രപൂതമായ തീർത്ഥം ശംഖിൽ നിറച്ച് അഭിഷേകം നടത്തുന്നു. പിന്നീട് സുവർണ്ണ കലശത്തിലെ ജലാഭിഷേകത്തോടെ അഭിഷേകചടങ്ങുകൾ സമാപിക്കുന്നു. ഭഗവാന്റെ പള്ളിനീരാട്ടാണ് ഇത്. പിന്നെ മലർ നിവേദ്യമായി. മലർ,ശർക്കര,കദളിപ്പഴം എന്നിവയാണ് 

അപ്പോഴത്തെ നൈവേദ്യങ്ങൾ.

ഉഷ:പൂജ

മലർനിവേദ്യത്തെ തുടർന്ന് ഉഷ:പൂജയായി. ഇതിനു അടച്ചു പൂജയുണ്ട്. ധാരാളം ശർക്കര ചേർത്ത നെയ്പ്പായസം, വെണ്ണ, കദളിപ്പഴം, പഞ്ചസാര, വെള്ളനിവേദ്യം എന്നിവയാണ് ഉഷ:പൂജയുടെ നിവേദ്യങ്ങൾ.

എതിർത്ത് പൂജ

ഈ സമയമാകുമ്പോഴേക്കും സൂര്യോദയമാകും. ഈ പൂജയ്ക്കാണ് “എതിർത്ത് പൂജ” എന്ന് പറയുന്നത്. ബാലഭാസ്കരനഭിമുഖമായി വിരാജിക്കുന്ന ഭഗവത്ബിംബത്തിന്മേൽ നിർവഹിക്കുന്ന പൂജയായതിനാലാണ് ഈ പൂജയ്ക്ക് എതിർത്ത് പൂജ എന്ന പേർ സിദ്ധിച്ചത്. ഈ പൂജയുടെ സമയത്ത് തിടപ്പള്ളിയിൽ ഗണപതിഹോമം നിർവഹിക്കപ്പെടുന്നു. ഗണപതിഹോമത്തിലെ അഗ്നികുണ്ഡത്തിൽ നിന്നുമെടുത്ത അഗ്നി കൊണ്ടായിരുന്നുവത്രെ പണ്ട് തിടപ്പള്ളിയിൽ തീ പിടിപ്പിച്ചിരുന്നത്. ഈ സമയത്തു തന്നെ ക്ഷേത്രത്തിലെ ഉപദേവന്മാർക്കും കീഴ്ശാന്തിമാർ പൂജ നടത്തുന്നു. അകത്ത് ഗണപതി, പുറത്തെ പ്രദക്ഷിണവഴിയിൽ അയ്യപ്പൻ, വടക്കുകിഴക്കുഭാഗത്ത് ഇടത്തരികത്തു കാവിൽ ഭഗവതി എന്നിവരാണ് ഉപദേവതകൾ. ഗണപതിക്കും അയ്യപ്പനും വെള്ളനിവേദ്യമാണ്. കദളിപ്പഴം, പഞ്ചസാര, ത്രിമധുരം എന്നിവ സാമാന്യമായി എല്ലാ ഉപദേവന്മാർക്കും നിവേദിക്കപ്പെടുന്നു.

ശീവേലി

തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് ശീവേലിയുടെ ആന്തരാർത്ഥം. അവർക്ക് നൽകുന്ന ബലിയാൺ ശ്രീബലി-ശീവേലി. ദ്വാരപാലകരും ഭൂതഗണങ്ങളും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ജലഗന്ധ പുഷ്പാദികളായി മേൽശാന്തിയും ഹവിസ്സിന്റെ പാലികയിൽ നിവേദ്യവുമായി കീഴ്ശാന്തിയും നടകുന്നു. ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലാണ് ബലി തൂവുക. ക്ഷേത്രത്തിന്റെ നാലമ്പലത്തിനു വെളിയിൽ എത്തുമ്പോൾ ഭഗവാന്റെ തിടമ്പുമായി കീഴ്ശാന്തി ആനപ്പുറത്ത് കയറുന്നു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഭഗവാൻ പ്രദക്ഷിണമായി നീങ്ങുന്നു. മൂന്ന് പ്രദക്ഷിണശേഷം ഉത്സവവിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് പോകുന്നു.

നവകാഭിഷേകം

ശീവേലിക്ക് ശേഷം രുദ്രതീർത്ഥത്തിൽ നിന്നും എടുക്കുന്ന ജലം കൊണ്ട് അഭിഷേകം നടത്തുന്നു. ഇളനീരും പശുവിൻപാലുംകൊണ്ടും വിഗ്രഹത്തിന്മേൽ അഭിഷേകം ചെയ്യുന്നു. തുടർന്ന് ഒൻപത് വെള്ളിക്കലശങ്ങളിൽ തീർത്ഥജലം നിറച്ച് മന്ത്രപൂർവ്വം അഭിഷേകം ചെയ്യുന്നതിനെയാണ് “നവകാഭിഷേകം” എന്ന് പറയുന്നത്.

പന്തീരടി പൂജ

നിഴലിനു പന്ത്രണ്ട് നീളം ഉണ്ടാകുന്ന സമയമാണ് പന്തീരടി. ഉദ്ദേശം കാലത്ത് 8 മണിക്കും 9 മണിക്കും ഇടയ്ക്കായിരിക്കും ഇത്. ഈ സമയത്ത് നിർവഹിക്കപ്പെടുന്ന പൂജയായതിനാലാൺ ഇതിനെ “പന്തീരടി പൂജ” എന്ന് വിശേഷിപ്പിക്കുന്നത്.

ഉച്ചപൂജ

ഇത് നടയടച്ചുള്ള പൂജയാണ്. ഇടയ്ക്കയുടെ അകമ്പടിയോടെ ഈ സമയത്ത് ‘അഷ്ടപദി’ ആലപിക്കുന്നു. ഇടിച്ചുപിഴിഞ്ഞപായസമാണ് നിവേദ്യം. ഉച്ചപൂജയ്ക്ക് ശേഷം അടയ്ക്കുന്ന നട വൈകുന്നേരം നാലര മണിക്ക് വീണ്ടും തുറക്കുന്നു. നട തുറന്ന് താമസിയാതെ ഉച്ച ശീവേലിയായി. മൂന്ന് പ്രദക്ഷിണം ഉള്ള ഇതിനെ കാഴ്ചയ്ക്ക് ഹൃദ്യമായതിനാൽ “കാഴ്ച ശീവേലി” എന്ന് വിശേഷിക്കപ്പെടുന്നു.

ദീപാരാധന

നാലമ്പലത്തിനുള്ളിലും പുറത്തുമുള്ള ദീപങ്ങൾ തെളിയിക്കപ്പെടുന്നു. ദീപസ്തംഭങ്ങളും അടിമുടി ദീപാലംകൃതങ്ങളാകുന്നു. ദീപാരാധനയ്ക്ക് ഉപയോഗിക്കുന്ന വെള്ളിവിളക്കുകൾ കത്തിച്ചുകൊണ്ട് മേൽശാന്തി നട തുറക്കുന്നു. ദീപത്താലും കർപ്പൂരദീപത്താലും ഭഗവത് വിഗ്രഹത്തെ ഉഴിഞ്ഞുണ്ട് ദീപാരാധന നടത്തപ്പെടുന്നു.

അത്താഴ പൂജ

ദീപാരാധനയ്ക്ക് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് അത്താഴ പൂജ തുടങ്ങുകയായി. ഈ പൂജയ്ക്കുള്ള പ്രധാന നിവേദ്യങ്ങൾ ഉണ്ണിയപ്പം, ഇലയട, വെറ്റില, അടയ്ക്ക, പാലടപ്രഥമൻ, പാൽപ്പായസം എന്നിവയാണ്. നിവേദ്യം കഴിഞ്ഞാൽ ഉത്സവ വിഗ്രഹവുമായി ‘രാത്രി ശീവേലി‘ക്ക് തുടക്കംകുറിക്കും. മൂന്ന് പ്രദക്ഷിണം ഉള്ള ശീവേലി കഴിഞ്ഞാൽ “തൃപ്പുക” എന്ന ചടങ്ങാൺ. ചന്ദനം, അഗരു, ഗുൽഗുലു തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ പൊടിച്ചുള്ള അഷ്ടഗന്ധ ചൂർണ്ണമാൺ തൃപ്പുകയ്ക്ക് ഉപയോഗിക്കുന്നത്. സൗരഭ്യം നിരഞ്ഞ ധൂമം ശ്രീകോവിലിനകത്തേക്ക് പ്രവേശിക്കുന്നു. തൃപ്പുക കഴിഞ്ഞാൽ അന്നത്തെ വരവുചെലവു കണക്കുകൾ എഴുതിയ ഓല വായിച്ചതിനു ശേഷം തൃപ്പടിമേൽ സമർപ്പിക്കുന്നു.

അങ്ങനെ ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജകൾ സമാപിക്കുന്നു.

 

Leave a Reply