തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ബുറവി ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പിനെ തുടർന്ന് സര്‍ക്കാര്‍ സംവിധാനങ്ങളോട് യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ ലഭിച്ച മുന്നറിയിപ്പില്‍ ബുധനാഴ്ച ഉച്ചയോടെ ശ്രീലങ്കൻ തീരത്തെത്താനും വ്യാഴാഴ്ചയോടെ കന്യാകുമാരി തീരത്തെത്താനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.രക്ഷാപ്രവർത്തനത്തിനായി നാവികസേന, കോസ്റ്റൽ ഗാർഡ്, വ്യോമസേന എന്നിവരോട് കപ്പലുകളും ഹെലികോപ്റ്ററുകളും സജ്ജമാക്കാൻ നിർദേശം നൽകി. തെക്കൻ കേരളത്തിൽ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ അതിതീവ്രമഴ പ്രതീക്ഷിക്കുന്നു. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും. മത്സ്യത്തൊഴിലാളി സഹോദരങ്ങളുടെ സുരക്ഷയെ കരുതി ഇന്ന് അര്‍ധരാത്രി മുതല്‍ തന്നെ കേരള തീരത്ത് നിന്നുള്ള മല്‍സ്യബന്ധനത്തിന് പൂര്‍ണ്ണമായി സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുകയാണ്.നിലവില്‍ മല്‍സ്യബന്ധനത്തിനായി കടലില്‍ പോയവരിലേക്ക് വിവരം കൈമാറാനും അവരോട് ഉടനെ തന്നെ അടുത്തുള്ള സുരക്ഷിത തീരത്ത് എത്താന്‍ നിര്‍ദേശം നല്‍കാനുമുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.