ജഗമേ തന്തിരം റിലീസ് വെള്ളിയാഴ്ച ഉച്ചയ്കക്ക് 12.30ന് നെറ്റ്ഫ്ലിക്സിൽ
ധനുഷിന്‍റെ സൂപ്പർ ആക്ഷൻ ചിത്രം ജഗമേ തന്തിരത്തിന്‍റെ ഓടിടി റിലീസ് സമയം പ്രഖ്യാപിച്ചു.
നെറ്റ്ഫ്ലിക്സിൽ വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. പുതിയ പോസ്റ്റർ പുറത്തുവിട്ടു കൊണ്ടാണ്
അണിയറ പ്രവർത്തകർ റിലീസ് സമയം അറിയിച്ചത്. ലണ്ടൻ നഗരത്തിന്‍റെ പശ്ചാത്തലത്തിൽ മുണ്ടുടുത്തിരിക്കുന്ന
ധനുഷ് ആണ് പോസ്റ്ററിൽ ഉള്ളത്.
കോളിവുഡ് പ്രേക്ഷകർക്കൊപ്പം തെന്നിന്ത്യ മുഴുവൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജഗമേ തന്തിരം.
മെയ് മാസത്തിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധി മൂലം ഓടിടി റിലീസ് ചെയ്യാൻ
തീരുമാനിക്കുകയായിരുന്നു. കാർത്തിക് സുബ്ബരാജ് ആണ് സംവിധാനം.
മധുരയിലെ ഗുണ്ടാത്തലവനായ സുരുളി എന്ന കഥാപാത്രമായാണ് ധനുഷ് എത്തുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ
സുരുളി ലണ്ടനിൽ എത്തുന്ന കഥയാണ് ചിത്രം പറയുന്നത്. വൈ നോട്ട് സ്റ്റുഡിയോയുടെ ബാനറിൽ
ശശികാന്ത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്, കലയരസൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു.
ഹോളിവുഡ് താരം ജെയിംസ് കോസ്മോ അതിഥി വേഷത്തിൽ അഭിനയിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാത്തതിൽ നിരാശയുണ്ടെന്നും എന്നാൽ ഓടിടിയിൽ എങ്കിലും റിലീസ് ചെയ്യുന്നുണ്ടല്ലോ
എന്ന ആശ്വാസം ഉണ്ടെന്നും ധനുഷ് പറഞ്ഞിരുന്നു. തന്‍റെ കഥാപാത്രത്തിന് സൂപ്പർ സ്റ്റാർ രജനീകാന്തിന്‍റെ മാനറിസങ്ങൾ
ഉണ്ടെന്നും താരം വെളിപ്പെടുത്തിയിരുന്നു. ശ്രേയാസ് കൃഷ്ണ ആണ് ഛായാഗ്രഹണം. എഡിറ്റിങ് വിവേക് ഹർഷൻ.
സന്തോഷ് നാരായണൻ ആണ് സംഗീതം .