തമിഴ്നാട്ടിലെ ശങ്കരൻകോവിലിലെ വാല്മീകനാഥൻ എന്ന ശിവൻ.. തമിഴ് നാട്ടിൽ തിരുനെൽവേലി ജില്ലയിൽ ചെങ്കോട്ട നിന്ന് അമ്പതു കിലോമീറ്റർ അകലെയാണ് 18 ഭാവങ്ങളിൽ ശിവഭഗവാൻ കുടികൊള്ളുന്ന ശങ്കരൻകോവിൽ. ഉദ്ദേശം പതിനൊന്നാം നൂറ്റാണ്ടിൽ ഉഗ്രപാണ്ഡ്യ മഹാരാജാവിന്റെ ഭരണത്തിൻ കീഴിലായിരുന്നു ഈ പ്രദേശം. അന്ന് പുന്നമരങ്ങൾ നിറഞ്ഞ കാടായിരുന്നു. ഒരിക്കൽ പുന്നയ്ക്ക പെറുക്കാൻ പോയ മണിക്കിരുവർ എന്ന ഒരു ശിവഭക്തൻ ഈ കാടിനുള്ളിൽ ഒരു ചിതൽപ്പുറ്റ് കാണുകയും ആ ചിതൽപ്പുറ്റിൽ ശിവനെ ദർശിക്കുകയും ചെയ്തു. വിവരം ഉഗ്രപാണ്ഡ്യ മഹാരാജാവിന്റെ അരികിലെത്തി. ഉഗ്രപാണ്ഡ്യ മഹാരാജാവ് പരിവാരങ്ങളുമായി ചെന്ന് ആ ചിതൽപ്പുറ്റ് പൊട്ടിച്ചു.അപ്പോൾ അതിനകത്ത് ശിവലിംഗം കണ്ടു. ആ ശിവലിംഗ പ്രതിഷ്ഠയാണ് ഇപ്പോഴും ശങ്കരൻകോവിലിൽ ഉള്ളത്. ഇന്നും പുന്നമരങ്ങൾ ക്ഷേത്രപരിസരങ്ങളിലുണ്ട്. ക്ഷേത്രത്തിലെ പുണ്യവൃക്ഷവും പുന്നമരമാണ്. മധുര മീനാക്ഷി ദേവീ ഭക്തനായിരുന്നു പാണ്ഡ്യ രാജാവ്.അദ്ദേഹത്തിന്റെ സ്ഥിരം മീനാക്ഷി ക്ഷേത്ര തീർത്ഥാടനം ഒരുപാടു ദിവസം നീണ്ടുനിൽക്കുന്നതും ദുർഘടമായ കാട്ട് വഴികളിലൂടെയുള്ളതും ആയിരുന്നു. പ്രായാധിക്യത്താൽ തീർത്ഥാടനം ഒഴിവാക്കാനും കൂടിയാണ് രാജാവ് ശങ്കരൻകോവിൽ നിർമിച്ചതെന്നും കരുതുന്നു.ഇതിന് പരിഹാരമായാണ് ഉമാപതിശിവം എന്ന ഉപദേശകന്റെ നിർദ്ദേശ പ്രകാരം ക്ഷേത്ര നിർമ്മാണം വേഗത്തിലാക്കിയത്. വാല്മീക നാഥൻ ചിതൽപ്പുറ്റിൽ നിന്നു ലഭിച്ച വിഗ്രഹം പ്രതിഷ്ഠിച്ച് ക്ഷേത്രം പണിതപ്പോൾ സംഭവിച്ച മറ്റൊരു അദ്ഭുതമാണ്. ശിവലിംഗത്തിന്റെ ആകൃതിയിൽ വീണ്ടും വീണ്ടും പുറ്റുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത്. ഇങ്ങനെ പൊടിഞ്ഞു വീഴുന്ന ചിതൽപ്പുറ്റായിരുന്നു ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി കൊടുത്തിരുന്നത്. പിന്നീട് ചിതൽപ്പുറ്റിന്റെ തന്നെ ആകൃതിയിൽ മണ്ണു കൊണ്ട് ശിവലിംഗമുണ്ടായി. അങ്ങനെ മൺപുറ്റിന്റെ ആകൃതിയിൽ തന്നെയുള്ള വിശേഷപ്പെട്ട ഒരു ശിവലിംഗവും ശങ്കരൻകോവിലിൽ ഇപ്പോഴുണ്ട്. ചിതൽപ്പുറ്റിൽ നിന്നു പിറവിയെടുത്ത ഇവിടെയുള്ള ശിവന് ഒരു പേരുണ്ട് വാല്മീക നാഥൻ. ശങ്കരനാരായണ പ്രതിഷ്ഠയുള്ള പ്രമുഖ ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഒരേ വിഗ്രഹത്തിന്റെ പകുതി ശിവനും പകുതി വിഷ്ണുവുമാണ്. വിഗ്രഹങ്ങൾക്ക് രണ്ടുതരം ചാർത്തും അലങ്കാരവുമാണ്.ശൈവ – വൈഷ്ണവ മന്ത്രങ്ങൾ മുറപോലെ ഉൾപ്പെടുത്തിയാണ് ഇവിടെ പൂജ നടത്തുന്നത്. ക്ഷേത്രത്തിൽ ഒരു സ്വർണ്ണ കൊടിമരമുണ്ട്. പഞ്ചലോഹങ്ങളിലുള്ള കൊടിമരങ്ങൾ വേറെയുമുണ്ട്.ഓരോ വിശേഷദിവസങ്ങൾക്കും പ്രത്യേകം പ്രത്യേകം കൊടിയേറ്റുമുണ്ട്. രാജഗോപുരത്തിന്റെ തൊട്ടടുത്ത് ഒരു കൂവളമരമുണ്ട്. ഒരു നൂറ്റാണ്ടെങ്കിലും പഴക്കമുണ്ടാകും ആ കൂവളത്തിന് ഇവിടുത്തെ ശിവപൂജയ്ക്ക് ഈ മരത്തിലെ കൂവളത്തില നിർബന്ധമാണ്.