തിരുവനന്തപുരം∙ ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ ഗാലനേജ് ഫീസ് ലീറ്ററിന് 5 പൈസയിൽനിന്ന് 10 രൂപയായി ഉയർത്തിയത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബവ്റിജസ് കോർപറേഷൻ സർക്കാരിന് കത്തു നൽകും. കോര്‍പറേഷന് സാമ്പത്തിക ബാധ്യതയായതിനാൽ തീരുമാനം പിൻവലിക്കണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ, സാമ്പത്തിക നഷ്ടം നികത്താൻ മദ്യവില വർധിപ്പിക്കേണ്ടി വരും.
ഗാലനേജ് ഫീസ് വർധിപ്പിക്കുന്നതായി ബജറ്റിലാണ് ധനമന്ത്രി പ്രഖ്യാപനം നടത്തിയത്. 200 കോടിരൂപയാണ് പ്രതിവര്‍ഷം അധികവരുമാനം പ്രതീക്ഷിക്കുന്നത്. മദ്യവില വർധിപ്പിക്കാത്തതിനാൽ സർക്കാരിന് നേരിട്ട് ഇതിലൂടെ അധിക വരുമാനമില്ല. ബവ്റിജസ് കോർപറേഷൻ വരുമാനത്തിൽനിന്നും പണം സർക്കാരിനു കൈമാറണം.
സർക്കാർ സ്ഥാപനമായ ബവ്റിജസ് കോർപറേഷൻ ലാഭവിഹിതവും പ്രവർത്തന ചെലവും കഴിഞ്ഞശേഷമുള്ള പണം സർക്കാരിലേക്കാണ് നൽകുന്നത്. നിലവിൽ 1.25 കോടിരൂപയാണ് പ്രതിവർഷം ഗാലനേജ് ഫീസായി നൽകുന്നത്. ഇനി മുതൽ 250 കോടിരൂപ പ്രതിവർഷം നൽകേണ്ടിവരുന്നത് ബവ്കോയ്ക്ക് ബാധ്യതയാണെന്നാണ് അധികൃതര്‍ പറയുന്നത്.