Spread the love

കൂനിന്മേൽ കുരുവെന്നപോലെയാണ് കോവിഡിന്റെ സമൂഹവ്യാപനം രൂക്ഷമായ ഈ കാലയളവിൽ കേരളത്തിൽ കാലവർഷത്തിന്റെ വരവ് .ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദംആഗസ്ത് ആദ്യവാരത്തോടെ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് കാരണമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് .പ്രളയത്തിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല .മഴയോടൊപ്പം തന്നെ മഴക്കാലരോഗങ്ങളും ഒഴുകിയെത്തും .മുൻവർഷങ്ങളിലുള്ളതിനേക്കാൾ ജാഗ്രതയും കരുതലും എടുത്തില്ലെങ്കിൽ കോവിഡിന്റെ വ്യാപനവും രൂക്ഷമാകാനുള്ള സാധ്യതയുണ്ട് .പനിയും ജലദോഷവുമെല്ലാമാണ് മഴക്കാലരോഗങ്ങളിൽ പ്രധാനം.ഇവയുടെ ലക്ഷണങ്ങളിൽ പലതും കോവിഡിന്റെ ലക്ഷണങ്ങൾക്കു സമാനമാണ് .അതുകൊണ്ടാണ് കൂടുതൽ ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നത്.കൂടാതെ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരും ആരോഗ്യവിദഗ്ദ്ധരും നിഷ്‌കർഷിക്കുന്നു . .

മാസ്ക്കുകൾ ധരിക്കുമ്പോൾ ..

മഴക്കാലത്ത് മാസ്കുകൾ ധരിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടതാണ് .നനഞ്ഞ മാസ്‌ക്കുകൾ ഒരു കാരണവശാലും ധരിക്കരുത് .ഉണങ്ങിയ ശേഷം ധരിക്കാമെന്നു കരുതി മാറ്റിവയ്ക്കുകയുമരുത് .പുറത്തുപോകുമ്പോൾ ഒന്നിലധികം മാസ്കുകൾ കയ്യിൽ കരുതുന്നതാണ് നല്ലത് .ഉപയോഗിച്ച മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിയാൻ പാടില്ല .നനഞ്ഞ മാസ്കുകൾ ഒരു സിപ്‌ലോക്ക് കവറിൽ സൂക്ഷിക്കുക .തുണികൊണ്ടുള്ള മാസ്‌ക്കാണെങ്കിൽ സോപ്പ് ഉപയോഗിച്ച് കഴുകിയ ശേഷം വെയിലത്തിട്ട് ഉണക്കുക .ഇസ്തിരിയിട്ടതിനുശേഷം മാത്രം വീണ്ടും ഉപയോഗിക്കുക .ഉപയോഗ ശൂന്യമായ മാസ്‌ക്കുകൾ കത്തിച്ചു കളയാൻ ശ്രദ്ധിക്കുക .

നനഞ്ഞ വസ്ത്രങ്ങൾ …..
നനഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത് കഴിവതും ഒഴിവാക്കേണ്ടതാണ് .നനഞ്ഞ റെയിൻകോട്ടുകൾ പ്രത്യേകമായി ഉണക്കാനിടുക .നനഞ്ഞ പ്രതലത്തിൽ വൈറസ് സാന്നിധ്യമുണ്ടാകാനുള്ള സാധ്യത കൂടുതലാണ് .ആഭരണങ്ങളും ശരീരത്തിൽ ഇറുക്കിപ്പിടിച്ചു കിടക്കുന്ന വസ്ത്രങ്ങളും ധരിക്കുന്നത് കഴിവതും ഒഴിവാക്കുക .ആഭരണങ്ങളിലും മറ്റും വൈറസ് സാന്നിധ്യമുണ്ടെങ്കിൽ അത് നമ്മുടെ ശരീരത്തിലേക്ക് പെട്ടന്ന് തന്നെ എത്തിച്ചേരാൻ കാരണമാവുന്നു .മൊബൈൽ ഫോണുകൾ ഐഡി കാർഡുകൾ പേഴ്‌സുകൾ മുതലായവ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുകതമാക്കാൻ ശ്രദ്ധിക്കുക .പണമിടപാടുകൾ ഓൺലൈൻ വഴിയാക്കാൻ പരമാവധി ശ്രമിക്കണം .

ആശുപത്രികളിൽ പോകുമ്പോൾ …..
അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ആശുപത്രിയിൽ പോവുക.ആശുപത്രി സന്ദർശനം കഴിവതും ഒഴിവാക്കുക .ചികിത്സ ആവശ്യത്തിനായി പോകുമ്പോൾ രോഗി ഒറ്റയ്ക്ക് പോവാൻ കഴിവതും ശ്രമിക്കുക .പനിയോ ജലദോഷമോ പോലുള്ള രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഇ സഞ്ജീവനി ഓൺലൈൻ പ്ലാറ്റഫോമിനെ ആശ്രയിക്കാം.ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കാൻ ശ്രദ്ധിക്കുക.രോഗം ശമിക്കുന്നില്ലെങ്കിൽ അടുത്തുള്ള ആരോഗ്യസ്ഥാപനങ്ങളെ ആശ്രയിക്കാവുന്നതാണ് .കണ്ടൈൻമെൻറ് സോണുകളിലുള്ളവർ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ആരോഗ്യപ്രവർത്തകരെ ഫോണിൽവിളിച്ചു വിവരമറിയിക്കേണ്ടതാണ് .അല്ലെങ്കിൽ ദിശയുമായോ ജില്ലാകൺട്രോൾ റൂമുമായോ ബന്ധപ്പെടാവുന്നതാണ് .അവരുടെ നിർദേശപ്രകാരം തുടർചികിത്സ നടത്താവുന്നതാണ് .

ഇപ്പോൾ നമ്മൾ കോവിഡിനെ പ്രതിരോധിക്കാൻ ചെയ്യുന്ന കാര്യങ്ങളായ മാസ്ക് ധരിക്കൽ ,കൈകൾ സോപ്പുപയോഗിച്ചു കഴുകൽ ,സാനിറ്റൈസറിൻറെ ഉപയോഗം ,സാമൂഹിക അകലം പാലിക്കൽ എന്നിവ കൂടുതൽ കരുതലോടും ജാഗ്രതയോടും കൂടി ചെയ്യുക .ഇതും നമ്മൾ അതിജീവിക്കുമെന്നു പ്രതീക്ഷിക്കാം .

Leave a Reply