മൂന്ന പതിറ്റാണ്ട് ക്വാറൻ്റൈനിലായ മേരി മെലൻ
ഈ കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ക്വാറൻ്റൈനിൽ ഇരിക്കാൻ പറഞ്ഞാൽ നമ്മളിൽ പലർക്കും വിമുഖതയാണ്. ഈ വിമുഖതയിൽ നമ്മൾ ഓർക്കേണ്ടുന്ന നാമമാണ് അമേരിക്കയിൽ മരിച്ച ഐറിഷുകാരിയായ മേരി മെലൻ്റേത്. വൈദ്യശാസ്ത്ര മേഖലയിൽ "ടൈഫോയ്ഡ് മേരി" എന്നറിയപ്പെടുന്ന മേരി മെലൻ.
ആധുനിക വൈദ്യശാസ്ത്രത്തിന് ഒരിക്കലും മറക്കാനാവാത്ത നാമമാണ് ടൈഫോയ്ഡ് മേരിയുടേത്. പ്രത്യേകിച്ചും പകർച്ചവ്യാധികളുടെ പഠനശാസ്ത്രവുമായി ബന്ധപ്പെട്ട ഗവേഷണ മേഖലയിൽ ടൈഫോയ്ഡ് മേരി എന്ന അറിയപ്പെടുന്ന മേരി മെലൻ ഒരു ഡോക്ടറോ ഗവേഷകയോ ഒന്നുമല്ല. പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത ഒരു സാധാരണ സ്ത്രീയായിരുന്നു മേരി മെലൻ. ജീവിക്കാൻ വേണ്ടി വീടുകളിൽ പാചകവേല ചെയ്തിരുന്ന ഒരു സാധാരണ വേലക്കാരി ആയിരുന്നു മേരി മെലൻ. അവർ എങ്ങനെ വൈദ്യശാസ്ത്ര മേഖലയിൽ പ്രത്യേകിച്ച് രോഗാണു ശാസ്ത്രപഠന മേഖലയിൽ മറക്കാനാവാത്ത വ്യക്തിയായി മാറി എന്നത് കൗതുകമുണർത്തുന്ന കാര്യമാണ്.
പകർച്ചവ്യാധികളുടെയും അതിന് കാരണമാകുന്ന സൂക്ഷ്മ ജീവികളെയും കുറിച്ച് ആദ്യമായി പഠിച്ച ലൂയി പാസ്ച്ചറെയും, ശസ്ത്രക്രിയ രോഗാണു മുക്തമാക്കിയ ജോസഫ് ലിസ്റ്ററെയും, ആധുനിക ശസ്ത്രക്രിയയുടെയും സാനിറ്റേഷൻ്റെയും പിതാവ് എന്നറിയപ്പെടുന്ന ഡോക്ടർ ആംബ്രോയിസ് പാരെയെയും പോലെ അലോപ്പതി ചികിത്സയിൽ ഓർക്കുന്ന നാമമാണ് മേരി മലൻ എന്ന സാധാരണ സ്ത്രീയുടേത്. സാധാരണക്കാരായ നമ്മളിൽ പലർക്കും ഇവരെ പരിചിതം അല്ലെങ്കിലും ഇവരെ പഠിക്കാതെ ഒരു മെഡിക്കൽ വിദ്യാർത്ഥിയും തൻ്റെ മെഡിക്കൽ വിദ്യാഭ്യാസ കാലഘട്ടം കടന്നു പോവാറില്ല. പകർച്ചവ്യാധിയുടെയും രോഗാണുക്കളുടെയും ഗവേഷണരംഗത്ത് മേരി മെലൻ അവർ പോലുമറിയാതെ നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണ്.
1869-ൽ അയർലൻഡിലെ County Tyrone-ലെ Cooks Town-ലാണ് മേരി ജനിക്കുന്നത് . പതിനഞ്ചാമത്തെ വയസ്സിൽ ഒരു ജോലിക്കായി അമേരിക്കയിലെ ന്യൂയോർക്കിലേക്ക് കുടിയേറി. വീട്ടുജോലിക്കാരി ആയിട്ടായിരുന്നു തുടക്കം. പിന്നീട് അവർ പാചകക്കാരി ആയി മാറി. തനിക്ക് അറിയാവുന്ന പാചകം മറ്റുള്ളവർക്ക് ചെയ്ത കൊടുത്ത ജീവിച്ചു വന്ന ഒരു പാവം സ്ത്രീ. പക്ഷേ കഥ തുടങ്ങുന്നത് 1907-ലാണ്. അന്ന് അമേരിക്കയിൽ അനേകം സാധാരണക്കാരായ ആളുകൾ, പ്രത്യേകിച്ചും കുടിയേറിപ്പാർത്ത ആളുകള്‍ സമ്പന്ന കുടുംബത്തിലെ പാചകക്കാരായി ജോലി ചെയ്യുന്നുണ്ടായിരുന്നു. ന്യൂയോര്‍ക്ക് സിറ്റിയിലെയും പരിസരത്തെയും സമ്പന്നരുടെ വീടുകളില്‍ പാചകക്കാരിയായിരുന്നു മേരി. അവര്‍ തയ്യാറാക്കുന്ന ഒരു പ്രത്യേകവിഭവം അന്ന് പ്രശസ്തമായിരുന്നു. പീച്ച് ഐസ് ക്രീം ആയിരുന്നു അത് . ഈ ഒരൊറ്റ വിഭവം കൊണ്ട് അവര്‍ക്കിടയിലെ ഒരേയൊരു പാചകറാണിയായി മാറി മേരി. പക്ഷെ അവർ ജോലിക്ക് നിന്ന് വീടുകളിലെ കുടുംബാംഗങ്ങൾ പെട്ടെന്ന് രോഗബാധിതരാകുന്നു. രോഗമെന്നാൽ ചില്ലറക്കാരനൊന്നുമല്ല. അക്കാലത്തെ ഏറ്റവും വലിയ പകർച്ചവ്യാധിയായിരുന്ന ടൈഫോയിഡ് ആയിരുന്നു അത്. രോഗം ആദ്യമാദ്യം കീഴടക്കിക്കൊണ്ടിരുന്നത് ഏറെയും പാവപ്പെട്ട ആൾക്കാർ തിങ്ങി നിറഞ്ഞ് പാര്‍ത്തിരുന്ന തെരുവുകളിലെ ആളുകളെയായിരുന്നു. എന്നാല്‍, പിന്നീട് സമ്പന്ന കുടുംബങ്ങളിലേക്കും പതിയെ പതിയെ അത് കടന്നുവരാന്‍ തുടങ്ങിയിരുന്നു.
ജോലിക്കു നിൽക്കുന്ന വീടുകളിലെ അംഗങ്ങൾ രോഗികൾ ആയപ്പോൾ മേരിയുടെ പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ ആളില്ലാതായി. സ്വാഭാവികമായും അവർ ആ വീട് ഉപേക്ഷിച്ച് പുതിയ വീടുകളിലേക്ക് ജോലി അന്വേഷിച്ചു പോയി. ഇവർ പീച്ച് ഐസ് ക്രീം ഉണ്ടാക്കുന്നതിൽ അഗ്രഗണ്യ ആയിരുന്നതിനാൽ പലരും അവരെ ജോലിക്ക് നിർത്താൻ തയ്യാറായി. അവിടങ്ങളിലും രോഗബാധ ഉണ്ടാകുമ്പോൾ മേരി അടുത്ത താവളം തേടി പൊയ്ക്കൊണ്ടിരുന്നു. 1900-ത്തിനും 1907-നും ഇടയില്‍ ഏഴ് കുടുംബങ്ങളിലാണ് മേരി പ്രധാന പാചകക്കാരിയായി ജോലി ചെയ്തിരുന്നത്. മേരി ജോലി ചെയ്തിരുന്ന കുടുംബങ്ങളിലേക്കെല്ലാം ഈ അസുഖം പടര്‍ന്നു. 1900-ത്തില്‍ ഒരു കുടുംബത്തില്‍ രണ്ടാഴ്ചയ്ക്ക് ശേഷം രോഗം പ്രത്യക്ഷപ്പെട്ടു. 1901-ല്‍ മേരി, മാന്‍ഹട്ടിലെ ഒരു കുടുംബത്തിലേക്ക് വന്നു. അവിടെയും മേരി ജോലി ചെയ്തിരുന്ന കുടുംബത്തിലെ അംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആ വീട്ടിലെ അലക്കുകാര്‍ അസുഖത്തെ തുടർന്ന് മരിക്കുകയും ചെയ്തു. അതിനുശേഷം 1904-ൽ Henry Gisley എന്ന പ്രശസ്തനായ ഒരു അഭിഭാഷകൻ്റെ വേലക്കാർ താമസിക്കുന്ന വീട്ടിലേക്കാണ് മേരി ജോലിക്കായി ചെന്നത്. പക്ഷെ Henry Gisley-ഉം കുടുംബവും വേറെയാണ് താമസിച്ചിരുന്നത്. അവിടെ വേറെ പാചകക്കാർ ഉണ്ടായിരുന്നു. മേരി മറ്റ് ജോലിക്കാരുമായി മറ്റൊരു വീട്ടിൽ ആയിരുന്നു താമസം. അവിടെ എട്ടുപേരില്‍ ഏഴുപേര്‍ക്കും അസുഖം ബാധിച്ചു. പക്ഷെ Henry Gisley-യുടെ കുടുംബത്തിൽ ആർക്കും രോഗം ബാധിച്ചില്ല. അതോടെ മേരി അവിടെ നിന്നും ഇറങ്ങി. 1906 ആഗസ്റ്റില്‍ ന്യൂയോര്‍ക്കിലെ നഗരത്തിലെ ഒരു വീട്ടിലായിരുന്നു മേരി. രണ്ടാഴ്ചക്കുള്ളില്‍ ആ കുടുംബത്തിലെ 11-ലെ 10 പേരും അസുഖം വന്ന് ആശുപത്രിയിലായി. എന്നാല്‍, മേരി പിന്നെയും ജോലി സ്ഥലം മാറ്റി. പിന്നീട് മേരി ജോലിക്ക് നിന്ന മൂന്ന് വീടുകളിലും ഇതു തന്നെ സംഭവിച്ചു. ഒരു സമ്പന്നനായ ബാങ്കര്‍ കുടുംബത്തിൻ്റെ വീട്ടില്‍ മേരി ജോലിക്ക് നിന്നിരുന്നു. ചാള്‍സ് ഹെന്‍റി വാറണ്‍ എന്നായിരുന്നു അയാളുടെ പേര്. വാറണ്‍ 1906-ല്‍ ഓയിസ്റ്റര്‍ ബേയില്‍ ഒരു റിസോർട്ടിൽ വീടെടുത്ത് പോയപ്പോള്‍ മേരിയേയും കൊണ്ടുപോയി. ആഗസ്ത് 27 നും സപ്തംബര്‍ മൂന്നിനുമിടയില്‍ കുടുംബത്തിലെ 11 പേര്‍ക്കും ടൈഫോയിഡ് ബാധിച്ചു. ആ സമയത്ത് ഓയിസ്റ്റര്‍ ബേയില്‍ ആ അസുഖം സാധാരണമായിരുന്നില്ല. വാറണ് ആ വീട് വാടകയ്ക്ക് നൽകിയിരുന്ന വീട്ടുടമസ്ഥൻ ടോയ്ലറ്റുകൾ, പൈപ്പുകൾ, വാട്ടർ ടാങ്കുകൾ, കിണർ എന്നിവയിലെ ജലസാമ്പിളുക പരിശോധനയ്ക്കായി അയച്ചുവെങ്കിലും അവയുടെ റിസൽട്ട് നെഗറ്റീവ് ആയിരുന്നു. വൃത്തിയും വെടിപ്പും ശുദ്ധിയുള്ള തൻ്റെ വീട്ടിൽ ടൈഫോയിഡ് എങ്ങനെ വന്നു എന്നതിൽ ചാൾസ് ഹെൻട്രി വാറണിന് ആശങ്ക ഉണ്ടായി. അയാൾ അധികൃതരെ വിവരമറിയിച്ചു. അക്കാലത്ത് ഇതൊരു ഗുരുതരമായ പകർച്ചവ്യാധി ആയിരുന്നതിനാൽ ആരോഗ്യ വകുപ്പ് വന്ന ആ റിസോർട്ട് പൂട്ടി.
രോഗം എവിടെനിന്നു വന്നു? ആരിലൂടെ പകർന്നു? ആ ബാങ്കറിന് പല സംശയങ്ങളും ഉണ്ടായി. ഒരു ബിസിനസുകാരൻ ആയതുകൊണ്ട് ആരെങ്കിലും തന്നെയും കുടുംബത്തെയും അപായപ്പെടുത്താൻ ശ്രമിച്ചതാണോ എന്നായി അയാളുടെ സംശയം. ചാൾസ് ഹെൻട്രി വാറൺ തന്നെയും തൻ്റെ കുടുംബത്തെയും ബാധിച്ച ഈ പ്രശ്നത്തെ കുറിച്ച് അന്വേഷിക്കാൻ ജോർജ് സോപ്പർ എന്ന് ഗവേഷകൻ കൂടിയായ സാനിറ്റേഷൻ എഞ്ചിനീയറെ കേസ് ഏൽപ്പിച്ചു. സയൻസും മിസ്റ്ററിയും ചേർന്ന് ഈ കേസ് അന്വേഷിക്കാൻ ജോർജ് സോപ്പറിനും താല്പര്യം ഉണ്ടായി. അയാൾ കേസ് അന്വേഷണം ആരംഭിച്ചു . ഒടുവിൽ അയാള്‍ താൻ കണ്ടെത്തിയ കാര്യങ്ങള്‍ 1907 ജൂണ്‍ 15-ന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ചു. അയാള്‍ പറഞ്ഞത് മേരിയാണ് രോഗം ഓരോരുത്തരിലേക്കായി എത്തിച്ചത് എന്നായിരുന്നു. കാരണം ഓരോ സ്ഥലത്തെ രോഗവ്യാപന സമയത്തും ആരോഗ്യവതിയായ 40 വയസ് പ്രായമുള്ള ആ ഐറിഷ് പാചകക്കാരിയുടെ സാന്നിധ്യമുണ്ട് എന്നായിരുന്നു അയാള്‍ തൻ്റെ കണ്ടെത്തലില്‍ പറഞ്ഞത്. ഇതിന് മുൻപ് ഏഴ് സ്ഥലങ്ങളിൽ അവർ ജോലി ചെയ്തിട്ടുണ്ട്. അവർ നിന്നയിടത്തൊക്കെ അവിടുത്തെ കുടുംബാംഗങ്ങളിൽ പലരും ടൈഫോയ്ഡ രോഗ ബാധിതരായി. ചിലർ മരിച്ചു പോയി. രോഗം തുടങ്ങുമ്പോൾ തന്നെ അവർ ആ വീട് ഉപേക്ഷിക്കും. പിന്നെ അവർ അടുത്ത വീട് അന്വേഷിക്കും. ഏതായാലും ജോർജ് സോപ്പർക്ക് മേരിയെ കണ്ടെത്താനായില്ല. കാരണം രോഗം ഓരോരുത്തരിലേക്കുമായി എത്തുമ്പോഴേയ്ക്കും മേരി അവിടം വിടുമായിരുന്നു. മാത്രവുമല്ല, ഒരു വിലാസവും അവളുടേതായി നല്‍കിയിരുന്നുമില്ല. അതിനിടയിലാണ് പാര്‍ക്ക് അവന്യൂവിലെ ഒരു സമ്പന്ന കുടുംബത്തിലും രോഗം സ്ഥിരീകരിച്ചതായി അറിയാന്‍ കഴിഞ്ഞത്. അവിടെയും പാചകക്കാരി മേരി തന്നെയായിരുന്നു. അവിടെ വീട്ടുടമയുടെ മകള്‍ ടൈഫോയിഡിനെ തുടര്‍ന്ന് മരിക്കുകയും രണ്ട് വേലക്കാര്‍ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലാവുകയും ചെയ്തു.
ഒടുവിൽ ജോർജ്ജ് സോപ്പർ അവിടെയെത്തി മേരിയെ കണ്ടുപിടിച്ചു. കാര്യങ്ങൾ അവരെ പറഞ്ഞു ബോധ്യപ്പെടുത്തി. പക്ഷേ അവർ വഴങ്ങിയില്ല എന്ന് മാത്രമല്ല അയാൾക്ക് നേരെ ക്ഷോഭിക്കുകയും ചെയ്തു. തനിക്ക് ഒരു ഒരു രോഗവും ഇല്ലെന്നും രോഗമില്ലാത്ത താൻ എങ്ങനെ രോഗം പകർത്തും എന്നുമൊക്കെ അവർ ചോദിച്ചു .സോപ്പറിൻ്റെ എല്ലാ ആരോപണങ്ങളും മേരി നിഷേധിച്ചു. രോഗപരിശോധനക്കായി സാമ്പിള്‍ നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും മേരി നല്‍കിയില്ല. ഏതായാലും അയാൾ വിവരങ്ങളൊക്കെ ന്യൂയോർക്കിലെ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചു. അവർ പോലീസുമായി വന്നു മേരിയെ ബലമായി പിടികൂടി ആശുപത്രിയിലാക്കി. ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മേരിയെ രോഗവാഹകയായി തിരിച്ചറിഞ്ഞു. താന്‍ വളരെ വിരളമായി മാത്രമേ കൈകഴുകാറുള്ളൂവെന്ന് മേരി തുറന്ന് സമ്മതിച്ചു. ആ സമയത്ത് കൈ ഇടയ്ക്കിടെ കഴുകുക എന്ന ശീലം ലോകത്തെ അത്രയധികം പ്രചാരമൊന്നുമല്ലായിരുന്നു. ഏതായാലും ചോദ്യം ചെയ്യലിനുശേഷം നോര്‍ത്ത് ബ്രദര്‍ ദ്വീപിലെ ഒരു ക്ലിനിക്കില്‍ മൂന്ന് വർഷം മേരിയെ ഐസൊലേഷനിലാക്കി. അവിടെ വെച്ച് മേരിയുടെ മൂത്രം പരിശോധിച്ചപ്പോൾ പിത്താശയത്തിൽ നിറയെ ടൈഫോയ്ഡ് രോഗാണുക്കൾ. മലം പരിശോധിച്ചപ്പോൾ മലത്തിലുമുണ്ട് ടൈഫോയ്ഡ് രോഗാണുക്കൾ പക്ഷേ മേരി മെലൻ ആരോഗ്യവതിയായി ആയിരുന്നു താനും. അതോടെയാണ് "ഹെൽത്തി കാരിയർ" എന്നതിനെക്കുറിച്ച് വൈദ്യശാസ്ത്രത്തിന് പരിചിതമായത്. രോഗമില്ലാത്ത എന്നാൽ രോഗാണുവാഹകരായ മനുഷ്യൻ എന്നയവസ്ഥ. മേരിയും ഒരു ഹെൽത്തി കാരിയർ ആയിരുന്നു. ആ സമയത്താണ് മേരി മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയതും "ടൈഫോയിഡ് മേരി" എന്ന് അറിയപ്പെടാന്‍ തുടങ്ങിയതും. മേരി തൻ്റെ പിത്താശയ ഗ്രന്ഥി നീക്കം ചെയ്യാൻ വിസ്സമ്മതിച്ചു.
കോടതിയിൽ ഹാജരാക്കിയ മേരിയെ തൽക്കാലം ക്വാറൻ്റൈനിൽ പോകാൻ അയച്ചു. പിന്നീട്, ന്യൂയോര്‍ക്ക് സ്റ്റേറ്റ് കമ്മീഷണര്‍ ഓഫ് ഹെല്‍ത്ത് രോഗവാഹകരെ ഇനിയും ഐസൊലേഷനില്‍ പാര്‍പ്പിക്കാനാവില്ല എന്ന് തീരുമാനിച്ചതിനെ തുടര്‍ന്ന് മേരി മൂന്ന് വര്‍ഷത്തിന് ശേഷം മോചിപ്പിക്കപ്പെട്ടു. പാചകക്കാരിയായി ജോലി തുടരരുത് എന്നും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലൽ എടുക്കണമെന്നുമുള്ള കര്‍ശന നിര്‍ദ്ദേശത്തിന് ശേഷമാണ് മേരി മോചിപ്പിക്കപ്പെടുന്നത്. അങ്ങനെ മേരി താന്‍ ഇനി പാചക വേല ചെയ്യില്ലായെന്ന അധികൃതര്‍ക്ക് ഉറപ്പ് നല്‍കി. മോചിപ്പിക്കപ്പെട്ടശേഷം മേരി അലക്കുകാരിയായും മറ്റും ചെറിയ ചെറിയ ജോലികള്‍ ചെയ്തു തുടങ്ങി. അതിനൊക്കെ പാചകത്തിനേക്കാളും ശമ്പളം വളരെ കുറവായിരുന്നു. അലക്കുകാരിയായി ജോലി ചെയ്യുമ്പോള്‍ കിട്ടുന്ന തുച്ഛമായ കൂലിയുമായി ജീവിക്കാൻ മേരി ശരിക്കും ബുദ്ധിമുട്ടി. അങ്ങനെ കുറച്ച് വര്‍ഷങ്ങള്‍ കടന്നുപോയി. തൻ്റെ പേര് മേരി മെലൺ എന്നത് മേരി ബ്രൌണ്‍ എന്നാക്കി മാറ്റിയതിന് ശേഷം മേരി വീണ്ടും പാചകക്കാരിയായി ജോലിക്ക് പോകാന്‍ തുടങ്ങി. അതോടെ 1915-ല്‍ ഒരു വലിയ രോഗവ്യാപനത്തിനാണ് മേരി തുടക്കമിട്ടത്. അത് ന്യൂയോര്‍ക്ക് സിറ്റിയിലെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ആശുപത്രിയിലായിരുന്നു. അവിടെ പാചകക്കാരിയായി ചെന്നതാണ് മേരി. 25 പേര്‍ക്കാണ് അവിടെ അസുഖം ബാധിച്ചത്. അവിടെ നിന്നും മേരി ഉടനെ തന്നെ സ്ഥലം വിട്ടു. പിന്നീട് പോലീസ് അവളെ കണ്ടെത്തുന്നത് ഒടുവില്‍ ഒരു സുഹൃത്തിനൻ്റെ കൂടെ ഭക്ഷണം കഴിക്കുന്ന അവസരത്തിലാണ്. അറസ്റ്റ് ചെയ്യപ്പെട്ട മേരി വീണ്ടും നോര്‍ത്ത് ബ്രദര്‍ ദ്വീപില്‍ ക്വാറൻ്റൈൻ ചെയ്യപ്പെട്ടു. 1915 മാര്‍ച്ച് 27-നാണ് ഇത്. അപ്പോഴും മേരി തൻ്റെ പിത്താശയം നീക്കം ചെയ്യാന്‍ സമ്മതിച്ചില്ല.
ഇവിടെ ഒരു സംശയം പകർച്ചവ്യാധി ഗവേഷകരെ അലട്ടി. എന്തെന്നാൽ സാധാരണ പാചക വേളയിലെ ചൂടിൽ ഭക്ഷണപദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന രോഗാണുക്കൾ നശിക്കേണ്ടതല്ലേ.? പിന്നെ മേരി എങ്ങനെ രോഗവാഹകയായി.? തന്നെ മറ്റുള്ള പാചകക്കാരിൽ നിന്നും പ്രശസ്തയാക്കിയ പീച്ച് ഐസ് ക്രീമിലൂടെയാണ് മേരി രോഗം പരത്തുന്നത് എന്ന് ഒടുവിൽ അധികൃതർ കണ്ടെത്തി. മേരി ശൗചം ചെയ്തതിനു ശേഷം തൻ്റെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയിരുന്നില്ല. കാരണം അമേരിക്കയിൽ അന്ന് അത്തരമൊരു സമ്പ്രദായം ഉണ്ടായിരുന്നില്ല. അങ്ങനെ മലത്തിൽ നിന്നും മേരിയുടെ കൈയ്യിൽ പറ്റിപ്പിടിച്ച് രോഗാണുക്കൾ അവൾ ഉണ്ടാക്കി കൊടുത്ത ഐസ് ക്രീമിലൂടെ മറ്റുള്ളവരിൽ എത്തുകയാണ് ചെയ്തത്. ശോധനക്ക് ശേഷം കൈ വൃത്തിയായി സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കേണ്ടത് രോഗാണുക്കളെ ചെറുക്കുന്നതിനുള്ള ഉപാധി ആണെന്ന് പിന്നീട് വൈദ്യശാസ്ത്രം കണ്ടെത്തി. പിന്നീട് നീണ്ട 23 വര്‍ഷവും അവര്‍ ക്വാറൻ്റൈനില്‍ തന്നെയായിരുന്നു. മേരി പിന്നീടുള്ള തൻ്റെ ജീവിതകാലം മുഴുവൻ റിവർസൈഡ് ഹോസ്പിറ്റലിൽ ചെലവഴിച്ചു. മരണത്തിന് ആറ് വർഷം മുൻപ് അവർക്കൊരു ഹൃദയാഘാതവുമുണ്ടായി. 1938 നവംബർ 11-ന് ന്യുമോണിയ ബാധിച്ച് 69-ആം വയസ്സിൽ അവർ മരിച്ചു. പോസ്റ്റ്‌മോർട്ടത്തിൽ അവരുടെ പിത്തസഞ്ചിയിൽ ടൈഫോയിഡ് ബാക്ടീരിയയുടെ അണുക്കളെ കണ്ടെത്തിയെന്ന് പറയുന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപുള്ള കണ്ടെത്തലുകളെ സ്ഥിരീകരിച്ചുവെന്നും.
ജീവിതകാലത്തിനിടയിൽ ഒരുപാട് പേർക്ക് മേരി ടൈഫോയ്ഡ് രോഗം പകർന്നു നൽകുകയും ഇതിൽ 22-ഓളം പേർ മരണപ്പെടുകയും ചെയ്തു എന്നാണ് അമേരിക്കൻ ആരോഗ്യവകുപ്പ് അന്ന് കണ്ടെത്തിയത്. ജീവിതകാലത്ത് അതിക്രൂരമായ ശിക്ഷ തൻ്റെ കുറ്റം കൊണ്ടല്ലാതെ അനുഭവിക്കേണ്ടി വന്ന സ്ത്രീയായും അതല്ല അറിഞ്ഞ് കൊണ്ട് രോഗം പടർത്തി പലരെയും മരണത്തിലേക്ക് തള്ളിവിട്ട ക്രൂരയായ സ്ത്രീയായും ചരിത്രം രണ്ട് തരത്തിൽ ഇവരെ വിലയിരുത്തുകയുണ്ടായി. എന്ത തന്നെയായാലും പകർച്ചവ്യാധിക്കെതിരായ പ്രതിരോധ പ്രവർത്തനത്തിൽ "ടൈഫോയിഡ് മേരി" എന്ന മേരി മെലൻ്റെ കേസ് വലിയൊരു മുതൽക്കൂട്ട് തന്നെയായിരുന്നു.
കടപ്പാട്: