കോഴിക്കോട്: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ കോഴിക്കോടും ഇടുക്കിയിലും നിയന്ത്രണങ്ങള്‍ കർശനമാക്കി ജില്ലാ കളക്ടർ.കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ബീച്ചുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും നദീതീരം-ജലാശയങ്ങളിലേക്കുമുള്ള പ്രവേശനവും വിലക്കി.
മലയോര മേഖലകളിലേക്കും ചുരം പ്രദേശങ്ങളിലേക്കുമുള്ള രാത്രി യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്വാറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താനും കളക്ടര്‍ ഉത്തരവിട്ടു. പൂനൂര്‍ പുഴ, മാഹിപ്പുഴ, കുറ്റ്യാടിപ്പുഴ, ചാലിയാര്‍, ചെറുപുഴ എന്നിവയിലെ ജലനിരപ്പ് അപകട നിലയിലെത്തിയതിനാല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്