Spread the love

ഒരേസമയം ആകാശം തൊടുന്ന അജയ്യതയും മണ്ണിൽ തൊടുന്ന വിനയവുമാണ് രവീന്ദ്രൻ മാഷിന്റെ സംഗീതത്തിന്റെ സവിശേഷതയെന്ന് ആരോ എവിടെയോ എഴുതിയതോർമ്മയുണ്ട്.
മാഷ് സൃഷ്ടിച്ച ഓരോ ഈണങ്ങളും കേൾക്കുമ്പോൾ അത് സത്യമാണെന്ന് മനസ്സിലാവും.വടക്കുംനാഥൻ എന്ന ചിത്രത്തിലെ ഗംഗേ എന്ന ഗാനത്തിന്റെ ഈണവും ഏയ് ഓട്ടോ എന്ന ചിത്രത്തിലെ സുന്ദരീ..സുന്ദരീ ഒന്നൊരുങ്ങിവാ എന്ന ഈണവും മേൽപ്പറഞ്ഞതിന് ഉത്തമ ഉദാഹരണങ്ങളാണ്.
1943ൽ കുളത്തൂപുഴയിൽ ജനനം. ചെറുപ്പത്തിലേ സംഗീതത്തിനോടുണ്ടായിരുന്ന
താല്പര്യം കാരണം 1960ൽ സ്വാതി
തിരുന്നാൾ സംഗീതകോളേജിൽ ചേർന്നു. അവിടെ വച്ചാണ് കുളത്തൂപുഴ രവി യേശുദാസുമായി സൗഹൃദത്തിലാവുന്നത്.1968ൽ കൈയ്യിൽ അവശേഷിച്ചിരുന്ന പണവുമായി  മനസ്സ് നിറയെ പ്രതീക്ഷകളുമായി
അക്കാലത്തെ സിനിമാക്കാരുടെ
സ്വപ്നലോകമായ മദ്രാസിലേക്ക്..
ഗായകനായി തുടങ്ങിയ സംഗീതജീവിതം ജീവിതം അധികം നീണ്ടുനിന്നില്ല.അവസരം കുറഞ്ഞതോടെ ഡബ്ബിങ്ആർട്ടിസ്റ്റായും അദ്ദേഹം വേഷമണിഞ്ഞു.യേശുദാസുമായുള്ള സൗഹൃദമാണ് അദ്ദേഹത്തിന്റെ സംഗീതജീവിതത്തിന് വഴിത്തിരിവായത്. യേശുദാസിന്റെ ശുപാർശപ്രാകാരം1979ൽ പുറത്തു വന്ന ചൂള എന്ന സിനിമയിൽ സംവിധായകൻ ശശികുമാർ
അവസരം കൊടുക്കുമ്പോൾ വിചാരിച്ചു കാണില്ല പില്ക്കാലത്തു എല്ലാവരും വാഴ്ത്തിയ രവീന്ദ്രസംഗീതം എന്ന പ്രയോഗത്തിന്റെ
തുടക്കമാണ് അവിടെ ആരംഭിക്കുന്നതെന്ന്.
അങ്ങനെ സത്യൻഅന്തിക്കാടിന്റെയും പൂവച്ചൽ ഖാദറിന്റെയും വരികൾക്ക് സംഗീതം പകർന്ന്കൊണ്ട് കുളത്തൂപ്പുഴ രവി തന്റെ ജീവിതനിയോഗത്തെ സ്വീകരിച്ചു.രവീന്ദ്രൻ എന്ന പേര് മതിയെന്ന് നിർദേശിച്ചതും ആത്മസുഹൃത്തായ യേശുദാസായിരുന്നു.
മൂന്നാമത്തെ ചിത്രമായ താരാട്ട് പുറത്തു വന്നതോടെ രവീന്ദ്രസംഗീതം മലയാളചലച്ചിത്രസംഗീതലോകമാകെ അലയടിച്ചു.താരാട്ടിലെ യേശുദാസും ജാനകിയും അവിസ്മരണീയമാക്കിയ “രാഗങ്ങളെ..മോഹങ്ങളേ” എന്ന ഗാനം വൻഹിറ്റായിരുന്നു.
അവിടുന്നങ്ങോട്ട് രവീന്ദ്രസംഗീതം അനശ്വരമാക്കിയ എത്രയെത്ര ഗാനങ്ങൾ..
യേശുദാസിന്റെയും ജാനകിയമ്മയുടെയും ചിത്രയുടെയും എംജിശ്രീകുമാറിന്റെയും ജയചന്ദ്രന്റേയും വേണുഗോപാലിന്റേയുമൊക്കെ മനോഹരശബ്ദത്തിലൂടെ പുറത്തുവന്ന നാദവിസ്മയങ്ങൾ..പറഞ്ഞാലും എഴുതിയാലും തീരാത്ത അത്രയും..
യേശുദാസുമായി സഹോദരതുല്യമായ ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. രവീന്ദ്രൻമാഷിന്റെ ഗാനങ്ങൾ കൂടുതലും പുറത്തുവന്നത് ഗന്ധർവ്വശബ്ദത്തിലായിരുന്നു. കാലത്തിനതീതമായി ആ ഗാനങ്ങൾ ഇന്നും ആസ്വാദകരുടെ നിമിഷങ്ങൾ അപഹരിക്കുന്നു.
യേശുദാസിന് പഴയതുപോലെ പാടാൻ കഴിയുന്നില്ല എന്ന് പറഞ്ഞവർക്കുള്ള മറുപടിയായിരുന്നു ആറാംതമ്പുരാനിലെ ഹരിമുരളീരവം എന്ന ഗാനം.ഒരു അഭിമുഖത്തിൽ അദ്ദേഹം തന്നെ അത് തുറന്നു
പറഞ്ഞു.അതുപോലെ ദാസേട്ടന് നൽകിയ മറ്റൊരു സമ്മാനമായിരുന്നു വടക്കുംനാഥൻ എന്ന ചിത്രത്തിലെ ഗംഗേ എന്ന ഗാനവും.
രണ്ട് ഗാനങ്ങളും യേശുദാസിന്റെ സംഗീതജീവിതത്തിലെ അമൂല്യങ്ങളായ ഗാനങ്ങളായി.ഗായികമാരിൽ ഏറ്റവും അധികം ഗാനങ്ങൾ ആലപിച്ചത് ചിത്രയായിരുന്നു.
അദ്ദേഹത്തിന്റെ സിനിമാഗാനങ്ങളുടെ പോലെതന്നെ മലയാളി മാറോടണച്ച മറ്റൊരു ഗാനമുണ്ട്.ഏതൊരു മലയാളിയുടെ ചുണ്ടിലും
മനസ്സിലും തത്തിക്കളിക്കുന്ന ഒരുഗാനം..
വസന്തഗീതങ്ങൾ എന്ന ആൽബത്തിന് വേണ്ടി രവീന്ദ്രൻമാഷ് ഒരുക്കിയ “മാമാങ്കം പലകുറി കൊണ്ടാടി” എന്ന ഗാനം ഇന്നും മൂളാത്തവർ വിരളമായിരിക്കും.
ഹരിമുരളീരവവും ഏഴുസ്വരങ്ങളും പ്രമദവനവും രാമകഥാഗാനലയവും ശ്രീവിനായകവും ദേവസഭാതലവുമൊക്കെ പോലെ ക്‌ളാസിക്കൽ സംഗീതത്തിന്റെ അങ്ങേയറ്റം കാണിച്ചു തന്ന ഗാനങ്ങൾ മാത്രമല്ല അഴകേ നിൻ മിഴിനീർമണികളും കണ്ടു ഞാൻ മിഴികളിലും ഗോപികാവസന്തവും എന്തിനു വേറൊരു സൂര്യോദയവും പോലെ പ്രണയാർദ്രമായ ഗാനങ്ങളും വാവാ മനോരഞ്ജിനിയും ചമ്പക്കുളംതച്ചനും രാമായണകാറ്റും ആനക്കെടുപ്പതും പോലെയുള്ള വേഗത കൂടിയ ഗാനങ്ങളും ഇന്നുമെന്റെ കണ്ണുനീരിലും ആത്മാവിൻപുസ്തകത്താളിലും വികാരനൗകയുമായും തംബുരു കുളിർചൂടിയോ
എന്ന ഗാനങ്ങളുടെ പോലെ മനസ്സിനെ ആർദ്രമാക്കുന്ന ഗാനങ്ങളുമെല്ലാം രവീന്ദ്രൻമാഷ് അവിസ്മരണീയമാക്കി.
അദ്ദേഹത്തിന്റെ എല്ലാ ഗാനങ്ങളും സന്ദർഭത്തോട് ഇഴുകിചേർന്നതായിരുന്നു.
ഗാനരംഗങ്ങളിൽ അഭിനയിക്കുന്നവരുടെയെല്ലാം വികാരങ്ങൾ പ്രേക്ഷകനെ കീഴ്‌പ്പെടുത്തി. അവരുടെ സന്തോഷവും ദുഃഖവും പ്രണയവുമെല്ലാം സമാനതകളില്ലാത്ത ഈണങ്ങളിലൂടെ അദ്ദേഹം ശ്രോതാവിന്റെ മനസ്സിലേക്ക് പകർത്തി.ചിട്ടപെടുത്തിയ ഓരോ
ഗാനങ്ങളും കേൾക്കുമ്പോൾ നമുക്കത് അനുഭവിച്ചറിയാം.
രവീന്ദ്രസംഗീതം ധന്യമാക്കിയ പാട്ടുകളിൽ ഏറ്റവും ഇഷ്ടമുള്ള ഗാനം തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ബുദ്ധിമുട്ടാണ്.എല്ലാഗാനങ്ങളും പ്രിയതരങ്ങളാണ്..എങ്കിലും കുറച്ചേറെ ഇഷ്ടമുള്ള ഗാനങ്ങളുണ്ട്.
നീലകുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
പുലർകാലസുന്ദര
ഇരുഹൃദയങ്ങളിൽ
എന്തിന് വേറൊരു സൂര്യോദയം
കണ്ടു ഞാൻ മിഴികളിൽ
ഇന്നുമെന്റെ കണ്ണുനീരിൽ
അഴകേ നിൻ മിഴിനീർമണികൾ
രാഗങ്ങളെ മോഹങ്ങളേ
പുലരിവിരിയും മുൻപേ
ഗോപികാവസന്തം
ഗോപാംഗനെ
ആദ്യവസന്തമേ
സായന്തനം
മകളേ പാതിമലരെ
കടലറിയില്ല
ശരപ്പൊളി മാലചാർത്തി
വിണ്ണിലെ ഗന്ധർവ്വൻമാർ വരെ കൊതിക്കുന്ന
ഈണങ്ങൾ കൊണ്ട് വസന്തം തീർത്ത അതുല്യപ്രഭാവത്തിന് മുന്നിൽ സാഷ്ടാംഗപ്രണാമം..

Leave a Reply