പ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിച്ചത് 72,666 കുട്ടികൾ. ഇതിൽ 67,807 പേർ നേരത്തേയപേക്ഷിച്ചിട്ടും അലോട്ട്മെന്റിൽ ഉൾപ്പെടാത്തതിനാൽ അപേക്ഷ പുതുക്കിയവരാണ്. 4,859 അപേക്ഷ പുതുതായി ലഭിച്ചു. അപേക്ഷ നൽകാനുള്ള സമയപരിധി ശനിയാഴ്ച വൈകീട്ട് വരെയായിരുന്നു. ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് അടുത്തയാഴ്ച .
അലോട്മെന്റിനുള്ള മെറിറ്റ് സീറ്റുകൾ 50,816. അപേക്ഷകരുടെ എണ്ണം പരിഗണിക്കുമ്പോൾ 21,850 സീറ്റുകളുടെ കുറവ്. എന്നാൽ, മാനേജ്‌മെന്റ് ക്വാട്ട, അൺഎയ്ഡഡ് വിഭാഗങ്ങളിലായി 40,000 ത്തിൽ അധികം സീറ്റുകൾ മിച്ചമുണ്ട്. പ്ലസ്‌വൺ പ്രവേശനം തുടങ്ങിയപ്പോഴുള്ള അപേക്ഷകരുടെ എണ്ണവും സീറ്റുകളുമായി വലിയ വ്യത്യാസമാണുള്ളത്. സപ്ലിമെന്ററി ഘട്ടം എത്തിയപ്പോഴിതു വൻതോതിൽ കുറഞ്ഞു. അപേക്ഷകരിൽ ലക്ഷത്തിലധികംപേർ വൊക്കേഷണൽ ഹയർസെക്കൻഡറി, ഐ.ടി.ഐ., പോളിടെക്‌നിക് കോഴ്‌സുകളിൽ ചേർന്നതിനാലാണിത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അപേക്ഷകരുടെ എണ്ണവും മെറിറ്റ് സീറ്റുകളും തമ്മിൽ കാര്യമായ അന്തരമില്ല.