Spread the love
️ലക്ഷ്യം ‘പെട്രോൾ മുക്ത് ഭാരത്’; അഞ്ച് വർഷത്തിനകം രാജ്യത്തുനിന്ന് പെട്രോൾ നീക്കം ചെയ്യുമെന്ന് മന്ത്രി

മലിനീകരണമില്ലാത്ത ഗതാഗത സംവിധാനങ്ങള്‍ ഉറപ്പാക്കുക എന്ന വലിയ ലക്ഷ്യത്തിന് പിന്നാലെയാണ് രാജ്യമെന്ന് മന്ത്രി നിതിൻ ഗഡ്കരി. ഇതിനായി ഇലക്ട്രിക്, സി.എന്‍.ജി തുടങ്ങിയവ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ പെട്രോള്‍ ഉപയോഗം പൂര്‍ണമായും അവസാനിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ പെട്രോള്‍ ശേഖരം പൂര്‍ണമായും അവസാനിക്കും. ഇതിനുശേഷം രാജ്യത്ത് ഫോസില്‍ ഫ്യുവല്‍ നിരോധിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

മഹാരാഷ്ട്രയിലെ അകോലയിൽ വ്യാഴാഴ്ച ഡോ. പഞ്ചാബ്റാവു ദേശ്മുഖ് കൃഷി വിദ്യാപീഠ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ അദ്ദേഹത്തിന് ഓണററി ഡോക്ടർ ഓഫ് സയൻസ് ബിരുദം നൽകി ആദരിച്ചു. ഫോസില്‍ ഫ്യുവല്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ കുറയ്ക്കുകയെന്ന ഉദ്യമത്തിന് കൂടുതല്‍ കരുത്തേകുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

ഹൈഡ്രജന്‍, എഥനോള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള മറ്റ് ഗ്രീന്‍ ഫ്യുവല്‍സിന്റെ ഉപയോഗത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് വാഹനങ്ങള്‍ സി.എന്‍.ജി, എല്‍.എന്‍.ജി, എഥനോള്‍ തുടങ്ങി ഗ്രീന്‍ ഫ്യുവല്‍സിലേക്ക് മാറും.

‘രാജ്യത്ത് വരാനിരിക്കുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ പെട്രോള്‍ പൂര്‍ണമായും നീക്കം ചെയ്യപ്പെടും. സി.എന്‍.ജി, എല്‍.എന്‍.ജി, എഥനോള്‍ തുടങ്ങിയ മറ്റ് ഗ്രീന്‍ ഫ്യുവല്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളായിരിക്കും ഇനി നിരത്തിലിറങ്ങുക’-നിതിന്‍ ഗഡ്കരി പറഞ്ഞു. മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ ഉത്പാദിപ്പിക്കുന്ന ജൈവ എത്തനോള്‍ ആണ് നിലവില്‍ വാഹനങ്ങളില്‍ കൂടുതലായും ഉപയോഗിക്കപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കാർഷിക വളർച്ച 12 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്താൻ കൃഷി ഗവേഷകരോടും വിദഗ്ധരോടും ഗഡ്കരി അഭ്യർഥിച്ചു. മഹാരാഷ്ട്രയിലെ കർഷകർ വളരെ കഴിവുള്ളവരാണ്. പുതിയ ഗവേഷണവും സാങ്കേതികവിദ്യയും ഉപയോഗിച്ച് അവരെ നയിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു. കര്‍ഷകര്‍ ഭക്ഷണം നല്‍കുന്ന ആളുകള്‍ മാത്രമായിരിക്കില്ല, ഊര്‍ജദാതാക്കള്‍ കൂടി ആയി മാറുകയാണെന്നും മഹാരാഷ്ട്രയുടെ സംഭാവനയില്ലാതെ രാജ്യത്തിന് വളരാന്‍ സാധിക്കില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Leave a Reply