Spread the love
️സൗദിയിൽ കുട്ടികളെ മുൻസീറ്റിൽ ഇരുത്തിയാൽ 500 റിയാൽ പിഴ

റിയാദ്: ഇളംപ്രായത്തിലുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തുന്നത് 300 റിയാൽ മുതൽ 500 റിയാൽ വരെ പിഴ ലഭിക്കുന്ന നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. കുട്ടികളെ പ്രത്യേക ബേബി സീറ്റുകളിൽ ഇരുത്തുകയാണ് വേണ്ടത്. മുൻവശത്തെ സീറ്റിൽ ബന്ധുക്കൾക്കൊപ്പം ഇരിക്കാൻ കുട്ടികളെ അനുവദിക്കരുത്. കുട്ടികൾക്കൊപ്പം ഇരിക്കൽ നിർബന്ധമാണെങ്കിൽ കുട്ടിയെ ബേബി സീറ്റിൽ ഇരുത്തി യാത്രക്കാർക്ക് പിൻവശത്തെ സീറ്റ് ഉപയോഗിക്കാവുന്നതാണെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.

മുലകുടി പ്രായത്തിലുള്ള കുട്ടി ഉമ്മക്കൊപ്പം മുൻസീറ്റിൽ ഇരിക്കുന്നത് പിഴ ലഭിക്കുന്ന നിയമ ലംഘനമാണോ എന്ന് ആരാഞ്ഞ് സൗദി പൗരന്മാരിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.
പത്തു വയസിൽ കുറവ് പ്രായമുള്ള കുട്ടികളെ ഒറ്റക്ക് വാഹനത്തിൽ ഉപേക്ഷിക്കുന്നതും 300 റിയാൽ മുതൽ 500 റിയാൽ വരെ പിഴ ലഭിക്കുന്ന നിയമ ലംഘനമാണ്.

കുട്ടികൾ രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണ്. ഒപ്പം ആളില്ലാതെ കുട്ടികളെ ഒറ്റക്ക് വാഹനത്തിൽ ഉപേക്ഷിക്കാൻ പാടില്ലെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
സൗദിയിൽ 12 ഗതാഗത നിയമ ലംഘനങ്ങൾക്ക് 300 റിയാൽ മുതൽ 500 റിയാൽ വരെ പിഴ ലഭിക്കും. മെയിൻ റോഡുകളിൽ അടിയന്തിര സാഹചര്യങ്ങളിൽ വാഹനങ്ങൾ നിർത്തുമ്പോൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാതിരിക്കൽ, മാലിന്യങ്ങൾ വാഹനത്തിൽ നിന്ന് പുറത്തേക്കെറിയൽ, വാഹന ഗതാഗതം തടസ്സപ്പെടുത്തുന്ന നിലക്ക് വളരെ സാവകാശം വാഹനമോടിക്കൽ, ഡ്രൈവിംഗിനിടെ ശ്രദ്ധ തിരിയുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടൽ, അനിവാര്യ സാഹചര്യങ്ങളിലല്ലാതെ സഡൻ ബ്രേക്ക് ചെയ്യൽ, ഇന്റർസെക്ഷനുകളിൽ വാഹന ഗതാഗത ക്രമീകരണങ്ങൾ പാലിക്കാതിരിക്കൽ, റോഡിൽ പ്രത്യേകം നിർണയിച്ച ട്രാക്കുകളുടെ പരിധികൾ പാലിക്കാതിരിക്കൽ,

ഡ്രൈവിംഗിനിടെ വാഹനത്തിനകത്തെ സൗണ്ട് സിസ്റ്റങ്ങൾ ഉപയോഗിച്ച് ഉച്ചത്തിൽ ശബ്ദമുണ്ടാക്കൽ-പൊതുസംസ്‌കാരത്തിനും മര്യാദക്കും നിരക്കാത്ത പ്രവർത്തനങ്ങൾ നടത്തൽ, കാലാവധി തീർന്ന ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കൽ, കുട്ടികൾക്കുള്ള ബേബി സീറ്റുകൾ ഉപയോഗിക്കാതിരിക്കൽ, ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാതെ ഇറക്കങ്ങളിൽ വാഹനം പാർക്ക് ചെയ്യൽ, മുതിർന്ന ആൾ ഒപ്പമില്ലാതെ പത്തിൽ കുറവ് പ്രായമുള്ള കുട്ടികളെ വാഹനത്തിൽ ഒറ്റക്കാക്കൽ എന്നീ നിയമ ലംഘനങ്ങൾക്കാണ് 300 റിയാൽ മുതൽ 500 വരെ പിഴ ലഭിക്കുക.

Leave a Reply