മേലാറ്റൂർ: മേലാറ്റൂർ റെയിൽവേസ്റ്റേഷനിലെ പ്ലാറ്റ്ഫോം നീളംകൂട്ടുന്നതിനായി റെയിൽവേ 44 ലക്ഷം രൂപ അനുവദിച്ചു. നിലവിൽ 16 കോച്ചുകളുള്ള തീവണ്ടിയടക്കം ഷൊർണൂർ-നിലമ്പൂർ പാതയിൽ സർവീസ് നടക്കുന്നുണ്ട്.
എന്നാൽ മേലാറ്റൂർ റെയിൽവേസ്റ്റേഷനിൽ 12 കോച്ചുകൾക്കുള്ള പ്ലാറ്റ്ഫോമാണുള്ളത്. അതുകൊണ്ടുതന്നെ തീവണ്ടി പ്ലാറ്റ്‌ഫോമിൽ നിർത്തുമ്പോൾ നാലു കോച്ചുകളിൽ നിന്ന് യാത്രക്കാർക്ക് ഇറങ്ങാനോ കയറാനോ കഴിയാറില്ല.
പ്ലാറ്റ്ഫോമിന് ആവശ്യത്തിന് നീളമില്ലാത്തിനാൽ അവസാന കംപാർട്ട്‌മെന്റിലുള്ള യാത്രക്കാർ താഴ്‌ചയിലേക്ക് ഇറങ്ങേണ്ട ഗതികേടിലാണിപ്പോൾ. പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്നാശ്യപ്പെട്ട് ബി.ജെ.പി. മേലാറ്റൂർ പഞ്ചായത്ത് കമ്മിറ്റി എം.പി. ആയിരുന്ന സുരേഷ് ഗോപിക്ക് നിവേദനം നൽകിയിരുന്നു.