കൊച്ചി: കടലാസ് രഹിത ഹൈക്കോടതി പദ്ധതിയുടെ ആദ്യ ഘട്ടം ഓഗസ്റ്റ് ഒന്നു മുതൽ നടപ്പാക്കി തുടങ്ങും. ആദ്യ ഘട്ടത്തിൽ ജാമ്യ ഹർജികളും നികുതിയുമായി ബന്ധപ്പെട്ട ഹർജികളും പരിഗണിക്കുന്ന കോടതി കടലാസ് രഹിതമാക്കും.
ഓഗസ്റ്റ് ഒന്നു മുതലാണ് കടലാസ് രഹിത ഹൈക്കോടതി എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ഘട്ടം ആരംഭിക്കുക. പ്രാരംഭഘട്ടത്തിനു ശേഷം പടിപടിയായി പദ്ധതി പൂർണ്ണമായി നടപ്പാക്കും. രണ്ട് സിംഗിൾ ബെഞ്ചുകളും നികുതിയുമായി ബന്ധപ്പെട്ട അപ്പീൽ പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ചുമാണ് ഒന്നാം തീയതി മുതൽ കടലാസ് രഹിതമാകുന്നത്.
ജസ്റ്റീസ് പി ഗോപിനാഥ്, ജസ്റ്റീസ് വിജു എബ്രഹാം, എന്നിവരുടെ ബെഞ്ചായിരിക്കും കടലാസ് രഹിത ഹർജികൾ പരിഗണിക്കുക. ജസ്റ്റിസ് എസ് വി ഭാട്ടിയും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷൻ ബഞ്ച് അപ്പീൽ പരിഗണിക്കും. ഹൈക്കോടതി നടപടികൾ പൂർണ്ണമായും കടലാസ് രഹിതമാക്കുന്ന തിന്നുള്ള പ്രാരംഭ ഘട്ടത്തിനാണ് ഇതോടെ തുടക്കമാകുക.
കടലാസ് രഹിത ഹൈക്കോടതിയുടെ ഭാഗമായി നേരത്തെ ചീഫ് ജസ്റ്റിസിന്റേത് അടക്കം ആറ് കോടതികളിൽ സ്മാർട്ട് കോടതിമുറിയൊരുക്കിയിരുന്നു.