Spread the love

കോഴിക്കോട്∙ സംരക്ഷിത വിഭാഗത്തിൽപെട്ട ഇരുതല മൂരി പാമ്പിനെ കടത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥൻ കൂട്ട്; അതിന് കൈക്കൂലി 1.45 ലക്ഷം രൂപ. കള്ളത്തടി കടത്താനുപയോഗിച്ച ലോറി വിട്ടു കൊടുക്കാൻ 35,000 രൂപ കൈക്കൂലി. കൈവശ ഭൂമിയിലെ റബ്ബർ വെട്ടാൻ അര ലക്ഷം രൂപയും തടിമില്ലിന്റെ ലൈസൻസ് പുതുക്കാൻ 3000 രൂപയും കൈക്കൂലി. ഇങ്ങനെ വ്യാപകമായി കൈക്കൂലി പിരിച്ച തിരുവനന്തപുരം പരുത്തിപ്പള്ളി റേഞ്ച് ഫോറസ്റ്റ് ഓഫിസർക്കും ഡ്രൈവർക്കും അടിയന്തര സസ്പെൻഷൻ.

റേഞ്ച് ഓഫിസർ എൽ.സുധീഷ് കുമാർ, ഡ്രൈവർ ആർ.ദീപു എന്നിവരെയാണ് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്െപൻഡ് ചെയ്തത്. മുമ്പ് അന്വേഷണ വിധേയമായി സുധീഷിനെ പരുത്തിപ്പള്ളിയിൽ സ്ഥലംമാറ്റിയിരുന്നെങ്കിലും സംഘടനാ നേതൃത്വം ഇടപെട്ട് മണിക്കൂറുകൾക്കുള്ളിൽ ഇയാളെ പരുത്തിപ്പള്ളിയിൽ തന്നെ നിയമിച്ചത് വിവാദമായിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിൽ തുടരന്വേഷണം നടത്തിയ വനം ഫ്ളയിങ് സ്ക്വാഡ് ഏറെ ഗുരുതരമായ കണ്ടെത്തലുകളാണ് നടത്തിയത്.

ഇരുതലമൂരിയെ കടത്താൻ ഉപയോഗിച്ച ടൊയോട്ട ക്വാളിസ് വാഹനം വിട്ടു കൊടുക്കാൻ പ്രതിയുടെ ബന്ധുക്കളിൽ നിന്ന് ഒരു ലക്ഷം രൂപയാണ് റേഞ്ച് ഓഫിസർ കൈക്കൂലി വാങ്ങിയത്. സുധീഷ് കുമാറിന് നേരിട്ടും സുഹൃത്തുക്കളുടെ ഗൂഗിൾപേ നമ്പറുകളിലേക്കുമാണ് പണം നൽകിയത്. ആര്യനാട് ഭാഗത്തു നിന്നു പിടികൂടിയ തടി കയറ്റിയ ലോറി വിട്ടു കൊടുക്കുന്നതിനും തോക്ക് ലൈസൻസ് പുതുക്കുന്നതിനും ഇതേ രീതിയിൽ കൈക്കൂലി പറ്റിയിട്ടുണ്ട് .കേസുകൾ ഒതുക്കിത്തീർക്കുന്നതിന് റേഞ്ച് ഓഫിസറുടെ ഇടനിലക്കാരനായി പ്രവർത്തിച്ചത് ദീപുവാണെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

Leave a Reply