ഹൈബ്രിഡ് ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്കെതിരെ കേസ് പുരോഗമിക്കുന്നതിനിടയിൽ സിനിമ മേഖലയെ ഞെട്ടിച്ചുകൊണ്ട് ഇന്ന് പുലർച്ചെ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ കൂടി എക്സൈസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇരുവരെയും പോലീസ് ജാമ്യത്തിൽ വിട്ടയച്ചെങ്കിലും സിനിമ മേഖല പ്രത്യേകിച്ചും യുവ നടന്മാരും സാങ്കേതിക പ്രവർത്തകരും ലഹരിയുടെ പിടിയിലെന്ന വാദം ഇതോടെ ശക്തമാവുകയാണ്. ഇപ്പോഴിതാ ഇത്തരം ലഹരി ഉപയോഗങ്ങൾ സിനിമാ സംഘടനകൾ മുളയിലെ നുള്ളിയിരുന്നെങ്കിൽ ഇത്രയ്ക്ക് ശക്തമാവുകയില്ലായിരുന്നു എന്നും ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസിയടക്കം 10 പേരെ സിനിമയിൽ നിന്നും മാറ്റി നിർത്തിയാൽ എല്ലാത്തിനും പരിഹാരം ഉണ്ടാകും എന്നും പറയുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര.
ആരോപണ വിധേയരായ സംവിധായകർ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസക്കുമെതിരെ വലിയ നടപടികളൊന്നും ഉണ്ടാകാൻ സാധ്യതയില്ല എന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്. സിനിമയിൽ ഇത്തരത്തിൽ വ്യാപകമായി ലഹരി ഉപയോഗമുണ്ടെന്ന് നാളുകളായി പറയുന്നതാണെന്നും പിടിയിലായ ഷൈൻ ടോം ചാക്കോ തന്നെ ചിലരുടെ പേരുകൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നും കൊട്ടാരക്കര പറയുന്നു.സിനിമാ കുടുംബത്തിലെ പ്രമുഖ നടനും അയാളുടെ ഭാര്യയും ഇതുപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നത്. അപ്പോൾ ഇതിന്റെ ആഴം എത്രത്തോളം ഉണ്ടെന്ന് വ്യക്തമായി അറിയാം.
സിനിമ സെറ്റുകളിൽ പരിശോധന എന്നത് കാലങ്ങളുടെ ആവശ്യമാണെന്നും എന്നാൽ ഇത് ആദ്യം എതിർത്തത് സംവിധായകരുടെ സംഘടനയായ ഫെഫ്ക ആണെന്നും ബൈജു കൊട്ടാരക്കര ചൂണ്ടിക്കാണിക്കുന്നു. പിന്നാലെ ഇത് നിർമാതാക്കളും എതിർക്കുന്ന സ്ഥിതി ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഇതെല്ലാം വിസ്മരിച്ച് സംഘടനകൾ സെറ്റുകളിൽ പരിശോധന ആവശ്യപ്പെടുകയാണ്. മുളയിലെ ലഹരി ഉപയോഗം നുള്ളിയിരുന്നെങ്കിൽ സിനിമയിൽ ഇത് ഇത്ര വ്യാപകമാവുകയില്ലായിരുന്നുവെന്നും ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടി.
കുറേക്കാലം മുന്നേ മലയാളത്തിൽ കഞ്ചാവിനെ വെച്ച് ഒരു സിനിമ വരെ ഉണ്ടായിരുന്നുവെന്നും പലരും ഒളിവിലും മറവിലും ലഹരി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.