തിരുവനന്തപുരം: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ 2021-22 വർഷത്തെ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒന്നാംവർഷ ബിരുദ വിദ്യാർഥികൾക്ക് ഈ അധ്യയനവർഷം 1000 സ്കോളർഷിപ്പുകൾ ലഭ്യമാകും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.kshec.kerala.gov.inൽ. ജനുവരി 10നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷയുടെ പകർപ്പ് ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്/രേഖകളുടെ ശരിപ്പകർപ്പുകൾ സഹിതം പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.
കേരളത്തിലെ സർക്കാർ/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഐ.എച്ച്.ആർ.ഡിയുടെ അപ്ലൈഡ് സയൻസ് കോളജുകളിൽ സമാന ബിരുദ കോഴ്സുകളിൽ ഒന്നാം വർഷം പഠിക്കുന്നവരെയും പരിഗണിക്കും. പ്രഫഷനൽ കോഴ്സുകളിലെ വിദ്യാർഥികൾ അപേക്ഷിക്കേണ്ടതില്ല.
പ്ലസ്ടു/യോഗ്യത പരീക്ഷയിൽ പട്ടികവർഗ വിദ്യാർഥികൾക്ക് പാസ്മാർക്ക് മതി. പട്ടികജാതി വിദ്യാർഥികൾക്ക് സയൻസ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ് വിഷയങ്ങൾക്ക് 55 ശതമാനം .ബിസിനസ് സ്റ്റഡീസിന് 60 ശതമാനം. ഭിന്നശേഷിക്കാർക്ക് എല്ലാ വിഷയങ്ങൾക്കും 45 ശതമാനം മാർക്ക് മതി. ബി.പി.എൽ, ഒ.ബി.സി വിഭാഗങ്ങൾക്ക് സയൻസ് 60 ശതമാനം. ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് 55 ശതമാനം. ബിസിനസ് സ്റ്റഡീസ് 65 ശതമാനം. പൊതുവിഭാഗം വിദ്യാർഥികൾക്ക് സയൻസ്, ബിസിനസ് സ്റ്റഡീസിന് 75 ശതമാനം, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ് വിഷയങ്ങൾക്ക് 60 ശതമാനം മാർക്ക് വേണം. സ്കോളർഷിപ്പിന് തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് കൗൺസിലിെൻറ വെബ്സൈറ്റിൽ യഥാസമയം പ്രസിദ്ധപ്പെടുത്തും. 50 ശതമാനം സ്കോളർഷിപ്പുകൾ പൊതുവിഭാഗത്തിൽപെടുന്ന വിദ്യാർഥികൾക്കാണ്.
മറ്റു വിഭാഗങ്ങൾ: എസ്.സി/എസ്.ടി 10 ശതമാനം, ബി.പി.എൽ 10, ഒ.ബി.സി 27, ഫിസിക്കലി ചലഞ്ച്ഡ് മൂന്നു ശതമാനം. ബിരുദപഠനത്തിന് ഒന്നാം വർഷം 12,000 രൂപ, രണ്ടാം വർഷം 18,000 രൂപ, മൂന്നാം വർഷം 24,000 രൂപ, പി.ജി തുടർപഠനത്തിന് ഒന്നാംവർഷം 40,000 രൂപ, രണ്ടാം വർഷം 60,000 രൂപ എന്നിങ്ങനെയാണ് സ്കോളർഷിപ് തുക. ഈ വർഷം സ്കോളർഷിപ് ലഭിക്കുന്ന വിദ്യാർഥികളുടെ അക്കാദമിക് മികവ് വിലയിരുത്തിയാവും തുടർവർഷങ്ങളിലേക്കുള്ള സ്കോളർഷിപ്പിന് പരിഗണിക്കുക. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.