സംസ്ഥാന സര്‍ക്കാരിന്റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായി ദീപമോള്‍. ഇതോടെ സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ വനിത ഡ്രൈവറെന്ന നേട്ടം സ്വന്തം പേരിലാക്കുകയാണ് ഈ കോട്ടയം മേമുറി സ്വദേശിനി. രാജ്യത്ത് വളരെ ചുരുക്കം വനിതകള്‍ മാത്രമാണ് ട്രാവലര്‍ ആംബുലന്‍സുകള്‍ ഓടിക്കുന്നത്. ആംബുലന്‍സ് ഡ്രൈവര്‍ ആകണമെന്ന ആഗ്രഹം അറിയിച്ച ദീപമോള്‍ക്ക് സര്‍ക്കാര്‍ അവസരം ഒരുക്കി നല്‍കുകയായിരുന്നു. ഡ്രൈവിങ് സ്‌കൂള്‍ അധ്യാപികയായും, ടിപ്പര്‍ ലോറി ഡ്രൈവറായും, ടാക്സി ഡ്രൈവറായുമൊക്കെ പ്രവർത്തിച്ചിട്ടുണ്ട്. 2008ല്‍ ലൈസന്‍സ് എടുത്ത ദീപമോള്‍ അടുത്ത വര്‍ഷം ഹെവി ലൈസന്‍സും നേടി. ഭര്‍ത്താവ് മോഹനന്റെ ആരോഗ്യപ്രശ്‌നങ്ങളാണ് ഡ്രൈവിങ് മേഖലയില്‍ തുടരാനുള്ള തീരുമാനത്തിലേക്ക് ദീപയെ നയിച്ചത്. നാളെ രാവിലെ 10.45ന് ആരോഗ്യ-വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് ദീപമോള്‍ക്ക് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറും. സെക്രട്ടറിയേറ്റ് അനക്സ് രണ്ടിന്റെ മുന്‍വശത്ത് വെച്ചാണ് ചടങ്ങ്. ഡ്രൈവിങ് ടെസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളും പരിശീലനവും പൂര്‍ത്തിയാക്കിയാണ് ദീപ ആംബുലന്‍സ് ഡ്രൈവിങ് സീറ്റിലേക്ക് എത്തുന്നത്.