തിരുവനന്തപുരം: കനിവ് 108 ആംബുലൻസ് സര്‍വീസിലേക്ക് ഒരു വർഷത്തിനുള്ളിൽ അഞ്ച് ലക്ഷത്തിലധികം അനാവശ്യ കോളുകളെന്ന് കണക്ക്. ഗ്യാസ് ബുക്ക് ചെയ്യുന്നതിനും മൊബൈൽ റീചാർജ് ചെയ്യുന്നതിനും 108ലേക്ക് നിരവധിപേരാണ് വിളിച്ചത്. അത്യാവശ്യ സര്‍വീസായ 108 ആംബുലൻസിനെ ചിലർ നേരംപോക്കിനായി ദുരയുപയോഗം ചെയ്യുന്നതിന്റെ തെളിവാണിത്.
കാസര്‍കോട് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലകളിലും കനിവ് 108 ആംബുലൻസ് സേവനം ലഭ്യമാണ്. അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കാൻ സംസ്ഥാനത്ത് എവിടെ നിന്നും 108 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെടാം. എന്നാൽ, വലിയ ബുദ്ധിമുട്ടാണ് ഈ അനാവശ്യ കോളുകള്‍ ഉണ്ടാക്കുന്നത് എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ഒരു വർഷത്തിനിടയിൽ 108ലേക്ക് ആകെ വന്ന 9,19,424 കോളുകളിൽ 5,40,571 കോളുകൾ റോങ് നമ്പർ, മിസ് കാൾ, പ്രാങ്ക് കോളുകൾ തുടങ്ങിയ അനാവശ്യ കാളുകളാണ്. 108ലേക്ക് വന്ന മിസ് കാളുകളുടെ എണ്ണം 1,69,792 ആണ്. മാതാപിതാക്കളുടെ ഫോണുകളിൽ നിന്ന് കുട്ടികൾ 108ലേക്ക് വിളിക്കുന്നതും പതിവാണ്. 431 കാളുകൾ വനിതാ ജീവനകാരുൾപ്പടെയുള്ള കണ്ട്രോൾ റൂം ജീവനക്കാരോട് മോശമായി പെരുമാറുന്നവരുടേത് ആയിരുന്നു.
ഇത്തരം അനാവശ്യ കോളുകള്‍ കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ വലുതാണ്. ദരുപയോഗം ചെയ്യുന്നതിന്റെ ഭവിഷ്യത്തുകൾ തിരിച്ച് വിളിച്ച് പറഞ്ഞുകൊടുക്കാറുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. അതിന് ശേഷവും ഇത്തരത്തിൽ കോളുകൾ വന്നാൽ ആ നമ്പറുകൾ താൽകാലികമായി ബ്ലോക്ക് ചെയർമാന് പതിവ്. . ഇത് മൂലം, പിന്നീട് താത്കാലിക ബ്ലോക്ക് മാറുന്നത് വരെ അടിയന്തിരഘട്ടങ്ങളിൽ പോലും 108ലേക്ക് ഈ നമ്പറുകളിൽ നിന്ന് വിളിക്കാൻ കഴിയാതെ വരും.